ന്യൂദല്‍ഹി: ലോക്ഡൗണ്‍ കാലത്ത് വിദ്യാഭ്യാസ രീതി സമൂലമായി മാറുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓണ്‍ലൈന്‍ പഠനം വര്‍ധിച്ചതോടെ ഇതിന് മുന്‍തൂക്കം നല്കുന്ന പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സ്വയംപ്രഭ ഡിടിഎച്ച് വിപുലമാക്കും. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികള്‍ക്കു വേണ്ടിയുള്ള ചാനലുകളാണ് സ്വയംപ്രഭ. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി മൂന്നു ചാനലുകള്‍ മാറ്റിവച്ചു. സ്വയം പ്രഭയില്‍ 12 ചാനലുകള്‍ കൂടി ഉള്‍പ്പെടുത്തും. ആശയ സംവാദത്തിന് സ്കൈപ്പ് വഴിയും സൗകര്യമേര്‍പ്പെടുത്തും. എയര്‍ ടെല്‍, ടാറ്റാ സ്കൈ എന്നീ ഡിടിഎച്ച് ഓപ്പറേറ്റര്‍മാരുടെ ചാനലുകളില്‍ കൂടുതല്‍ വിദ്യാഭ്യാസ പരിപാടികള്‍ ഉള്‍പ്പെടുത്താനും നിര്‍ദേശം.
സംസ്ഥാനങ്ങള്‍ക്ക് ദിവസം നാലു മണിക്കൂര്‍ അവരുടെ പാഠ്യപദ്ധതി സംപ്രേഷണം ചെയ്യാന്‍ സ്വയംപ്രഭ ഡിടിഎച്ചില്‍ സമയം നല്‍കും. ഇ പാഠശാലയില്‍ 200 പുതിയ പുസ്തകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാന്‍ പുതിയ പദ്ധതി പിഎം ഇ വിദ്യ ഉടന്‍ ആരംഭിക്കും.
ഘടന
- ഒരു രാജ്യം ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം: സംസ്ഥാനങ്ങളിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ദീക്ഷയെന്ന ഓണ്‍ലൈന്‍ പഠന പദ്ധതിയും ക്യൂആര്‍ കോഡുള്ള, എല്ലാ ക്ലാസുകളിലേക്കും വേണ്ട പാഠപുസ്തകങ്ങളുമാണ് പിഎം ഇ വിദ്യയിലെ ഒരു ഘടകം
- ഒരു ക്ലാസ് ഒരു ചാനല്‍: ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് ഓരോ ചാനല്‍ വീതം.
- റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ പോഡ്കാസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ഉപയോഗം
- കാഴ്ചയ്ക്കും കേള്‍വിക്കും കുഴപ്പമുള്ള കുട്ടികള്‍ക്ക് പ്രത്യേക ഉള്ളടക്കം
- ഉന്നത നിലവാരമുള്ള 100 സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഈ മാസം 30 മുതല്‍ അനുമതി
- മനോദര്‍പ്പണ്‍: കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും മാനസിക പിന്തുണ നല്‍കാനും മാനസിക ആരോഗ്യം വര്‍ധിപ്പിക്കാനും വൈകാരിക സുക്ഷിതത്വം നല്‍കാനും മനോദര്‍പ്പണ്‍
- പുതിയ ദേശീയ കരിക്കുലവും അധ്യയനത്തിനുള്ള ചട്ടക്കൂടും ഉടന്‍ തുടങ്ങും
- ഓരോ കുട്ടിയും പഠന നിലവാരത്തില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസി മിഷന് ഡിസംബറില്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: