ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച മൂന്നു മാസത്തേക്കുള്ള സൗജന്യ റേഷന്റെ മേയ് മാസത്തെ വിഹിതം 21 മുതല്‍ വിതരണം ചെയ്യും. എഎവൈ (മഞ്ഞ), മുന്‍ഗണന (പിങ്ക്) കാര്‍ഡുടമകള്‍ക്കാണ് സൗജന്യ റേഷന്‍. കാര്‍ഡിലെ ഓരോ അംഗത്തിനും അഞ്ചു കിലോ വീതം അരി നല്‍കും.
പുഴുക്കലരി, പച്ചരി എന്നിവയാകും വിതരണം ചെയ്യുക. കുത്തരിയുണ്ടാവില്ല. ജൂണ്‍ മാസം കൂടി കേന്ദ്രത്തിന്റെ സൗജന്യ റേഷനുണ്ടാകും. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്ക് മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച പയറുവര്‍ഗങ്ങളുടെ അവസാന രണ്ടു മാസത്തേക്കുള്ള വിഹിതവും വിതരണം ചെയ്യും.
കടലയോ ചെറുപയറോ ആയിരിക്കും നല്‍കുക. ഒരു മാസം ഒരു കിലോ എന്നപ്രകാരം രണ്ടു മാസത്തേക്ക് ഒന്നിച്ച് ഈ മാസം തന്നെ നല്‍കനാണ് നീക്കം. ആദ്യ മാസത്തെ വിഹിതം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഈ മാസം മൂന്നു കിലോ ഒന്നിച്ച് നല്‍കും.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് സംസ്ഥാനത്തിന് കേന്ദ്ര സര്‍ക്കാര്‍ 7740 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചു.
മെയ് മാസത്തെ വിഹിതമാണ് അനുവദിച്ചത്. ജൂണിലെ വിഹിതം പിന്നാലെ അനുവദിക്കും. കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ മറുനാടന്‍ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്കുന്ന കാര്യം പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ തന്നെ ഭക്ഷ്യധാന്യം അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: