പെരുന്നാള്‍ ആഘോഷ സുദിനമാണ്. എന്നാല്‍ പൊതുവെ നമ്മള് മനസ്സിലാക്കിയ ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ആഘോഷത്തിന്റെ അര്‍ത്ഥതലം വിഭിന്നമാണ്. ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷമാക്കി തന്നെയായിരുന്നു ഇത്രയും കാലം നമ്മള് ജീവിച്ചിരുന്നത്. വിവാഹ സല്‍ക്കാരങ്ങള്‍ മുതല്‍ വീട്ടിലെ ചായ സല്‍ക്കാരം വരെ ആര്‍ഭാടമാക്കി തന്നെയാണ് നമ്മള് ആഘോഷിച്ചത്. എന്തിനേറെ സ്വന്തം അസ്തിത്വത്തിന് താങ്ങാന്‍ സാധിക്കാത്ത പ്രതാപങ്ങള്‍ ചുമലിലേറ്റി. അമിതവ്യയം നടത്തി. ആര്‍ഭാടമാക്കലാണ് അഭിമാനമെന്ന് വിശ്വസിച്ചു. ചുറ്റിലും ഒരു നേരത്തെ അന്നത്തിനു വേണ്ടി നെട്ടോട്ടമോടുന്ന ജീവനുകള്‍ക്ക് നേരേ നമ്മള് പതുക്കെ കണ്ണുകളിറുക്കിയടച്ചു.
എന്നിട്ട് ഇപ്പോള്‍ സ്വയം ജീവിക്കാന്‍ കെല്‍പ്പില്ലാത്ത ഒരു വൈറസിന് മുമ്പില്‍ ജീവന് പണയം വെച്ച് വീടിനകത്ത് കെട്ടിപൂട്ടിയിരിക്കുകയാണ് നമ്മള്. ദാരിദ്ര്യം ദേശീയതയെ കാര്ന്നുതിന്നുമോയെന്ന് ഭയപ്പെടുകയാണ് ഓരോ രാജ്യവും. പെരുന്നാളിനെ നമുക്ക് മറ്റൊരു നിലയ്ക്ക് ആഘോഷ ധന്യമാക്കാം. അഥവാ, ഒരു മാസക്കാലം നീണ്ടുനിന്ന ആത്മ സംസ്കരണത്തിന്റെ ത്യാഗ നിര്‍ഭരമായ റമസാന്‍ വ്രതക്കാലത്തിന്റെ അവസാനമെന്നോണമാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാനും അതിനെ സ്വയം ഉള്‍ക്കൊള്ളാനും സാധിക്കുന്നു എന്ന ഒരു സാമൂഹിക ധര്‍മ്മം കൂടെ ഒരോ നോമ്പുകാലവും പഠിപ്പിക്കുന്നുണ്ട്.
റമസാന്‍ നോമ്പെടുത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന ഒരാള്‍ക്കും സഹജീവിയെ പട്ടിണിക്കിടാന്‍ സാധിക്കില്ല. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഓരോ വിശ്വാസിക്കും ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഫിത്വര്‍ സകാത്ത് നിര്‍ബന്ധമാണ്. സഹജീവിയെ മറക്കരുതെന്ന് വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്മിപ്പിക്കാനാണിതെന്നത് കൂടെ നമുക്കിവിടെ ചേര്‍ത്തു വായിക്കാം. പ്രത്യേകിച്ച് ലോകം കീഴടക്കിയ ഈ കൊറോണാ മഹാമാരിയുടെ കാലത്ത് തൊഴിലിടങ്ങള്‍ അടഞ്ഞു കിടക്കുന്ന വേളയില്‍. അതിനാല്‍ തന്നെ അയല്‍വാസിയുടെ അടുപ്പ് പുകഞ്ഞോളണമെന്നില്ല. അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചുണ്ണുന്നവന് നമ്മില്‍പ്പെട്ടവനല്ല എന്നാണല്ലോ പ്രവാചകാദ്ധ്യാപനം.
അതുകൊണ്ട് മറ്റെല്ലാ ഈദുല്‍ ഫിത്വറിന്റെ പതിവ് ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ കരുതലിന്റെ ആഘോഷപ്പുലരിയാക്കി ഈ പെരുന്നാള്‍ സുദിനം നമുക്ക് സമ്പന്നമാക്കാം. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ഈദാശംസകള്‍.
സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
(ചെയര്മാന്, മഅദിന്‍ അക്കാദമി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: