കുമളി: ജോലിയില്‍ കയറി ഇരുപത് വര്‍ഷം പിന്നിടുമ്പോഴും നിയമനം ലഭിച്ച അതേ തസ്തികയില്‍ തുടരാനാണ് വനം വകുപ്പിലെ ചില ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ വിധി. സര്‍ക്കാര്‍ സര്‍വ്വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടന്നിട്ടും കോടതി വിധി വന്നിട്ടും നിലപാട് മാറ്റാതെ വനം വകുപ്പ്. ജില്ലാ തലത്തിലെ നിയമനം സര്‍ക്കിളാക്കിയാണ് വകുപ്പ് മറികടന്നത്.
ക്ലാസ് ഫോര്‍ ജീവനക്കാരുടെ വകുപ്പുതല പ്രമോഷനുമായി ബന്ധപ്പെട്ട ഉത്തരവാണ് വനം വകുപ്പില്‍ അട്ടിമറിക്കുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും, സബോര്‍ഡിനേറ്റ് സര്‍വ്വീസിലെ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്കും യോഗ്യതയുടെയും, സീനിയോറട്ടിയുടെയും മാനദണ്ഡത്തില്‍ അതാത് വകുപ്പുകളില്‍ സ്ഥാന കയറ്റിന് അര്‍ഹതയുണ്ട്. 2014ലെ ഉദ്യോഗസ്ഥ ഭരണ പരിഷക്കാര (റൂള്‍സ്) വകുപ്പിന്റെ ഉത്തരവ് പ്രകാരം ജില്ലാ തലത്തില്‍ 10% തസ്തിക മാറ്റം വഴി എല്‍ഡി ക്ലര്‍ക്ക്-ടൈപിസ്റ്റ് തസ്തികകളില്‍ സ്ഥാനക്കയറ്റം വഴി നിയമനം നല്‍കണമെന്നാണ് പറയുന്നത്.
ഈ ഉത്തരവ് സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിച്ച് നടപ്പാക്കിയത് മൂലം അര്‍ഹതയുള്ള നിരവധി ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്കാണ് സ്ഥാനക്കയറ്റം നഷ്ടമായത്. ജില്ലാതല സീനിയോറിട്ടി ലിസ്റ്റ് പ്രകാരം നടപ്പിലാക്കേണ്ടിയിരുന്ന നിയമനങ്ങളാണ് വനം വകുപ്പ് അട്ടിമറിച്ചത്. സ്വാര്‍ത്ഥ താല്‍പ്പര്യം സംരക്ഷിക്കാനായി ആദ്യ ഘട്ടത്തില്‍ കുറച്ചുപേര്‍ക്ക് നിയമനം നല്കി. ശേഷം ജില്ലകളില്‍ മതിയായ കേഡര്‍ സ്ട്രെങ്ത്തില്ലായെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നിലധികം ജില്ലകളെ കൂട്ടി ചേര്‍ത്ത് സര്‍ക്കിള്‍ തലത്തിലാക്കി ഉത്തരവിറക്കി.
ഇതോടെ ജില്ലാതലത്തില്‍ സ്ഥാനക്കയറ്റം ലഭിക്കേണ്ട നിരവധി ജീവനക്കാര്‍ സര്‍ക്കിള്‍ തല സംയോജിത സീനിയോറിട്ടി ലിസ്റ്റില്‍ നിന്ന് പുറത്തായി. പിന്നാലെ സര്‍ക്കിളിലെ വകുപ്പുതല പ്രമോഷനും സംസ്ഥാന തലത്തിലാക്കിമാറ്റി.
ഇതോടെ ലാസ്റ്റ്ഗ്രേഡ് സര്‍വ്വീസില്‍ 20 വര്‍ഷം പിന്നിട്ട നിരവധി ജീവനക്കാരുടെ റിട്ടയര്‍മെന്റിന് മുമ്പുള്ള സ്ഥാനക്കയറ്റം എന്ന അവസാന സ്വപ്നവും പൊലിഞ്ഞു. ഓരോ വകുപ്പിലും ആദ്യമുണ്ടാകുന്ന ഒഴിവ് തസ്തിക മാറ്റത്തിനായി നീക്കിവയ്ക്കണം. ബാക്കി 9 ഒഴിവുകള്‍ വേണം ആശ്രിത നിയമനങ്ങളും, അന്തര്‍ ജില്ലാ സ്ഥലം മാറ്റം തുടങ്ങിയ ഒഴിവുകള്‍ ഒഴികെ പിഎസ്സിയ്ക്ക് റിപ്പോര്‍ട്ടു ചെയ്യേണ്ടതുമാണ്.
വകുപ്പുതല പ്രമോഷനുമായി ബന്ധപ്പെട്ട് കേസുകള്‍ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലില്‍ 2019ല്‍ വരികയും, മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടത് കോടതിയുടെ ശ്രദ്ധയില്‍ വരുകയും ചെയ്തു. പിന്നാലെ ഇത് തിരുത്താന്‍ എല്ലാ വകുപ്പു തലവന്മാര്ക്കും നിര്‍ദേശം നല്കി.
കോടതി ഉത്തരവിനെ ബോധപൂര്‍വ്വം മറികടക്കാനായി ഈ ഉത്തരവിറങ്ങി 3 മാസത്തിന് ശേഷം ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പിന്റെ ഉത്തരവ് ജില്ലാ തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും ഇതിനായി വീണ്ടും സര്‍ക്കിള്‍ തലത്തില്‍ സംയോജിത സീനിയോറിട്ടി ലിസ്റ്റ് തയ്യാറാക്കാക്കണമെന്നും കാട്ടി എല്ലാ ടെറിട്ടോറിയല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്കും അറിയിപ്പ് നല്കി. ഭരണ വിഭാഗം ഉപമുഖ്യ വനപാലകന് മാര്‍ച്ച് മൂന്നിനാണ് ഇത് സംബന്ധിച്ച കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: