അച്ഛന് ജനിച്ചിട്ട് 109 വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും. 1911 മെയ് പതിനൊന്നാം തീയതിയാണ് അച്ഛന് ജനിച്ചത്. മരിച്ചിട്ട് 35 വര്‍ഷത്തോളമായി. അച്ഛനെക്കുറിച്ചുള്ള എന്റെ ഓര്മ വ്യക്തിപരമായി പറയുകയാണെങ്കില്‍, അച്ഛന്മാര് മക്കളെ പല പല രീതിയില്‍ സ്വാധീനിക്കാറുണ്ടല്ലോ. അച്ഛന്റേത് ഒരു പ്രത്യേക സ്വഭാവമാണ്. അത് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ. അത് കുറച്ചൊക്കെ എന്നെ സ്വാധീനിച്ചിട്ടുണ്ടാവും. അനിയനെയും അത് സ്വാധീനിച്ചിട്ടുണ്ടാവും. അച്ഛന് അടിസ്ഥാനപരമായി ഒരു ഗൗരവ സ്വഭാവക്കാരനായിരുന്നു. വളരെ കുറച്ചുപേരുടെ മുന്പില് മാത്രമേ വ്യക്തിപരമായി മനസ്സ് തുറക്കാറുള്ളൂ. സാഹിത്യപരമായി പലരുമായിട്ടും സംസാരിക്കാറുണ്ട്, സംവദിക്കാറുണ്ട്, ആശയങ്ങള്‍ കൈമാറാറുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് വളരെ കുറച്ചു പേരുമായി മാത്രമായിട്ടാണ്.
അച്ഛനും ഞാനും എന്റെ പഠനവും
എന്റെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അച്ഛന് വളരെ കോണ്‍ഷ്യസായിരുന്നു. ഞാന്‍ ആയുര്‍വേദത്തിനു പോകാന്‍തന്നെ കാരണം അച്ഛനാണ്. ആയുര്‍വേദം എന്നൊരു ഫീല്‍ഡ് ഉണ്ടെന്നുതന്നെ അക്കാലത്തെനിക്കറിയില്ലായിരുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലാണെങ്കില്‍ എന്റെ 8, 9, 10 ക്ലാസ്സുകളില്‍ അച്ഛന്റെ കൂടെ നിന്നിട്ടാണ് ഞാന്‍ പഠിച്ചിട്ടുള്ളത്. മോഡല്‍ ബോയ്സ് ഹൈസ്കൂളിലാണ് പഠിച്ചത്. അച്ഛന്റെ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് പഠിച്ചത്. എനിക്കത് എളുപ്പമായി, താമസിക്കാനും പോയിവരാനുമൊക്കെ. എന്റെ കൂടെനിന്നു പഠിച്ചോ എന്നുപറഞ്ഞ് അച്ഛന് അമ്മയുടെ സമ്മതവും വാങ്ങി. അങ്ങനെയാണ് അച്ഛനൊപ്പം ഞാന്‍ താമസിച്ച് പഠിച്ചത്. ക്ലാസുകളിലുള്ള വിദ്യാഭ്യാസത്തെക്കാള്‍ കൂടുതലായിട്ട് എനിക്ക് അനൗപചാരികമായി സാഹിത്യത്തിലുള്ള വിദ്യാഭ്യാസം നല്കാനായിരിക്കാം ഇത്. ആംഗലേയ സാഹിത്യത്തിലുള്ള പുസ്തകങ്ങളാണ് അച്ഛന് എനിക്ക് വായിക്കാന്‍ തന്നിട്ടുള്ളത്. വലിയ മഹദ് ഗ്രന്ഥങ്ങളൊന്നുമല്ല. എന്റെ ഹൈസ്കൂള്‍ പഠന കാലത്ത് എനിക്ക് ഗ്രഹിക്കാവുന്ന രീതിയിലുള്ള പുസ്തകങ്ങള്‍ തരുകയും, അത് വായിച്ച് എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കാന്‍ പറയുകയും ചെയ്യും.
ഞങ്ങള്‍ക്ക് പഠിക്കാന്‍ സ്പെഷ്യല്‍ ഇംഗ്ലീഷ് എന്നൊരു വിഷയം ഉണ്ടായിരുന്നു. അതില്‍ വേര്‍ഡ്സ് വര്‍ത്തിന്റെയും കീറ്റ്സിന്റെയുമൊക്കെ ചില പോയിന്റ്സും കവിതകളുമൊക്കെ ഉണ്ടായിരുന്നു. അത് വായിച്ചിട്ട് അര്‍ത്ഥം മനസ്സിലാകാത്തത് അച്ഛനോട് ചോദിക്കുകയും, വളരെ ആവേശത്തോടെ അതിന്റെ അര്‍ത്ഥം അച്ഛന് പറഞ്ഞു തരികയും ചെയ്യുമായിരുന്നു. കവികളെക്കുറിച്ചും പറഞ്ഞുതരുമായിരുന്നു. ചങ്ങമ്പുഴയെയും കീറ്റ്സിനെയും ഉപമിച്ചിട്ട് രണ്ടുപേരും ചെറുപ്പത്തിലെ മരിച്ചിരുന്നുവെന്നും, രണ്ടുപേരും കാല്‍പ്പനിക കവികളായിരുന്നുവെന്നും പറഞ്ഞുതന്നിട്ടുള്ളത് എനിക്ക് ഓര്‍മയുണ്ട്.
പരിണാമം സാധാരണ നോവലല്ല
മറ്റ് പല സാഹിത്യകാരന്മാര്ക്കും ജനങ്ങള്‍ക്കും ഇഷ്ടപ്പെട്ടിട്ടുള്ള, ആരാധിക്കുന്ന ആള്ക്കാരെയൊന്നുമല്ല അച്ഛന് ഏറെ താല്‍പ്പര്യമുണ്ടായിരുന്നത്. ഉദാഹരണമായി അവിടെ പല പത്രമാസികകളും വരാറുണ്ടെങ്കിലും അച്ഛന് വായിക്കണമെന്ന് എന്നോട് എടുത്തു പറഞ്ഞിട്ടുള്ളത് എം.പി. നാരായണ പിള്ളയുടെ ആദ്യമായി പ്രസിദ്ധീകൃതമായിട്ടുള്ളതും, സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുള്ളതും, പിന്നീട് അവാര്‍ഡ് നിരസിച്ചിട്ടുള്ളതുമായ, നായയെക്കുറിച്ചുള്ള പരിണാമം എന്ന നോവലാണ്. അച്ഛന് പറഞ്ഞു: അത് സാധാരണമായ ഒരു നോവലല്ല, അതിന്റെ ട്രീറ്റ്മെന്റ് വേറെയാണ്. നീ അത് വായിച്ചോളൂ. ചില പ്രത്യേക രീതിയിലുള്ള ലേഖനങ്ങളും കവിതകളും വരുമ്പോള്‍, നോവലുകള്‍ വരുമ്പോള്‍ എന്നോട് വായിച്ചു നോക്കാന്‍ പറയാറുണ്ട്. മലയാള കവികളുടെ ആരുടെയും, അച്ഛന്റെതടക്കം നിഷ്കര്‍ഷിച്ചു വായിക്കാന്‍ എന്നോട് പറയാറില്ല. അതൊക്കെ ഞാന്‍ വായിക്കുന്നത് അച്ഛന് ഇഷ്ടമില്ലായിരുന്നിരിക്കാം, എനിക്കറിയില്ല.
പിന്നെ വ്യക്തിപരമായ നിഷ്ഠയുടെ കാര്യത്തിലാണെങ്കില്‍ വസ്ത്രധാരണത്തിലൊന്നും അച്ഛന് വലിയ നിഷ്കര്‍ഷയൊന്നും ഉണ്ടായിരുന്നില്ല. പലപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങളൊക്കെയാണ് ധരിക്കാറ്. അതിനെപ്പറ്റി ചോദിക്കുമ്പോള്‍ വസ്ത്രത്തിലല്ലല്ലോ കാര്യം, പെരുമാറ്റത്തിലല്ലേ. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിക്കും അച്ഛന്റെ പെരുമാറ്റമാണോ ഏറ്റവും നല്ല പെരുമാറ്റം? ആള്ക്കാരൊടൊക്കെ ദേഷ്യപ്പെടുന്നത്? അതിന് അതിന്റെതായിട്ടുള്ള കാരണങ്ങളൊക്കെയുണ്ടെന്ന് അപ്പോള്‍ അച്ഛന് പറയും. എനിക്ക് തോന്നുന്നത് അച്ഛന് എന്ന വ്യക്തിയെ ആക്രമിക്കാതിരിക്കാനുള്ള പ്രതിരോധത്തിന്റെ തന്ത്രമായിരുന്നു മറ്റുള്ളവരോടുള്ള ഈ ദേഷ്യപ്പെടല്‍ എന്നാണ്. പേടി കൂടുതലായിരുന്നു അച്ഛന്. വ്യക്തിപരമായ ബന്ധത്തിലും, മറ്റുള്ളവരുമായിട്ടുള്ള ബന്ധത്തിലാണെങ്കിലും പേടി കൂടുതലായിരുന്നു അച്ഛന്. ഈ പേടിക്കൂടുതലാണ് അച്ഛന്റെ പെരുമാറ്റത്തിലുള്ള ഈ കാര്‍ക്കശ്യമെന്ന് എനിക്ക് തോന്നുന്നു. സംശയവും കൂടുതലായിരുന്നു. സംശയമേ ഉണ്ടായിരുന്നുള്ളൂ എന്നു പറയാം. മറ്റു പല വ്യക്തികളുമായി ഇടപെടുന്നതിലും അച്ഛന് ഭയങ്കര സംശയമായിരുന്നു. അതേസമയം വിശ്വസിച്ച് കൂടെ കൂട്ടിയിട്ടുള്ളവരെ എന്തു വന്നാലും കൂടെ നിര്‍ത്തുന്ന ഒരു പ്രത്യേക സ്വഭാവമായിരുന്നു അച്ഛന്റേത്.
രാഷ്ട്രീയത്തിന്റെ ആളായിരുന്നില്ല
ഒരു കവിയെന്ന രീതിയില്‍ എപ്പോഴും മൂളിക്കൊണ്ടു നടക്കും. എന്താണെന്ന് ചോദിച്ചാല്‍ പറയില്ല. രാത്രി വൈകി കസേരയിന്മേലിരുന്ന് എഴുതിക്കൊണ്ടിരിക്കുന്നത് കാണാം. വെട്ടുകയും തിരുത്തുകയും വീണ്ടും എഴുതുകയും ഇടയ്ക്കു വെറ്റില മുറുക്കുകയും ചെയ്യും. അച്ഛന് വളരെ നേരത്തെ എഴുന്നേല്ക്കും. ഞാനും അച്ഛനും ഒരുമിച്ചാണ് കിടക്കുക. വെളുപ്പിനെ എഴുന്നേറ്റ് നോക്കിയാല്‍ വെളിയില്‍ ലൈറ്റിട്ടിരുന്ന് കുറിക്കുന്നത് കാണാം. ഓണത്തിനും വിഷുവിനും മറ്റും വിശേഷാല്‍പ്രതികള്‍ ഇറങ്ങുന്ന കാലത്താണ് അച്ഛന്റെ ജോലികള്‍ കൂടുതലും. വിശേഷാല്പ്രതികളാണ് അച്ഛന്റെ കവിതകളെ പ്രസവിപ്പിച്ചിരുന്നതെന്നാണ് അച്ഛന് പറയാറ്. അത് ശരിയുമാണ്.
അച്ഛന്റെ കവിതകളിലേക്ക് ഇറങ്ങിച്ചെല്ലുവാനോ അവയെക്കുറിച്ച് വിലയിരുത്തുവാനോ ഉള്ള പാണ്ഡിത്യമൊന്നും എനിക്കില്ല. എന്റെ ഫീല്‍ഡ് വേറെയാണ്. അച്ഛന് മരിച്ചിട്ട് 35 വര്‍ഷത്തോളമായെങ്കിലും ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഒരു കവി അച്ഛനാണ് എന്നുള്ളതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അതിന്റെ കാരണത്തെപ്പറ്റി ഞാന്‍ ആലോചിക്കാറുണ്ട്. കൂടുതല്‍ ജനകീയമായിട്ടുള്ള വിഷയങ്ങള്‍, ജനങ്ങളെ വിഹ്വലപ്പെടുത്തുന്ന, ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രശ്നങ്ങള്‍ അച്ഛന് പുറമെ തുറന്നു കാണിക്കാറുണ്ട്. അതിന് ഒരു രീതിയിലും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഉള്ള ബന്ധങ്ങളൊന്നും ഒരിക്കലും തടസ്സമാകില്ല. അച്ഛന് ഒരു രാഷ്ട്രീയത്തിന്റെയും ആളല്ല എന്നുള്ളതായിരുന്നു സത്യം. അങ്ങനെയല്ലെന്ന് പലരും പറയുമെങ്കിലും. അച്ഛന്റെ വ്യക്തമായ നയം, അച്ഛന്റെ ചേരിചേരാ നയമായിരുന്നു. നന്മയുടെ ഭാഗത്ത്, അച്ഛന് ശരിയെന്നു തോന്നുന്ന കാര്യത്തില്‍ നൂറു ശതമാനവും ഉറച്ചുനില്‍ക്കുന്ന സ്വഭാവമായിരുന്നു അച്ഛന്റേത്. വേറൊന്നിനും സ്വാധീനിക്കാന്‍ പറ്റിയിരുന്നില്ല അച്ഛനെ.
കുടിയൊഴിക്കലിലെ പ്രവാചകത്വം
എത്രയോ കാലം മുന്‍പാണ് കുടിയൊഴിക്കല്‍ എന്ന കവിത എഴുതിയതെന്നോര്‍ക്കണം. അതിന്റെ പ്രസക്തി ഏറിവരുന്നു. ഞാന്‍ ഇപ്പോഴൊക്കെയാണ് കവിതകള്‍ കൂടുതല്‍ വായിച്ചു തുടങ്ങിയത്. കുടിയൊഴിക്കലിന്റെയൊക്കെ ട്രീറ്റ്മെന്റ് ഒരു പ്രത്യേക ട്രീറ്റ്മെന്റാണ്. സാമൂഹ്യമായിട്ടുള്ള ഒരു പ്രശ്നത്തെ വളരെ സവിശേഷമായി വിലയിരുത്തുന്നതായി ഒരു പ്രത്യേക രീതിയിലാണ് അത് കൊണ്ടുപോയിരിക്കുന്നത്. അങ്ങനെ വിലയിരുത്തിയിട്ടുള്ള കവിതകള്‍ നമ്മള് വായിക്കുമ്പോള്‍ ഒരു പ്രവാചക സ്വഭാവമുണ്ടെന്ന് നമുക്ക് തോന്നാറുണ്ട്. അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല, മഹത്തായ സാഹിത്യകാരന്മാരുടെയൊക്കെ കാര്യത്തിലും ആ പ്രവാചക സ്വഭാവം കാണാറുണ്ട്.
അച്ഛന്റെ ചെറുപ്പകാലത്തെക്കുറിച്ചൊന്നും എനിക്കറിയില്ല. അച്ഛന് പറഞ്ഞു തന്നിട്ടുള്ള കാര്യമേ എനിക്കറിയുള്ളൂ. ഞാന്‍ ഉണ്ണികൃഷ്ണന് സാറുമായി അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അച്ഛന്റെ ‘സാവിത്രി’യെന്ന കവിത- അധികം കൊണ്ടാടപ്പെടാത്ത കവിതയാണെന്നു തോന്നുന്നു സാവിത്രി. വളരെ കുറച്ചു പേര് മാത്രമേ പറഞ്ഞു കേട്ടിട്ടുള്ളൂ. അച്ഛന് സാവിത്രിയില്ക്കൂടി പറയുന്ന, സ്ത്രൈണ ഭാവം ദ്വന്ദവ്യക്തിത്വമെന്ന് പറയാവുന്ന എന്തോ ഒന്ന് അച്ഛന്റെ ഉള്ളിലുണ്ടായിരുന്നിരിക്കാം. അച്ഛനെ പ്രൊട്ടക്ട് ചെയ്യുന്നതും സാന്ത്വനിപ്പിക്കുന്നതും, അച്ഛനെ ശരിയുടെ പക്ഷത്ത് ഉറപ്പിച്ചു നിര്ത്തുന്നതുമായിട്ടുള്ള ഒരു സാവിത്രി, ഒരു സ്ത്രൈണഭാവമാണെന്നുള്ളത് ഒരു വാഗ്ദേവതാ സങ്കല്‍പ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛന്റെ കവിതകളെക്കുറിച്ചു തന്നെ അച്ഛന് അതിലെഴുതിയിട്ടുള്ള ടിപ്പണികള്‍ വച്ചു നോക്കുമ്പോള്‍ അങ്ങനെയാണ് എനിക്ക് തോന്നുന്നത്.
അച്ഛന്റെ ചെറുപ്പകാലത്തെ കുറെ ചിതറിയ ഓര്മകളെക്കുറിച്ചൊക്കെ അതില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള സ്കാറ്റേര്ഡായിട്ടുള്ള കഥകള്‍ എന്നോടും പറഞ്ഞിട്ടുണ്ട്. അച്ഛനും അച്ഛന്റെ അച്ഛനും തമ്മിലുള്ള റിലേഷന്‍ഷിപ്പ് മുതലായവയെക്കുറിച്ചുള്ള കാര്യങ്ങള്‍. അച്ഛന് ഒരു കാര്യത്തില്‍ മാത്രമാണ് വിഷമമുണ്ടായിരുന്നത്. സംസ്കൃതം പഠിക്കാന്‍ പറ്റാത്തതുകൊണ്ടാണ്. പഠിച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ യെന്ന് അച്ഛന് പറയാറുണ്ട്. സംസ്കൃതം പഠിച്ചിട്ടുള്ളയാളാണ് ഞാന്‍. എന്റെ വൈദ്യവൃത്തിക്ക് ആവശ്യമുള്ളതു മാത്രം. അച്ഛന്റെ പല കവിതകളിലെയും സംസ്കൃത പദങ്ങള്‍ എനിക്ക് അന്യമാണ്. അത് വായിച്ചര്‍ത്ഥം മനസ്സിലാക്കാന്‍ കുറച്ചധികം റഫര്‍ ചെയ്യേണ്ടിവരുന്നുണ്ട്. അച്ഛന് പറയുന്നതിനര്‍ത്ഥം കുറച്ചുകൂടി സംസ്കൃതം അറിയേണ്ടിയിരുന്നു എന്നു മാത്രമേ ഉള്ളൂ. സംസ്കൃതത്തില്‍ വളരെയധികം പാണ്ഡിത്യം ഉണ്ടായിരുന്നെങ്കില്‍ ഇത്രയധികം ജനകീയമായ കവിതകള്‍ എഴുതുമായിരുന്നോ? ഇങ്ങനെയായിരിക്കുമോ എഴുന്നത്? ഇത്രയും സ്വീകാര്യത കിട്ടുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.
കുഞ്ഞിരാമന് നായര്‍ നല്കിയ സന്തോഷം
അച്ഛന്റെ മറ്റു കവികളുമായിട്ടുള്ള അടുപ്പം. ജി. ശങ്കരക്കുറുപ്പുമായിട്ടുള്ളത് ഒരു ജ്യേഷ്ഠ സ്ഥാനീയന് എന്ന തരത്തിലായിരുന്നു. എന്തുകൊണ്ടോ കവിതകൊണ്ടും പ്രായംകൊണ്ടും. അദ്ദേഹവും എറണാകുളത്തുകാരന് തന്നെയായിരുന്നല്ലോ. അച്ഛന് ഏറ്റവും കൂടുതല്‍ സന്തോഷം പങ്കുവയ്ക്കുന്നത് പി. കുഞ്ഞിരാമന് നായരുമായിട്ടായിരുന്നു. അദ്ദേഹത്തെ കണ്ടു കഴിഞ്ഞാല്‍ അച്ഛന് അത്രയധികം സന്തോഷമാണ്. രണ്ടുപേരും മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഒ.എന്‍.വി. കുറുപ്പ്, വിഷ്ണു നാരായണന് നമ്പൂതിരി സാര്‍. എനിക്ക് ചെവിക്ക് അസുഖമായിരുന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒന്നര മാസം കഴിയേണ്ടി വന്നിട്ടുണ്ട്. അപ്പോള്‍ അവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നു ഒഎന്‍വി, വിഷ്ണു നാരായണന് നമ്പൂതിരി സാര്‍, സുഗതകുമാരി ചേച്ചി, കൈനിക്കര കുമാരപിള്ള അങ്ങനെ കുറച്ചധികം പേര്. പല പല ശ്രേണിയിലുള്ള പല ആള്ക്കാര്. കവികള്‍ മാത്രമല്ല, നോവലിസ്റ്റ് ജി. വിവേകാനന്ദന് അങ്ങനെ പലരും. വിഷ്ണു നാരായണന് നമ്പൂതിരി സാറുമായിട്ടുള്ള അച്ഛന്റെ അടുപ്പം ഒരു പ്രത്യേക രീതിയിലായിരുന്നു. വിഷ്ണു സാറിനെ കുട്ടന് എന്നൊക്കെയാണ് വിളിക്കുക. അങ്ങനെ പലരുമായിട്ടും വ്യക്തിപരമായി വളരെയധികം അടുപ്പമുണ്ടായിരുന്നു.
അന്നൊക്കെ ഞാനത് ‘ഇന്‍സൈഡര്‍ കം ഔട്സൈഡര്’ എന്ന രീതിയില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. കവിത്വമോ കവിതയോ എന്നിലില്ലെങ്കില്‍ തന്നെ അച്ഛന്റെ മകന് എന്ന രീതിയിലുള്ള ഇന്‍സൈഡര്‍ ആയി ഞാന്‍ ഇക്കാര്യങ്ങളൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതൊക്കെ എന്റെ വ്യക്തിത്വ രൂപീകരണത്തിന് വളരെയധികം പകര്‍ന്നു തന്നിട്ടുണ്ടാവാം. വളര്‍ന്നുവരുന്ന മറ്റു കവികളുമായിട്ട്, ഉദാഹരണമായി മുല്ലനേഴിയുമായിട്ടുള്ള ബന്ധം എനിക്ക് വളരെ വ്യക്തിപരമായി അറിയാവുന്നതാണ്. മുല്ലനേഴി അച്ഛന്റെ നേരിട്ടുള്ള ശിഷ്യന് തന്നെയായിരുന്നു. അച്ഛന് മുല്ലനേഴിയെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുകയും വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതേസമയം എപ്പോഴും മുല്ലനേഴിയുമായി വഴക്കടിക്കാറുമുണ്ട്. അങ്ങനെ പല കവിയശഃപ്രാര്ത്ഥികളും അച്ഛന്റെ അടുത്തു വരാറുണ്ട്, സി.എ. ജോസഫ് മുതലായിട്ടുള്ളവര്. അവരില്‍ പലരും പ്രായംകൊണ്ട് മുതിര്‍ന്ന കവികളായിരുന്നെങ്കിലും ഏറെ പ്രശസ്തി കിട്ടാതെ പോയ കവികളായിരുന്നു. അവരെയൊക്കെ വളര്‍ത്തിക്കൊണ്ടുവരാന്‍ അച്ഛന് പരമാവധി ശ്രമിച്ചിട്ടുമുണ്ട്.
സ്വാതന്ത്ര്യത്തിനുവേണ്ടി ത്യജിച്ചു
അച്ഛന്റെ വേറൊരു പ്രത്യേകത പബ്ലിഷ് ചെയ്യാനുള്ള വിമുഖതയാണ്. കവിതയെഴുതും, ഒരുപക്ഷേ ആഴ്ചപ്പതിപ്പുകളുടെ നിര്‍ബന്ധം കാരണം അത് പോസ്റ്റ് ചെയ്യും. വീണ്ടും തിരിച്ചാവശ്യപ്പെട്ട് അടുത്ത തപാലില്‍ കത്തയയ്ക്കുന്നയാളാണ് അച്ഛന്, അത് ശരിയായിട്ടില്ലെന്നും പറഞ്ഞ്. അപ്പോഴേക്കും അത് പ്രസിദ്ധീകരിച്ചു കഴിഞ്ഞിട്ടുണ്ടാവും. പുസ്തകരൂപേണ പ്രസിദ്ധീകരിക്കാതെ വച്ച് പലരുടെയും സമ്മര്‍ദ്ദം മൂലമാണ് ‘മകരക്കൊയ്ത്ത്’ പ്രസിദ്ധീകരിച്ചത്. ‘മകരക്കൊയ്ത്ത്’ പ്രസിദ്ധീകരിക്കുന്നതിനുവേണ്ടിയാണെന്ന് തോന്നുന്നു, കോഴിക്കോട് ‘മാതൃഭൂമി’യിലേക്ക് എന്നെ അയച്ചു. അന്ന് എന്റെ അനുജന് കോഴിക്കോട് ഹോമിയോപ്പതി മെഡിക്കല്‍ കോളജില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. വളരെ പഴയ, വൈലോപ്പിള്ളി എന്ന പേരിനും മുന്‍പ് ശ്രീ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്തെ ലേഖനങ്ങളും മറ്റും കിട്ടുമോ എന്നറിയാന്‍. അവിടുന്ന് രണ്ടുമൂന്നെണ്ണം കളക്ട് ചെയ്യാന്‍ കഴിഞ്ഞു. അതൊക്കെ വീണ്ടും തിരുത്തലുകള്‍ വരുത്തുന്നത് കാണാമായിരുന്നു.
അച്ഛന് മരിക്കുന്നതിനു മുന്‍പുള്ള മൂന്നു വര്‍ഷക്കാലം ഞാന്‍ ഹൈദരാബാദില്‍ പിജി ചെയ്തുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ്, സെപ്തംബര്‍ 28 നാണെന്ന് തോന്നുന്നു അച്ഛന് താമസിക്കുന്ന ക്വോര്‍ട്ടേഴ്സില്‍ ഞാന്‍ ചെന്നപ്പോള്‍ അച്ഛന്റെ ശബ്ദമൊന്നും കേള്‍ക്കുന്നില്ല. മുട്ടിയിട്ടും വിളിച്ചിട്ടും മറുപടിയില്ല. ജനാല വഴി നോക്കിയപ്പോള്‍ അച്ഛന് നിലത്തു വീണുകിടക്കുന്നതാണ് കണ്ടത്. വാതില്‍ തള്ളി തുറന്നപ്പോള്‍ അച്ഛന് ബോധമില്ലാതെ കിടക്കുകയാണ്. ഉടനെ ടാക്സി വിളിച്ച് അച്ഛനെ ടി.ഐ. രാധാകൃഷ്ണന് ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് മസ്തിഷ്ക്കാഘാതമാണെന്ന് മനസ്സിലായത്. പരമാവധി പരിചരണം കൊടുക്കാന്‍ ഡോക്ടര്‍ ശ്രമിച്ചിരുന്നു. ഞങ്ങളാലാവുംവിധം സപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ശ്രീചിത്രയ്ക്ക് കൊണ്ടുപോകണമോ എന്ന് അച്ചുതമേനോന് (മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്) സാറും കരുണാകരന് സാറും (മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്) അന്നത്തെ പ്രബലരായ പലരും ആരാഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ ഇവിടുന്ന് തിരുവനന്തപുരം വരെ കൊണ്ടുപോകാന്‍…, പറ്റില്ലായിരിക്കും.
ഡിസംബര്‍ 22 ന് അച്ഛന് മരിച്ചു. ജീവിതത്തിലുടനീളമുള്ള അച്ഛന്റെ വൈയക്തികമായിട്ടുള്ള, അമ്മയും ഞങ്ങളുമായിട്ടുള്ള അകന്നുള്ള താമസം, കവിയെന്ന രീതിയിലുള്ള ജീവിതം, പാചകം… ഒരു പ്രത്യേക രീതിയില്‍ വിലയിരുത്തപ്പെടേണ്ടതായ വ്യക്തിയാണ്. കവികള്‍ക്ക് സ്വാതന്ത്ര്യം കൂടുതല്‍ വേണമെന്നുള്ളതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. അച്ഛന് നൂറുശതമാനം ആ സ്വാതന്ത്ര്യം അനുഭവിക്കാന്‍ വേണ്ടി പലതും ത്യജിച്ചിട്ടുള്ളയാളാണ് എന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇത്രയേ എനിക്ക് ഇപ്പോള്‍ അച്ഛനെക്കുറിച്ച് ഓര്മ വരുന്നുള്ളൂ.
ഡോ.ടി. ശ്രീകുമാര്‍
9447071367
പ്രതികരിക്കാൻ ഇവിടെ എഴുതുക: