തിരുവനന്തപുരം: പ്രവാസികള്‍ വരുമ്പോള്‍ അവര്‍ക്കായി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി പിണറായി വിജയനും പരിവാരങ്ങളും സ്വന്തം കഴിവുകേട് മറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. കേരളത്തിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര മന്ത്രി വി. മുരളീധരന് ചെയ്തത്. അപര്യാപ്തതകള്‍ പരിഹരിക്കുകയോ, അതല്ലെങ്കില്‍ അപര്യാപ്തതകള്‍ സമ്മതിക്കുകയോ ചെയ്യുന്നതിനു പകരം എല്ലാം സജ്ജമാണെന്ന് പറഞ്ഞ് സംസ്ഥാനസര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
സ്വന്തം പൂച്ച് പുറത്തായപ്പോഴാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേന്ദ്ര വിദേശകാര്യവകുപ്പിനെ മുഖ്യമന്ത്രി കുറ്റപ്പെടുത്തുന്നത്. പ്രവാസികള്‍ക്കായുള്ള സജ്ജീകരണങ്ങളെക്കുറിച്ച് കേന്ദ്രം പലതവണ അന്വേഷിച്ചപ്പോഴും എല്ലാം സജ്ജമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഒന്നേകാല്‍ ലക്ഷത്തിലധികം ക്വാറന്റൈന് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. എങ്ങും കാര്യമായ സജ്ജീകരണങ്ങളൊന്നുമൊരുക്കാതെ വിടുവായത്തം പറയുകയാണ്.
കേന്ദ്രസര്‍ക്കാര്‍ ഇത്ര വേഗത്തില്‍ പ്രവാസികളെ നാട്ടിലേക്കെത്തിക്കുമെന്ന പ്രതീക്ഷ പിണറായി വിജയനുണ്ടായിരുന്നില്ല. വിദേശത്തുള്ളവരും ഇതരസംസ്ഥാനങ്ങളിലെ മലയാളികളും വരാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് കേരളം. പ്രവാസികള്‍ക്കായി കണ്ണീരൊഴുക്കിയവര്‍ അവരെ വഞ്ചിക്കുകയാണ്. രോഗ നിരീക്ഷണ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും സജ്ജീകരണങ്ങള്‍ ഒരുക്കാതിരിക്കുകയും ചെയ്തതിലൂടെ കേരളം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്നും അതിവേഗം രോഗം പടരാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: