മൂലമറ്റം: അറക്കുളം കുരുതിക്കുളം ഭാഗത്ത് ചുഴലിക്കാറ്റില്‍ വ്യാപക നാശം. പ്രദേശത്ത് മരങ്ങള്‍ കൂട്ടമായി ഒടിഞ്ഞ് വീണു. ജില്ലാ കളക്ടറും തഹസീല്‍ദാറും ഉത്തരവ് ഇട്ടിട്ടും ഈ മരങ്ങള്‍ വെട്ടിമാറ്റിയിരുന്നില്ല. മരം കടപുഴകി വീണ് സര്‍ക്കാരിനും നാട്ടുകാര്‍ക്കും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്.
ഇവിടെ അപകടാവസ്ഥയില്‍ ചരിഞ്ഞ് നിലക്കുന്ന മരം ഉത്തരവുകള്‍ ഉണ്ടായിട്ടും വെട്ടിമാറ്റാതിരുന്നതാണ് ഞായറാഴ്ച 3 മണിയോടു കൂടി കടപുഴകി വീണത്. മരം വീണ് നാട്ടുകാരുടെ കെട്ടിടങ്ങളും ദേഹണ്ഡങ്ങളും നശിച്ചു. കൂടാതെ വൈദ്യുതി
പോസ്റ്റുകള്‍ ഒടിയുകയും വലിയ തീഗോളമുണ്ടാവുകയും ചെയ്തു. കൂവണ്ണിയില് ജോഷി , കണിയാങ്കണ്ടത്തില്‍ സിജു, എന്നിവരുടെ ദേഹണ്ഡങ്ങളും സിജുവിന്റെ കെട്ടിടവും തകര്‍ന്നു. വൈദ്യുതി പോസ്റ്റ് വീണ് തൊടുപുഴ പുളിയംമല റോഡിലും, വെള്ളിയാമറ്റം പഞ്ചായത്ത് റോഡിലും മണിക്കുറുകളോളം ഗതാഗതം തടസപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഇതിനെല്ലാം കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഉത്തരവ് നടപ്പാക്കാതെ മനപൂര്‍വ്വം നഷ്ടം വരുത്തിവച്ചവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വനവാസി മേഖലയായ പുച്ചപ്രയ്ക്ക് വൈദ്യുതി കൊണ്ടു പോകുന്ന കുരുതികളത്തെ ട്രാന്‍സ്ഫോമര്‍ തകരാറിലായി. അറക്കുളം മൈലാടി കുരുതിക്കളം പൂച്ചപ്ര പ്രദേശങ്ങള്‍ ഇരുട്ടിലായി. മൂലമറ്റത്ത് നിന്ന് അഗ്നിരക്ഷാ സേനയും, കാഞ്ഞാര്‍ പോലീസും, വൈദ്യുതി ബോര്‍ഡ് അധികാരികളും സ്ഥലത്തെത്തി മരം വെട്ടിമാറ്റിയും, കമ്പികള്‍ മുറിച്ച് മാറ്റിയും ഗതാഗതം പുനസ്ഥാപിച്ചു.
സ്കൂളിന്റെ ഷീറ്റ് നിലംപൊത്തി
കാഞ്ഞാര്‍: വെള്ളിയാമറ്റം കറുകപ്പള്ളി ഭാഗത്ത് ഇന്നലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം. സെന്റ്. ജോസഫ് യുപി സ്കൂളിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് നിലംപതിച്ചു. പ്രദേശത്തെ നിരവധി പേരുടെ കൃഷി ദേഹണ്ഡങ്ങള്‍ക്ക് നാശം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: