കണ്ണൂര്‍: ലോക്ഡൗണിലെ ലോക്ക് വീഴാതെ ചിത്രങ്ങള്‍ പകര്‍ത്തിയും വരച്ചും യുവകലാകാരന്. അഴീക്കോട് സ്വദേശിയായ അജയ് എന്ന യുവാവാണ് ലോക്ഡൗണ്‍ കാലത്ത് തന്റെ ക്യാമറക്കണ്ണുകളിലൂടെ ചിത്രങ്ങള്‍ പകര്‍ത്തിയും കരവിരുതില്‍ ചിത്രങ്ങള്‍ ചാലിച്ചും ശ്രദ്ധനേടുന്നത്.
തലശ്ശേരി എന്‍ടിടിഎഫില്‍ നിന്ന് ടൂള്‍സ് ആന്റ് ഡൈ മെയ്ക്കിംഗ് ഡിപ്ലോമ പൂര്‍ത്തിയാക്കിയ അജയ് ബാംഗ്ളൂരുവില്‍ ജോലി ചെയ്യവ്വെ നാട്ടിലെത്തിയ ഇടവേളയില്‍ നാട്ടില്വെച്ചുണ്ടായ അപകടത്തില്‍ വലത് കാല് നഷ്ടപ്പെടുകയുണ്ടായി. കൃത്രിമ കാലുമായാണ് തന്റെ ചുറ്റുമുളള മനോഹര ദൃശ്യങ്ങള്‍ അജയ് ക്യാമറയില്‍ പകര്‍ത്തുന്നത്. ചെറുപ്പം തൊട്ടേ ഫോട്ടോഗ്രാഫിയില്‍ തല്പ്പരനായിരുന്ന അജയ് ഇന്ന് മികച്ച ഫോട്ടോഗ്രാഫറാണ്. തെയ്യക്കാലമായാല്‍ തന്റെ പരിമിതികളെയെല്ലാം മറന്ന് വിവിധ തെയ്യാട്ട സ്ഥലങ്ങളിലെത്തി മിഴിവോടോ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഇയാളുടെ ശേഖരത്തില്‍ തെയ്യക്കോലങ്ങളുടെ ചമയങ്ങളടക്കമുളള ഭംഗിയാര്‍ന്ന നിരവധി ഫോട്ടോകളുടെ ശേഖരമുണ്ട്.
ഫോട്ടോഗ്രാഫിയോടൊപ്പം ചിത്രം വരയിലും തന്റെ കഴിവുകള്‍ തെളിയിച്ചു കൊണ്ടിരിക്കുന്ന ഈ യുവകലാകാരന് രണ്ട് കൈകള്‍ കൊണ്ടും ഒരേസമയം രണ്ട് കാന്‍വാസുകളില്‍ തലതിരിച്ച് ചിത്രങ്ങള്‍ വരക്കുന്നതിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സിനിമാതാരങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ വരച്ച് അവര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഒരു കാല് നഷ്ട്പ്പെട്ട ആകുലതകളെല്ലാം പൂര്‍ണ്ണസമയവും തന്റെ ഇഷ്ടങ്ങളായ ഫോട്ടോഗ്രാഫിയ്ക്കും ചിത്ര രചനയ്ക്കുമിടയില് അജയ് മറക്കുകയാണ്. അഴീക്കോട്ടെ മുന്‍ പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.വി. വേണുഗോപാലിന്റെ പേരമകനാണ് അജയ്. അഴീക്കോട് സൗത്ത് യുപി സ്ക്കൂള് അധ്യാപിക അജിത-ജയപ്രകാശ് ദമ്പതികളുടെ മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: