ന്യൂദല്‍ഹി: ഇതര സംസ്ഥാനത്തൊഴിലാളികളെ സ്വന്തം നാടുകളില്‍ മടക്കിയെത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ആത്മാര്‍ഥ ശ്രമങ്ങളെ അഭിനന്ദിച്ച് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. മോദിക്കയച്ച കത്തിലാണ് അഭിനന്ദനം.
ഇതര സംസ്ഥാനത്തൊഴിലാളികളുടെ പേരില്‍ കോണ്‍ഗ്രസും സോണിയയും രാഹുലും കേന്ദ്രത്തിനെതിരെ വലിയ കോലാഹലമുണ്ടാക്കുന്ന സമയത്താണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. ലോക്ഡൗണില്‍ കുടുങ്ങിയ ഇതര സംസ്ഥാനത്തൊഴിലാളികളെയും രോഗികളെയും അവരുടെ കുടുംബങ്ങളെയും വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയും വിനോദസഞ്ചാരികളെയും 300 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ നടത്തി സ്വന്തം നാടുകളിലെത്തിക്കാന്‍ കൈക്കൊണ്ട താങ്കളുടെ ആത്മാര്‍ഥമായ ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
എന്നാല്‍, ടിക്കറ്റ് നിരക്ക് കുറയ്ക്കുകയോ യാത്ര സൗജന്യമാക്കുകയോ കൂടി ചെയ്യണം. എസി കോച്ചുകള്‍ക്കു പകരം സാധാരണ കോച്ചുകള്‍ ഏര്‍പ്പെടുത്തണം, കത്തില്‍ ചൗധരി അഭ്യര്‍ഥിച്ചു. ബംഗാളിലെ ബെര്‍ഹാംപൂരില്‍ നിന്ന് അഞ്ച് തവണ എംപിയായ ചൗധരി മുന്‍കേന്ദ്ര റെയില്‍ സഹമന്ത്രിയാണ്. ചൗധരിയുടെ കത്ത് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടാക്കി. ഇതര സംസ്ഥാനത്തൊഴിലാളികളുടെ യാത്രാച്ചെലവ് സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റികള്‍ വഹിക്കണമെന്ന് നിര്‍ദ്ദേശിച്ച സമയത്താണ് ലോക്സഭയിലെ അവരുടെ നേതാവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: