സ്വാശ്രയ ഭാരതത്തിലേക്കുള്ള, സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന ഒരു കുതിപ്പായാണ് ആഭ്യന്തര മൊത്ത വരുമാനത്തിന്റെ (ജിഡിപി) 10 ശതമാനം വരുന്ന 20 ലക്ഷം കോടി രൂപയുടെ പാക്കേജ് അവതരിപ്പിച്ചുകൊണ്ട് ആമുഖമായി പ്രധാനമന്ത്രി പറഞ്ഞത്. പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റാനുള്ള ആര്‍ജവം ഇന്ത്യ വളരെ പണ്ടുതന്നെ തെളിയിച്ചിട്ടുള്ളതാണ്. 1965-66, 1966-67 വര്‍ഷങ്ങള്‍ കൊടും വരള്‍ച്ചയുടെയും കൃഷിനാശത്തിന്റേതുമായിരുന്നു. പട്ടിണിയും അതേത്തുടര്‍ന്ന് പകര്‍ച്ചവ്യാധികളും ലോകഭൂപടത്തില്‍നിന്ന് ഇന്ത്യയെ മായിച്ചുകളയും എന്ന് ഭയന്ന നാളുകള്‍. ശുഭാപ്
തിവിശ്വാസിയും ഉല്പതിഷ്ണവുമായ ഇന്ദിരാഗാന്ധി ഹരിതവിപ്ലവത്തിലേക്കു നയിച്ചുകൊണ്ടും പൊതുവിതരണ സമ്പ്രദായം തുടങ്ങിക്കൊണ്ടുമാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടത്. ഹരിതവിപ്ലവം ഭക്ഷ്യോല്‍പ്പന്നം 1950-51ലെ 50 ദശലക്ഷം ടണ്ണില്‍നിന്ന് 2019-20ലെ 295 ദശലക്ഷം ടണ്ണിലേക്ക് ഉയര്‍ന്നു. ദിശാബോധവും കര്‍മോത്സുകതയും എങ്ങനെ നമ്മെ ഭക്ഷ്യ സ്വയംപര്യാപ്തതയിലെത്തിച്ചുവോ അതുപോലെ സാങ്കേതിക മികവിലൂന്നി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ സമ്പദ്ഘടനയെ അഞ്ചു ട്രില്ല്യണ്‍ അവസ്ഥയിലേക്കെത്തിക്കുക എന്ന മഹത്തായ കാഴ്ചപ്പാടാണ് നരേന്ദ്ര േമാദിയെ നയിക്കുന്നത്.
ഇന്നത്തെ പ്രതിസന്ധി ആസേതു ഹിമാലയമാണ്. ഒരു മേഖലയില്‍ ഒതുങ്ങുന്നില്ലെന്നര്ത്ഥം. 2019ല്‍ തന്നെ പ്രകടമായിരുന്ന 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ, 86.4% പണം പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ 75 വര്‍ഷത്തെ ഏറ്റവും രൂക്ഷമായ പണച്ചുരുക്കം തുടങ്ങിയ ഘടകങ്ങള്‍ ചേര്‍ന്ന് കടുത്ത സാമ്പത്തികമാന്ദ്യം സൃഷ്ടിച്ചിരുന്നു. അങ്ങനെ മാന്ദ്യത്തിലായ സമ്പദ്ഘടനയാണ് കോവിഡ്-19 മഹാമാരിയുടെ പിടിയിലായത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് 40 കോടി തൊഴില്‍രഹിതര്‍. 2019ല്‍ 7 മുതല്‍ 8 ശതമാനം വരെ നിന്ന തൊഴിലില്ലായ്മ, സിഎംഐഇ (സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി)യുടെ കണക്കനുസരിച്ച് നഗരങ്ങളില്‍ 30 ശതമാനമായും ഗ്രാമങ്ങളില്‍ 20 ശതമാനമായും ഉയര്‍ന്നു. ഒരു വശത്ത് കോവിഡ്-19 നോടുള്ള യുദ്ധം, മറുവശത്ത് സമ്പദ്ഘടനയെ മാന്ദ്യത്തില്‍ ആണ്ടുപോകാതെ നോക്കാനുള്ള തത്രപ്പാട്. തീര്‍ച്ചയായും ഗവണ്മെന്റിന്റെ ദൗത്യം ദുഷ്ക്കരമാണ്. ഈ പശ്ചാത്തലത്തിലാണ് പുതിയ മാന്ദ്യവിരുദ്ധ പാക്കേജുകള്‍ നോക്കിക്കാണേണ്ടത്.
ലോക്ഡൗണ്‍ തുടങ്ങിയ ആദ്യദിനങ്ങളില്‍തന്നെ വന്നു ആദ്യ പാക്കേജ് പ്രഖ്യാപനം. അതുവഴി പമ്പുചെയ്ത 1.7 ലക്ഷം കോടി രൂപയും പാര്ശ്വവല്ക്കരിക്കപ്പെട്ടവരിലേക്കെത്തിയെന്നത് അവിതര്‍ക്കിതമാണ്. സ്വന്തം നാട്ടിലും വീട്ടിലും എത്താന്‍ പറ്റാതെ ത്രിശങ്കുവിലായ തൊഴിലാളികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ ആരെയും ഈറനണിയിക്കും. കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാടുകളിലെത്തിക്കുന്ന കാര്യത്തില്‍ ഗവണ്മെന്റ് നയം പരാജയപ്പെട്ടു എന്ന് അടിവരയിട്ട് പറയാം. ഉദാത്തമായൊരു നാളേക്കുവേണ്ടി കരുക്കള്‍ നീക്കുമ്പോഴും ‘ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കു’മെന്ന വാദം കമ്യൂണിസ്റ്റുകാര്‍ ഉരുവിടുന്ന വരട്ടുവാദമാണ്.
ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 10 ശതമാനമടങ്ങുന്ന 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ജനം പ്രതീക്ഷിച്ചത് മുഖ്യമായും മൂന്നുതരത്തിലുള്ള ഇടപെടലുകളാണ്. ഒന്ന്, എല്ലാവര്ക്കും ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള സാഹചര്യമൊരുക്കല്‍. രണ്ട്, കുടിയേറ്റത്തൊഴിലാളികള്‍ക്കും ഇതര തൊഴിലാളികള്‍ക്കും നഷ്ടപ്പെട്ട തൊഴില്‍ദിനങ്ങളിലെ വേതനം പണമായിട്ടു ലഭ്യമാക്കുക. (ഉശൃലര േയലിലളശ േൃേമിളെലൃ), എത്രയും വേഗം തൊഴില്‍ മേഖലകള്‍ ഘട്ടം ഘട്ടമായി തുറക്കുക. ഇതാണ് മാന്ദ്യം മറികടക്കാനുള്ള മരുമരുന്ന്. 40 കോടി തൊഴിലാളികളുടെ കൈയില്‍, കോവിഡ് മൂലം നഷ്ടപ്പെട്ട തൊഴില്‍ദിനങ്ങളിലെ വേതനമെത്തുമ്പോള്, അതില്‍ ഒരു പൈസ മാറ്റിവെക്കാതെ മുഴുവനും വിപണിയിലെത്തും. വിപണി സജീവമാകും. വിലകള്‍ പതുക്കെ ഉയരാന്‍ തുടങ്ങും. സംരംഭകര്‍ അടച്ചിട്ട യൂണിറ്റുകള്‍ തുറക്കാന്‍ തുടങ്ങും. തൊഴിലാളികള്‍ തിരിച്ച് തൊഴിലില്‍ എത്തും. ഇവിടെയാണ് ധനതത്വശാസ്ത്രജ്ഞനായ ജോണ്‍ മേനാര്‍ഡ് കെയ്ന്‍സിന്റെ പമ്പ് പ്രൈമിങ് സിദ്ധാന്തം നിലകൊള്ളുന്നത്. അതായത് മാന്ദ്യകാലത്ത് സര്‍ക്കാരുകള്‍ ധനാദായം മുറുകെപ്പിടിച്ച് കൈയയഞ്ഞ് ചെലവഴിക്കണം. എവിടെനിന്ന് വരുമാനമുണ്ടാവുമെന്ന് ആശങ്കപ്പെടാതെ ചെലവഴിക്കണം. അവിടെയാണ് റിസര്‍വ് ബാങ്കിന്റെ പങ്ക്. റിസര്‍വ് ബാങ്ക് ഗവണ്മെന്റ് അറിവോടുകൂടെ കൂടുതല്‍ കറന്‍സി അടിച്ചിറക്കാം (ജിഡിപിയുടെ 10% തൊട്ട് 12% വരെ). ആ പണം ഗവണ്മെന്റ് ബോണ്ടുകള്‍ വാങ്ങുവാനും (ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന് ഓഫ് പര്‍ച്ചേസ് ഓഫ് ബോണ്ട്സ്) ഉപയോഗിക്കാം. അടിയന്തിരഘട്ടം കഴിയുമ്പോള്‍ മടക്കി നല്‍കാം. അപ്പോള്‍ പണം തിരിച്ച് റിസര്‍വ് ബാങ്കിലെത്തുമെന്നതിനാല് വിലക്കയറ്റം തടയുകയുമാവാം. സാമ്പത്തിക സിദ്ധാന്തം ‘പണം ചിറകുകളില്‍ സഞ്ചരിക്കുന്നു’ എന്നാണ് പറയുന്നത്. എന്നാല്‍ 20 ലക്ഷം കോടിയുടെ പ്രഖ്യാപനം ഇന്ത്യന്‍ സമ്പദ്ഘടനയെ ഉടനടി ഉണര്‍ത്താന്‍ പോന്നതല്ല.
എടുത്തു പറയാവുന്ന മാറ്റം പ്രതീക്ഷിക്കുന്നത് നാമമാത്ര, ചെറുകിട, ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള മൂന്നുലക്ഷം കോടിയാണ്. അതുപോലെ കാര്‍ഷികമേഖലയും ‘ഒരു രാജ്യം ഒരു വിപണി’ എന്ന ദിശയില്‍ വേഗം ചലിക്കുകയാണ്. ആ മാറ്റത്തിന്റെ കാറ്റ് കേരളത്തില്‍ വീശുന്നില്ലെന്നതാണ് സത്യം.
ഘടനാപരമായ പരിഷ്കാരങ്ങള്‍ക്ക് ഊന്നലുണ്ട്. എന്നാല്‍ ഖനി, ധാതു, ഭൂമി മേഖലകള്‍ തുറന്നുകൊടുക്കുമ്പോള്‍ നമ്മുടെ പ്രകൃതിദത്ത വിഭവങ്ങള്‍ അതി ചൂഷണത്തിന് വിധേയമാവുമെന്നും കൂടുതല്‍ പരിസ്ഥിതി ദുര്‍ബലമാവും രാജ്യമെന്നതും മറന്നുകൂട. ഇത്തരം തുറന്നുകൊടുക്കലിന്റെ തിക്തഫലം അനുഭവിക്കുന്ന ഭൂഖണ്ഡമാണ് ആഫ്രിക്ക.
അവസാനഘട്ട പാക്കേജിലേക്കു വരുമ്പോള്‍ ഒന്നുരണ്ടു നല്ല കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. ഒന്നാമത്തേത് തൊഴിലുറപ്പ് പദ്ധതിയ്ക്ക് പ്രഖ്യാപിച്ച 40,000 കോടി അധിക തുകയാണ്. ബജറ്റില്‍ പറഞ്ഞ 69,000 കോടിയോടു ചേര്‍ത്തു വായിക്കുമ്പോള്‍ നല്ലതു തന്നെ. എന്നാല്‍ കുടിയേറ്റ തൊഴിലാളികളെ 202 രൂപ കുലിയ്ക്ക് സ്വന്തം സംസ്ഥാനങ്ങളില്‍ കെട്ടിയിടാമെന്നത് വ്യാമോഹം മാത്രം. 750-900 രൂപ കൂലിയുള്ള കേരളമെവിടെ 202 രൂപയുള്ള തൊഴിലുറപ്പെവിടെ? ന്യായമായും, ഐഎല്‍ഒ നിയമം അനുസരിച്ച് 202 രൂപയെന്നത് 502 രൂപയെങ്കിലുമാക്കുക. ലക്ഷ്യം നേടാം.
കേന്ദ്രം ബജറ്റില്‍ കാണിച്ചിരുന്നത് ഈ ധനവര്‍ഷം 7.80 ലക്ഷം കോടി വായ്പയെടുക്കുമെന്നായിരുന്നു. (3% ജിഡിപിയുടെ). ഇപ്പോള്‍ 12 ലക്ഷം കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചു. നല്ലത്. തദനുസാരം സംസ്ഥാനങ്ങളെയും ആഭ്യന്തര മൊത്തവരുമാനത്തിന്റെ 5 ശതമാനം വരെ വായ്പയെടുക്കാന്‍ അനുവദിക്കുന്നു. അതില്‍ 0.5% ഉപാധികളില്ലാതെ ചെലവഴിക്കാം. എന്നാല്‍ അടുത്ത 1% ചെലവഴിക്കാന്‍ ഉപാധികളുണ്ട്. അവ (1) ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, (2) വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക, (3) വൈദ്യുതി വിതരണ മേഖല മെച്ചപ്പെടുത്തുക, (4) നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക; ഈ നാലിനും വേണ്ടി ചെലവഴിക്കണം. ഇതില്‍ മൂന്നില്‍ മുന്നേറ്റമുണ്ടാക്കിയാല്‍ ബാക്കി 0.5% ഉം ഉപയോഗപ്പെടുത്താം. ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമെന്ന് സംസ്ഥാനങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ വായ്പയെടുത്ത് ധൂര്‍ത്തടിക്കാന്‍ അനുവദിക്കരുത്. കണ്മുന്നില് അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ചുരുക്കത്തില്‍, പാക്കേജില്‍ കൈക്കൊണ്ടിരിക്കുന്ന പരിഷ്കരണ നടപടികള്‍ വളരെ ശ്രദ്ധയോടെ മാത്രം നടപ്പാക്കേണ്ടവയാണ്. അതിലേയ്ക്കു കടന്നിട്ടില്ല. നേരിട്ട് പണം വിപണിയിലെത്തിച്ച് അതിന്റെ ത്വരിത വ്യാപനം വഴി വിപണിയെ ഉണര്‍ത്തി, സമ്പദ്ഘടനയെ ഉണര്‍ത്തി കോവിഡ്-19 ന്റെ പരാക്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ പോര.
ഡോ. മേരി ജോര്‍ജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: