ന്യൂദല്‍ഹി: കൊറോണയെത്തുടര്‍ന്നുണ്ടായ അഞ്ച് മാസത്തെ ഇടവേളയ്ക്കു ശേഷം ‘ഹുനാര്‍ ഹാട്ട്’ 2020 സെപ്റ്റംബറില്‍ ‘പ്രാദേശിക തലത്തില്‍ നിന്ന് ആഗോള തലത്തിലേക്ക്’ എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു.
രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം കരകൗശല വിദഗ്ധര്‍ക്കും കൈത്തൊഴില്‍ വിദഗ്ധര്‍ക്കും പാചക വിദഗ്ധര്‍ക്കും തൊഴിലും തൊഴിലവസരങ്ങളും നല്കുന്ന ‘ഹുനാര്‍ ഹാട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ജനപ്രിയ ബ്രാന്‍ഡായി മാറിയതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള കരകൗശാല വിദഗ്ധര്‍ക്കും കൈത്തൊഴില്‍ വിദഗ്ദര്‍ക്കും തങ്ങളുടെ കഴിവുകള്‍ തേച്ചുമിനുക്കാനുള്ള അവസരവും അതോടൊപ്പം മികച്ച വിപണിയും നല്കുന്ന ഹുനാര്‍ ഹാത്ത് ഇപ്പോള്‍ അപൂര്‍വവും അമൂല്യവുമായ കരകൗശല വസ്തുക്കളുടെ രാജ്യത്തെ ഏറ്റവും വിശ്വസനീയ ബ്രാന്‍ഡായി മാറി.
ലോക്ക്ഡൗണ്‍ കാലം സമര്‍ത്ഥമായി ഉപയോഗിച്ച കരകൗശല വിദഗ്ധരും ശില്‍പ്പികളും തങ്ങളുടെ അപൂര്‍വവും ആകര്‍ഷകവുമായ ഉല്‍പ്പന്നങ്ങള്‍ അടുത്ത ‘ഹുനാര്‍ ഹാട്ടില്‍ ‘ പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം അറിയിച്ചു.
‘ഹുനാര്‍ ഹാട്ട്’ നടക്കുന്ന സ്ഥലത്ത് സാമൂഹിക അകലവും ശുചിത്വവും സാനിറ്റൈസേഷനും മാസ്ക് ഉപയോഗവും ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. ‘ഭയപ്പെടേണ്ടതില്ല. മുന്‍ കരുതലുകള്‍ സ്വീകരിക്കുക’ എന്ന ആശയത്തിന്റെ വെളിച്ചത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആരോഗ്യ ബോധവല്‍ക്കരണം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് പ്രത്യേക ‘ജാന്‍ ഭി ജഹാന് ഭി’ പവലിയന് ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ കൊച്ചി, ചണ്ഡീഗഢ്, ഡല്‍ഹി, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത, ഡെറാഡൂണ്‍, പട്ന, നാഗ്പൂര്‍, റായ്പൂര്‍, പുതുച്ചേരി, അമൃതസര്‍, ജമ്മു, ഷിംല, ഗോവ, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ‘ഹുനാര്‍ ഹാട്ട്’ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ‘ഹുനാര്‍ ഹാട്ട്’ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെയും വാങ്ങാനാകുമെന്ന് മന്ത്രി അറിയിച്ചു. കരകൗശല വിദഗ്ധര്‍ക്കും മറ്റ് ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ക്കും ഗവണ്മെന്റ് ഇ മാര്‍ക്കറ്റ് പ്ലെയ്സില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: