അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ ലോകരാഷ്ട്രങ്ങള്‍ കടന്നുപോകുന്നത്. കൊറോണ വൈറസ് വ്യാപനം തന്നെ കാരണം. കടുത്ത നടപടികള്‍ എടുത്തുകൊണ്ട് മാത്രമേ ഈ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. അത് എപ്രകാരം വേണമെന്നത് അവരുടെ ആഭ്യന്തര കാര്യമാണ്. വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ വേണ്ടത്ര ഗൗരവത്തോടെ സ്ഥിതിഗതികള്‍ വിലയിരുത്താനോ നടപടികള്‍ സ്വീകരിക്കാനോ വിമുഖത കാണിച്ചതിന്റെ പ്രത്യാഘാതം അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രോഗവ്യാപന തോതും മരണനിരക്കുമെല്ലാം യുഎസില്‍ അനുദിനം ഉയരുന്നു. എന്നാല്‍ ഇന്ത്യ അങ്ങനെയായിരുന്നില്ല. കരുതലോടുകൂടിത്തന്നെയായിരുന്നു കേന്ദ്രത്തിന്റെ ഓരോ നീക്കവും. രോഗവ്യാപന സാധ്യത മുന്നില്‍ കണ്ടുകൊണ്ട് ലോക്ഡൗണ്‍ ആദ്യം തന്നെ പ്രഖ്യാപിച്ച രാജ്യമാണ് ഇന്ത്യ. മാര്‍ച്ച് 25 നാണ് 21 ദിവസം നീളുന്ന സമ്പൂര്‍ണ ലോക്ഡൗണിലേക്ക് രാജ്യം നീങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് അക്കാര്യം ജനത്തെ അറിയിച്ചത്. അതൊരു അറിയിപ്പായിരുന്നില്ല, രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി പൗരന്മാര് സഹകരിക്കണമെന്ന അഭ്യര്‍ത്ഥനയായിരുന്നു.
നിങ്ങള്‍ എവിടെയാണോ അവിടെ തന്നെ തുടരൂ എന്നായിരുന്നു അതിന്റെ കാതല്‍. രാജ്യം തന്നെ അടച്ചിടുക എന്നത് അന്നാളത്രയും പരിചിതമല്ലാത്ത കാര്യമായിരുന്നു. സഞ്ചാര സ്വാതന്ത്ര്യം പോലും പരിമിതപ്പെടുത്തി എന്തിനാണ് ഇത്ര കടുത്ത നീക്കം എന്ന് ജനങ്ങള്‍ അമ്പരുന്നു. കേന്ദ്രം എന്ത് നിര്‍ദ്ദേശിക്കുന്നോ അക്കാര്യം നടപ്പാക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനം കേന്ദ്രത്തോട് ഓരോന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. അതില്‍ പ്രധാനം പ്രവാസികളേയും അന്യസംസ്ഥാനത്ത് അകപ്പെട്ടുപോയ മലയാളികളേയും നാട്ടില്‍ എത്തിക്കണം എന്നതായിരുന്നു. പ്രവാസി മലയാളികളെ പ്രത്യേക വിമാനത്തില്‍ നാട്ടില്‍ എത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചത് ഏപ്രില്‍ 13 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്. കേന്ദ്രം പ്രഖ്യാപിച്ച ഒന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കാന്‍ ഒരുദിവസം ബാക്കി നില്‍ക്കെയായിരുന്നു അത്. എന്നാല്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നതില്‍ കേന്ദ്രത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് തിടുക്കം കൂട്ടിയത് മുഖ്യമന്ത്രിക്കും മുന്നേ മന്ത്രി കെ.ടി. ജലീല്‍ ആയിരുന്നു. തിരികെയെത്തുന്ന പ്രവാസികള്‍ക്ക് വേണ്ടി ആവശ്യമായ ക്വാറന്റൈന് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു ഏപ്രില്‍ 11 ന് ജലീലിന്റേതായി പുറത്തുവന്ന പ്രസ്താവന. ഇതേ വ്യക്തിതന്നെയായിരുന്നു സുപ്രീം കോടതി പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയപ്പോള്‍ ഹര്‍ജി നല്‍കിയവരെ പഴിചാരി രംഗത്തുവന്നത്. ഇപ്പോള്‍ നിങ്ങള്‍ എവിടെയാണോ അവിടെ തുടരൂവെന്നാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബഞ്ച് നിര്‍ദ്ദേശിച്ചത്. പ്രവാസികളെ മടക്കിക്കൊണ്ടുവരാനുള്ള സാധ്യത അടച്ചുവെന്നായിരുന്നു ജലീലിന്റെ കുറ്റപ്പെടുത്തല്‍. മഹാമാരിയുടെ മറവില്‍ ചില സ്വാര്‍ത്ഥ താല്പര്യങ്ങള് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചപ്പോള്‍ ഏറ്റ തിരിച്ചടിയായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം.
പ്രവാസികളെ മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം വേണ്ട നടപടിയെടുക്കുന്നില്ല എന്നായിരുന്നു ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പിന്നീടുള്ള വായ്ത്താരി. കൊറോണ രൂക്ഷമായി ബാധിച്ചിട്ടുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നത് സ്ഥിതി വഷളാക്കുമെന്ന് സാമാന്യബോധമുള്ള ആര്‍ക്കും മനസ്സിലാകും. എല്ലായിടത്തും കടുത്ത യാത്രാവിലക്കുള്ള കാലയളവില്‍ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കുന്നത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ക്ക് എതിരാണെന്നും അത് അപ്രായോഗികവും ആണെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പലയാവര്‍ത്തി വ്യക്തമാക്കിയിരുന്നു. പക്ഷേ, വിദേശത്തുനിന്ന് എത്ര പ്രവാസികള്‍ എത്തിയാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു. വിവിധ ജില്ലകളിലായി 2.5 ലക്ഷം മുറികള്‍ ക്വാറന്റൈന് കേന്ദ്രങ്ങളാക്കി മാറ്റിയെന്നായിരുന്നു അവകാശവാദം. സംസ്ഥാനം പൂര്‍ണ സജ്ജമാണ്, കേന്ദ്രം അനുകൂലിച്ചാല്‍ മതിയെന്ന് ഇതിലൂടെ വരുത്തിത്തീര്‍ത്തു. ഏപ്രില്‍ 14 നാണ് പ്രവാസികളെ സ്വീകരിക്കാന്‍ ഒരുങ്ങി സംസ്ഥാനം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയത്. പ്രവാസികളെ ഉടന്‍ തികികെയെത്തിക്കാനാവില്ലെന്ന് കേന്ദ്രം ഏപ്രില്‍ 17 ന് ഹൈക്കോടതിയിലും വ്യക്തമാക്കിയിരുന്നു. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിന് സംസ്ഥാനങ്ങള്‍ നടത്തുന്ന തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചത് ഏപ്രില്‍ 25 ന്. എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി എന്നാണ് കേന്ദ്രത്തിന് കേരളം നല്കിയ മറുപടി. എയര്‍ ഇന്ത്യയുടെ വിമാനങ്ങളും നാവിക കപ്പലുകളുമാണ് ഇന്ത്യാക്കാരെ തിരികെ എത്തിക്കാന്‍ ഉപയോഗിക്കുന്നതെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചു. . കേരളത്തിലെ നാല് വിമാനത്താവളങ്ങളും സജ്ജമാണെന്നും വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിച്ചത് ഏപ്രില്‍ 26 നാണ്.
മെയ് ഏഴിന് വന്ദേഭാരത് ദൗത്യത്തിന് തുടക്കം കുറിച്ചു. ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് പ്രവാസികളുമായി ആദ്യ വിമാനങ്ങള്‍ പറന്നിറങ്ങി. അപ്പോഴും ക്വാറന്റൈന് കാലയളവ് സംബന്ധിച്ച് കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സംസ്ഥാനം വീഴ്ച വരുത്തി. കാലാവധിയില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രം ആവശ്യം തള്ളിയെന്നുമാത്രമല്ല, 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതിയില്‍ വാദിക്കുകയും ചെയ്തു. വൈറസ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഇവിടെ കാര്യങ്ങള്‍ തോന്നുംപടിയാണ് എന്നതിന് ഇതില്പരം തെളിവ് വേണ്ടകൊറോണയെ നിയന്ത്രിച്ചുനിര്‍ത്താന്‍ പരിശ്രമിക്കുന്നതിനിടയിലാണ് പ്രവാസികളെ ഇങ്ങോട്ടുകൊണ്ടുവന്ന് കൂടുതല്‍ സങ്കീര്‍ണത സൃഷ്ടിക്കാന്‍ സംസ്ഥാനം വെമ്പല്‍ കൊണ്ടത്. ഇപ്പോള്‍ കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍, പ്രവാസികള്‍ എത്തിയതാണ് സ്ഥിതി വഷളാവാന്‍ കാരണമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. പരോക്ഷമായി പഴിക്കുന്നതാവട്ടെ കേന്ദ്രത്തേയും. രോഗികളുടെ എണ്ണം കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികിത്സയില്‍ നല്‍കാനാവില്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറയുന്നത്. കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതല്‍ അപകടകരമാകുമെന്നും പറയുന്നു. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ സ്ഥിതി അപകടകരമാണെന്ന മുന്നറിയിപ്പും അവര്‍ നല്‍കുന്നുണ്ട്. എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തി എന്ന അവകാശവാദമുന്നയിച്ച് പ്രവാസികളെ നാട്ടിലെത്തിച്ചിട്ട് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകും മരണ സംഖ്യ ഉയരും എന്നൊക്കെ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഒരുക്കങ്ങള്‍ പാളി എന്ന് തീര്‍ച്ച.സര്‍ക്കാരിന്റെ മുന്നൊരുക്കങ്ങളില്‍ വിശ്വസിച്ചാണ് കേന്ദ്രം പ്രവാസികളെ കൊണ്ടുവരുന്നതിന് പച്ചക്കൊടി വീശിയത്.
വിദേശത്തുള്ളവരെ കൊണ്ടുവരാമെങ്കില് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെയും സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിന് തടസ്സം എന്തെന്നായി പിന്നീട് ഉയര്‍ന്ന ചോദ്യം. അവര്‍ക്കും നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജം എന്ന് സംസ്ഥാനം വാദിച്ചു. നോര്‍ക്ക റൂട്ട്സ് വഴി അന്യസംസ്ഥാനത്ത് കുടുങ്ങിപ്പോയവര്‍ക്കും രജിസ്ട്രേഷന് സൗകര്യം ഏര്‍പ്പെടുത്തി. ഫലത്തില്‍ പ്രവാസികളേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരേയും ഒരേ സമയം സ്വീകരിക്കുക എന്ന ഗതികേടിലായി സംസ്ഥാനം. എല്ലാം ഒരുക്കിയിട്ടുണ്ട്, നിങ്ങള്‍ വന്നുകൊള്ളൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകേട്ടെത്തിയവര് അനുഭവിച്ചതാവട്ടെ തീരാദുരിതവും. മതിയായ സൗകര്യങ്ങള്‍ ഇല്ലാത്ത ക്വാറന്റൈന് കേന്ദ്രങ്ങള്‍. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താല്‍ നിരീക്ഷണ കേന്ദ്രത്തിലുള്ളവര്‍ക്കും രോഗം പടര്‍ന്നുപിടിക്കുമോ എന്നാണ് ആശങ്ക. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ദയനീയ സ്ഥിതിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ഒരു ഉദാഹരണം മാത്രം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്ര പേര് കേരളത്തിലെത്തി, അവര്‍ തീവ്രബാധിത മേഖലകളില്‍ നിന്ന് വന്നവരാണോ, നിരീക്ഷണത്തില്‍ തുടരുന്നുണ്ടോ എന്നതിനെപ്പറ്റിയൊന്നും കൃത്യമായ വിവരം സര്‍ക്കാരിന്റെ പക്കലില്ല. എല്ലാവരും കൂടി വന്നാല്‍ എല്ലാവര്ക്കും ബുദ്ധിമുട്ടാകും എന്ന് അധികൃതര്‍ ഇപ്പോള്‍ ചിന്തിച്ചിട്ട് കാര്യമില്ല. എല്ലാം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വച്ചുകെട്ടുന്നത് ഇരുട്ടുകൊണ്ട് ദ്വാരം അടയ്ക്കുന്നതിന് തുല്യമാണ്. ഫലപ്രദമായി കാര്യങ്ങള്‍ എപ്രകാരം നടപ്പിലാക്കണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ മതിയായ സമയവും സാവകാശവും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരുന്നു. അത് പ്രയോജനപ്പെടുത്താതെ തിരക്കിട്ട് കാര്യങ്ങള്‍ ചെയ്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണം. നിങ്ങള്‍ എവിടെയാണോ അവിടെ സുരക്ഷിതരായി തുടരൂ എന്നത് വെറുംവാക്കായി കണ്ടതിന് കേരളം നല്‍കേണ്ടി വരുന്ന വില എത്ര വലുതായിരിക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. സംസ്ഥാനത്തിന്റെ പിടിപ്പുകേടിന് കേന്ദ്രത്തിന് മേല്‍ കുറ്റം ആരോപിക്കുന്നതിന് പകരം ക്രിയാത്മകമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: