ന്യൂദല്‍ഹി: മഹാമാരിക്കെതിരെ രാഷ്ട്രം ഒറ്റക്കെട്ടായി പോരാടുകയാണ്. ലോകത്തെ വന്‍ ശക്തികള്‍ മുതല്‍ ചെറു ദ്വീപ് രാഷ്ട്രങ്ങള്‍ വരെ കൊറോണ എന്ന ശത്രുവിനു മുന്നില്‍ മുട്ടു കുത്തുമ്പോള്‍ പതറാതെ നിന്ന് പോരാടുകയാണ് 130 കോടി ജനങ്ങളുള്ള ഇന്ത്യ മഹാരാജ്യം.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടിയന്തരമായി പ്രഖ്യാപിക്കേണ്ടിവന്ന ലോക്ക് ഡൗണില്‍ ഗതാഗതവും കച്ചവടവും നിലച്ചതോടെ രാജ്യത്തിന്റെ പലഭാഗത്തും ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇത്തരത്തില്‍ കഷ്ടത നേരിടേണ്ടി വന്ന ജനങ്ങള്‍ക്കിടയില്‍ 7 കോടിയിലധികം ഭക്ഷണപ്പൊതികളാണ് ആര്‍എസ്എസ് വിതരണം ചെയ്തത്.
കൃത്യമായി പറഞ്ഞാല്‍, 7.11 കോടി ഭക്ഷണപ്പൊതികള്‍ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടവര്‍ക്കിടയില്‍ രാജ്യത്തെമ്പാടും ആര്‍എസ്എസ് എത്തിച്ചു. 1.1 കോടി ധാന്യങ്ങള്‍ അടങ്ങിയ നിത്യോപയോഗ സാധന കിറ്റുകളും, 62.81 ലക്ഷം മാസ്കുകളും പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. കൊറോണ ബോധവല്‍ക്കരണത്തിനും ഭക്ഷണ വിതരണത്തിനുമായി 85,701 സേവാ കേന്ദ്രങ്ങള്‍ തുറന്നു. 4,79,949 വോളന്റിയര്‍മാര്‍ മുഴുവന്‍ സമയവും സേവനങ്ങളുടെ ഏകോപനത്തിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയും ചെയ്തു.
39,851 പ്രവര്‍ത്തകര്‍ വിവിധ അടിയന്തര സാഹചര്യങ്ങളിലായി രക്തദാനം നടത്തി. കൂടാതെ 28 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ക്ക് സഹായങ്ങള്‍ എത്തിക്കാനായെന്നും കഴിഞ്ഞദിവസം ആര്‍എസ്എസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
രാഷ്ട്രത്തിലെ ജനങ്ങളെ സേവിക്കുകയാണ് സംഘത്തിന്റെ കര്‍ത്തവ്യമെന്നും കഷ്ടത നേരിടുന്നവരെ സഹായിക്കുന്നത് തുടരണമെന്നും ഏപ്രില്‍ 26 ന് നടത്തിയ അഭിസംബോധനയില്‍ സര് സംഘചാലക് നിര്‍ദേശിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനം മൂലം ഉടലെടുത്തിരിക്കുന്ന അടിയന്തിര സാഹചര്യത്തെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രയത്നങ്ങള്‍ക്കൊപ്പം അണി നിരക്കണമെന്ന് കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സര് കാര്യവാഹ് ഭയ്യാജി ജോഷി പ്രവര്‍ത്തകര്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: