കോഴിക്കോട്: ഉപഭോക്താക്കളെ വലച്ച് ഭക്ഷ്യവകുപ്പ്. കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സൗജന്യ അരി വിതരണം ആരംഭിക്കാനിരിക്കെ സര്‍വ്വര്‍ ഓഫ് ചെയ്യുകയായിരുന്നു. ഇതോടെ അരി വാങ്ങാനെത്തിയവര്ക്കെല്ലാം വെറും കയ്യോടെ തിരിച്ച് പോകേണ്ടി വന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭക്ഷ്യവകുപ്പിന്റെ സര്‍വ്വര്‍ പൂര്‍ണ്ണമായി നിലച്ചത്. കേന്ദ്രസര്‍ക്കാറിന്റെ സൗജന്യ അരി വിതരണം ഇന്നലെ ആരംഭിച്ചതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടയില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്.
പതിനെട്ടായിരത്തോളം വരുന്ന പുതിയ റേഷന്‍ കാര്‍ഡിന് സൗജന്യ കിറ്റ് ലഭിക്കുന്നതിന് വേണ്ട ക്രമീകരണം വരുത്തുന്നതിനാണ് സര്‍വ്വര്‍ ഓഫ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം. ഉച്ചക്ക് ശേഷം ശരിയാവും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചക്ക് ശേഷം വീണ്ടും അരി വാങ്ങാനെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം.
വൈകീട്ട് മൂന്ന് മണിയോടെ സര്‍വ്വര്‍ പ്രശ്നങ്ങള്‍ പരിഹരിക്കപെടില്ലെന്ന ഭക്ഷ്യവകുപ്പ് അധികൃതരുടെ അറിയിപ്പാണ് റേഷന്‍കട ഉടമകള്‍ക്ക് വന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയും സര്‍വ്വര്‍ ഓണ്‍ ചെയ്തിട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ചെറുപയര്‍ അല്ലെങ്കില്‍ കടല ഒരു കിലോ വീതം കഴിഞ്ഞ മാസത്തേത് കൈപറ്റാത്തവര്‍ക്ക് രണ്ട് കിലോഗ്രാം വീതമാണ് ലഭിക്കേണ്ടത് പക്ഷേ ഇ- പോസില്‍ ഒരു കിലോഗ്രാം മാത്രമാണ് വിതരണത്തിന് കാണിക്കുന്നത്. ഇതിന്റെ പേരില്‍ പല സ്ഥലങ്ങളിലും വ്യാപാരികളും കാര്‍ഡുടമകളും തമ്മില്‍ വാക്കേറ്റങ്ങളുണ്ടായി. റേഷന്‍ കട വഴി കിറ്റ് വിതരണത്തിന്റെ അവസാന തിയ്യതിയും ഇന്നലെ ആയതിനാല്‍ റേഷന്‍ കടയില്‍ ഉപഭോക്താക്കളുടെ വന്‍ തിരക്കായിരുന്നു ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: