കണ്ണൂര്‍: റെയില്‍പാളത്തിലൂടെ നടന്ന് ഉത്തര്‍പ്രദേശിലേക്ക് പോകാന്‍ ശ്രമിച്ച കുടിയേറ്റ തൊഴിലാളികളെ കണ്ണൂരില്‍ പോലീസ് തടഞ്ഞു. ഇവരെ തടഞ്ഞ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയശേഷം തിരിച്ചുവിട്ടു. ഇന്നുരാവിലെയായിരുന്നു സംഭവം. വളപട്ടണത്തുനിന്നുള്ള അമ്പതോളം തൊഴിലാളികളാണ് നടന്നുപോകാന്‍ ശ്രമിച്ചത്.
ആവശ്യത്തിന് ഭക്ഷണവും താമസിക്കാന്‍ സ്ഥലവും കിട്ടാതെവന്നതോടെയാണ് നടന്നുപോകാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍പറയുന്നത്. ജോലിയില്ലാതായതോടെ വാടകകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് താമസ സ്ഥലത്തുനിന്ന് ഇറക്കിവിടുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അടിമാലിയിലും കാല്‍നടയായി സ്വദേശത്തേക്ക് മടങ്ങുവാനുള്ള അയല്‍ സംസ്ഥാന തൊഴിലാളികളുടെ നീക്കം പോലീസ് തടഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘം ദേശിയപാതയിലൂടെ സഞ്ചാരമാരംഭിച്ചതോടെ വിവരം അടിമാലി പോലീസ് അറിഞ്ഞു. തുടര്‍ന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തൊഴിലാളികളെ തിരികെ താമസസ്ഥലത്തെത്തിച്ചു.
നിലവില്‍ ജോലി ഇല്ലെന്നും താമസത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: