കാസര്‍കോട്: കോറോണയുടെ പേരും പോലീസ് സര്ജന് ഇല്ലെന്ന കാരണവും പറഞ്ഞ് യുവതിയുടെ മൃതദേഹം വിട്ട് കൊടുക്കാന്‍ നാലു ദിവസം വൈകിയത് പ്രതിഷേധത്തിന് കാരണമായി. കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് മരണപ്പെട്ട മംഗല്പാടി പഞ്ചായത്തിലെ ഹേരൂറിലെ ഉപ്പള സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന് ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (28) യുടെ മൃതദേഹമാണ് ബുധനാഴ്ചയും വിട്ടുനല്‍കാതെ അധികൃതര്‍ ബന്ധുക്കളെ വട്ടം കറക്കിയത്.
കോവിഡിന്റെ പേരിലാണ് മൂന്ന് ദിവസം തടഞ്ഞുവെച്ചതെങ്കില്‍ കോവിഡ് ഫലം നെഗറ്റീവ് ആയിട്ടും മൃതദേഹം വിട്ടുകൊടുക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അസ്വസ്ഥത പ്രകടിപ്പിച്ച ശോഭയെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ആശുപത്രിയിലേക്കെത്തും വഴി മരിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ വിദഗ്ദ്ധ പരിശോദന വേണമെന്ന സാഹചര്യത്താല്‍ അന്ന് വിട്ടുനല്‍കാതെ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
പോലിസ് സര്ജന് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്കിയാല് കൊണ്ടു പോകാമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി പറയപ്പെടുന്നു. കോറോണ ടെസ്റ്റ് നടത്തി ചൊവ്വാഴ്ചയാണ് നെഗറ്റീവായി ഫലം വന്നത്. ആംബുലന്‍സും വേണ്ടത്ര ജീവനക്കാര്‍ ഇല്ലെന്ന കാരണത്താല്‍ വീണ്ടും ഒരു ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ആമ്പുലന്‍സും മൃതദേഹവും വിട്ട് നല്‍കിയത്.
കോവിഡ് നെഗറ്റീവായപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മൃതദേഹം വിട്ടു കൊടുക്കു എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് ഭര്‍ത്താവ് ദിവാകര ആചാര്യ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ പോലീസിനെ ബന്ധപ്പെട്ട് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്താന്‍ ഡോക്ടറില്ലെന്നും പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും ഭര്‍ത്താവ് പറഞ്ഞു.
അധികൃതര്‍ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നും ജനറല്‍ ആശുപത്രിയില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുതരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അധികൃതര്‍ ഒഴിഞ്ഞു മാറുകയാണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തി. നടപടിക്രമങ്ങളുടെ പേരില്‍ അനാവശ്യ നുലാമാലകള്‍ ഉണ്ടാക്കി മൃതദേഹം വിട്ടുനല്‍കാതെ അധികൃതര്‍ ബുദ്ധിമുട്ടിച്ചതോടെ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്തിന്റെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത് വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: