കൊച്ചി: എന്നും പ്രതിരോധ പ്രവര്‍ത്തനത്തിലുള്ള നഴ്സുമാരില്‍ ഒരു വിഭാഗം കൊറോണാ പ്രതിരോധത്തിന് രാപകല്‍ പണിയെടുത്തിട്ടും വേണ്ട തലത്തിലും തരത്തിലും അംഗീകരിക്കപ്പെടാതെ പോകുന്നു. സംസ്ഥാന സര്‍ക്കാരും ഈ വിഭാഗത്തെ അവഗണിക്കുന്നു. ഇവരെ സഹായിക്കാന്‍ നിയുക്തരായ ആശാ വര്‍ക്കര്‍മാര്‍ക്കു കൊടുക്കുന്ന പരിഗണനയും സംസ്ഥാന ആരോഗ്യ വകുപ്പുജീവനക്കാരായ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് (ജെപിഎച്ച്) നഴ്സുമാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും ലഭിക്കുന്നില്ല.
പഞ്ചായത്തുകള്‍ തോറും ആരോഗ്യ പ്രവര്‍ത്തനത്തിന് നിയുക്തരാണിവര്‍. കുട്ടികളുടെയും ഗര്‍ഭിണികളുടെയും ഉള്‍പ്പെടെ സാമൂഹ്യ ആരോഗ്യ മേഖലയിലാണ് അധിക സമയവും. ഇതില്‍ വനിതകള്‍ അയ്യായിരത്തോളമുണ്ട്. ആശുപത്രികളില്‍ ചികിത്സാ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍, മെഡിക്കല്‍ രംഗത്ത് സഹായിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരങ്ങളും പ്രശംസകളും കിട്ടുന്നു. പക്ഷേ, അടിസ്ഥാന തലത്തില്‍ പ്രതിരോധ പ്രവര്‍ത്തകരായ ജെപിഎച്ച് നഴ്സുമാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സേവനങ്ങള്‍ പലരും കണക്കിലെടുക്കുന്നില്ല.
പഞ്ചായത്ത് തലത്തില്‍ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ ഇവരുണ്ട്. കൊറോണ കാലത്ത് ചെക്പോസ്റ്റുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ഉള്‍പ്പെടെ രാപകല്‍, വിശ്രമ ദിവസങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളുടെ പരിശോധന ഉള്‍പ്പെടെ ഇവരാണ് നടത്തുന്നത്. അപായ സാധ്യത ഏറെയുള്ള പ്രവര്‍ത്തനം. എന്നാല്‍, സര്‍ക്കാരിന്റെ അറിയിപ്പുകളിലോ ഉത്തരവുകളിലോ ഒന്നും ഈ വിഭാഗത്തെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ആരോഗ്യമന്ത്രിയോ മുഖ്യമന്ത്രിയോ ഇവരെക്കുറിച്ച് പറയുന്നില്ല.
ഇവരെ സഹായിക്കാനാണ് ആശാവര്‍ക്കര്‍മാര്‍. അവര്‍ കാല് ലക്ഷത്തിലേറെ വരും. സര്‍ക്കാര്‍ സ്ഥിരം ജോലിക്കാരല്ല. പക്ഷേ സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്കും ചികിത്സാ നഴ്സുമാര്‍ക്കും നല്കുന്ന പ്രശംസ ജെപിഎച്ച് ജീവനക്കാര്‍ക്ക് നല്‍കുന്നില്ല. എന്നാല്‍, ഏറ്റെടുത്ത ജോലി കര്‍ത്തവ്യമായി ചെയ്യുകയാണെന്നും ആരെയും കാണിക്കാനല്ല ജോലി ചെയ്യുന്നതെന്നും കേരള സര്‍ക്കാര്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത് നഴ്സഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് യൂണിയന് പ്രസിഡന്റ് ടി.സി. രതീദേവി ‘ജന്മഭൂമി’യോട് പ്രതികരിച്ചു. അംഗീകാരം പ്രോത്സാഹനമായേക്കും, പക്ഷേ അതില്ലെങ്കിലും കര്‍ത്തവ്യത്തില്‍ ഞങ്ങള്‍ ആരും വീഴ്ചവരുത്തില്ല, അവര്‍ പറഞ്ഞു.
ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാര്‍ ജീവനക്കാരല്ലെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളവരാണ്. ഇവര്‍ക്കുള്ള വേതന വിഹിതത്തില്‍ വലിയൊരു വിഹിതം കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. ഇവര്‍ക്ക് കേന്ദ്രം ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: