കൊച്ചി: പരീക്ഷണകാലത്തെ പരീക്ഷയെഴുത്തിനു വരുമ്പോള്‍ എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അമ്പരക്കും, ആശ്വസിക്കും, അവര്‍ക്ക് ആത്മവിശ്വാസംകൂടും. അതിജീവിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് വര്‍ധിക്കും. അവരുടെ സ്കൂള്‍ മതിലിലുണ്ട് കൊറോണ വൈറസ് ലോകത്തുണ്ടാക്കിയ കെടുതിയുടെ ഭയാനകതയും അതിനെ ചെറുക്കുന്ന ബഹുതല പ്രവര്‍ത്തകരുടെ കരുത്തും, പ്രതീക്ഷയുടെ വെണ്‍പിറാവിന്റെ ബലവും.
ലോകഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വെള്ളപ്പിറാവിന്റെ ചിറകില്‍ ആരോഗ്യ-സുരക്ഷാ സന്നദ്ധ പ്രവര്‍ത്തകര്‍ നടത്തുന്ന പോരാട്ടത്തിന്റെ ചിത്രമാണ് ചുവരില്‍. കൊറോണാ പ്രതിരോധ അംബാസിഡര്‍മാര്‍ക്ക് നന്ദിയും അഭിവാദ്യവും അര്‍പ്പിച്ച് വേള്‍ഡ്വൈഡ് ആര്‍ട്ട് മൂവ്മെന്റ് എന്ന സംഘടനയുടെ മുന്നണി ചിത്രകാരന്മാരായ ബാലകൃഷ്ണന് കതിരൂര്‍, ആര്. ജയന്ത് കുമാര്‍, എരൂര്‍ ബിജു, സുഗതന് പനങ്ങാട്, സെബാസ്റ്റ്യന്‍ പൊടുത്താസ്, ഹാരിസ് ബാബു, വി.കെ. തങ്ക കുമാര്‍, ജയകുമാര്‍ കരുണാകരന് എന്നിവര്‍ ചേര്‍ന്നാണ് 800 ചതുരശ്ര അടിയില്‍ പെയിന്റിങ് ഒരുക്കിയത്. മൂന്നുദിവസം കൊണ്ടാണ് ആത്മവിശ്വാസത്തിന്റ ചിറകില്‍ ഇച്ഛാശക്തിയോടെ മുന്നോട്ട് എന്ന ചിത്രം പൂര്‍ത്തിയാക്കിയതെന്ന് ചിത്രകാരന് ബാലകൃഷ്ണന് കതിരൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: