കോഴിക്കോട്: കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബേപ്പൂര്‍-നടുവട്ടം സപ്ലൈകോ ഗോഡൗണ്‍ ചോര്‍ന്നൊലിച്ച് 1000 കിന്റല്‍ ഭക്ഷ്യധാന്യങ്ങള്‍ നശിച്ചു. 600 കിന്റല്‍ അരിയും 400 കിന്റല്‍ പരിപ്പുമാണ് നശിച്ചത്.
മേല്‍ക്കൂരയിലെ ഷീറ്റ് മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി താല്‍ക്കാലികമായിട്ട ടാര്‍പോളിന്‍ കാറ്റില്‍ പാറിപോയതാണ് കാരണം. കരാറുകാരന്റെ അനാസ്ഥമൂലമാണ് ധാന്യങ്ങള്‍ നശിച്ചതെന്നാണ് സപ്ലൈകോയുടെ വാദം. മാറ്റാനുള്ള ഷീറ്റ് കൊണ്ടുവെക്കാതെയാണ് നിലവിലുണ്ടായിരുന്ന ആസ്പറ്റോസ് ഷീറ്റ് മാറ്റി ടാര്‍പോളിന്‍ കെട്ടിയത്. നടുവട്ടം സപ്ലൈകോ ഗോഡൗണിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് രാവിലെ എത്തിയപ്പോഴാണ് ഭക്ഷ്യധാന്യങ്ങളില്‍ വെള്ളം കയറിയ വിവരം അറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിലാണ് 600 ടണ്‍ അരിയും 400 ടണ്‍ പരിപ്പും സൂക്ഷിച്ച ഭാഗത്താണ് വെള്ളം വീണതെന്ന് കണ്ടെത്തിയത്. സപ്ലൈകോ റീജനല്‍ മാനേജര്‍ എം. രഘു സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് സാധനങ്ങള്‍ മറ്റൊരു ഗോഡൗണിലേക്ക് മാറ്റി.
കോവിഡ് പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് സൂക്ഷിച്ചുവെച്ച ധാന്യങ്ങളാണ് നശിച്ചതിലധികവും. ഗോഡൗണിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സാധനങ്ങള്‍ മാറ്റാന്‍ കരാര്‍ ഉടമ തയ്യാറായില്ലെന്ന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി സപ്ലൈകോ കരാറുകാരനെതിരെ ബേപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: