പ്രകൃതിയും മനുഷ്യരും ഇണങ്ങി ജീവിച്ച
പാവന സംസ്കൃതി മണ്മറഞ്ഞു.
പ്രണയ മന്ത്രങ്ങള്‍ ഉരുക്കഴിച്ചെത്തിയ
പ്രളയവും വിസ്മൃതിയിലാണ്ടു പോയോ?
ഓര്‍മതന്‍ നെരിപ്പോടൂതിജ്ജ്വലിപ്പിച്ചു
ദുരിതങ്ങള്‍ എരിയുന്നു ഓര്ത്തിടാതെ
ഓര്‍മ്മപ്പെടുത്താന്‍ ദുരന്തങ്ങള്‍ പിന്നെയും
മാനവരാശിയെ പിന്തുടര്ന്നു.
ചാര ഉപഗ്രഹം പ്രദക്ഷിണം വയ്ക്കുന്നു
ശത്രു രാജ്യത്തിന്റെ നീക്കങ്ങളൊപ്പുവാന്.
അന്യ ഗ്രഹങ്ങളില്‍ ജീവന്റെ കണികകള്‍
തിരയുന്നു മാനവ നിര്മിതപേടകങ്ങള്.
ഒരു ചെറു ‘ജീവാണു’ പോലുമീ പാരി-
ന്നതിരുകള്‍ അനുദിനം മാറ്റി വരയ്ക്കുന്നു.
കുടിയേറ്റ നിയമങ്ങള്‍ ഭേദഗതികളും
അണുവിനെ തെല്ലുമേ തളര്‍ത്തിയില്ല.
നഗ്ന നേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത
നഷ്ട സ്വപ്നങ്ങള്‍ക്ക് ചിതയൊരുക്കി
അതിരുകള്‍ താണ്ടി നീയെത്തുന്നു നിര്‍ഭയം
സൈ്വര ജീവിതത്തിന് ഗതി മാറ്റുവാന്‍.
ആത്മബന്ധങ്ങള്‍ക്ക് അടിത്തറ പാകിയ
ആത്മ വിദ്യാലയ അങ്കണങ്ങള്‍.
ശുചിത്വ ബോധത്തിന് ഹരിശ്രീ കുറിച്ച
താളിയോലകള്‍ ചിതലരിച്ചു പോയോ?
ഇരുകരങ്ങളും കൂപ്പി നമിച്ചൂനാം തമ്മില്‍
പരസ്പരം കാണുന്ന മാത്രയില്‍.
ഓട്ടു കിണ്ടിയില്‍ നിറച്ചു വച്ചൂ ജലം
കരുതലോടുമ്മറപ്പടിക്കരികെ
പുറത്തുപോയ് തിരികെ വരുന്ന നേരം
പാദവും കരങ്ങളും വൃത്തിയാക്കാന്‍.
അകലവും ശുചിത്വവും പാലിച്ചു പോന്ന
പഴയ സംസ്കൃതിക്ക് തിരിതെളിക്കാം.
കരുതലോടെന്നും കെടാതെ സൂക്ഷിക്കാം
ലോക ശാന്തിക്കായ് വഴി തെളിക്കാം.
രാജേഷ് നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: