കാസര്‍കോട്: കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാക്കളായ രണ്ട് പൊതുപ്രവര്‍ത്തകരുടെ സമ്പര്‍ക്ക പട്ടിക ആശങ്കപ്പെടുത്തുന്നത്. ഇവരില്‍ പഞ്ചായത്ത് അംഗം കൂടിയായ ഭാര്യ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലും പങ്കെടുത്തതായാണ് വിവരം. പൊതുപ്രവര്ത്തകന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡില്‍ കാന്‍സര്‍ രോഗിയെയും കൊണ്ട് ചികിത്സയ്ക്ക് എത്തിയതായും ആശുപത്രിയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ചതായും വിവരം പുറത്ത് വന്നിട്ടുണ്ട്.
കൂടാതെ ഇദ്ദേഹം കാന്‍സര്‍ രോഗിയെയും കൊണ്ട് പരിയാരം മെഡിക്കല്‍ കോളജിലും പോയിരുന്നതായാണ് വെളിപ്പെട്ടിട്ടുള്ളത്. ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും ജനങ്ങളുമായും ബന്ധപ്പെട്ടിരുന്നതായും അതുകൊണ്ട് തന്നെ സമ്പര്‍ക്ക പട്ടികയിലുള്ളവരെ മുഴുവന്‍ കണ്ടെത്തുക എന്നത് ആരോഗ്യ വകുപ്പിനെ കുഴക്കുകയാണ്. കാന്‍സര്‍ രോഗിയെ എക്സ്റേയ്ക്ക് വിധേയമാക്കിയ ആരോഗ്യ പ്രവര്‍ത്തകയാണ് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിക്കപ്പെട്ട ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
മഹാരാഷ്ട്രയില്‍ നിന്ന് മേയ് നാലിന് വരികയും പതിനൊന്നാം തീയതി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തയാളെ തലപ്പാടിയില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുവന്നത് പൊതുപ്രവര്‍ത്തകനും ഭാര്യയും ചേര്‍ന്നാണ്. ഭാര്യയുടെ ബന്ധുവാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. പൊതുപ്രവര്‍ത്തകന്റെ രണ്ട് ആണ്‍കുട്ടികള്‍ക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ കാലയളവില്‍ മൂന്നുതവണയാണ് ഇദ്ദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ്, ലാബ്, എക്സ്റേ റൂം എന്നിവിടങ്ങളില്‍ പ്രവേശിക്കുകയും ചെയ്തത്. മേയ് 12 ന് ആണ് ഇവരുടെ സ്രവം പരിശോധനയ്ക്കായെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: