ഇടുക്കി: മഴക്കാലത്ത് കൊറോണ പ്രോട്ടോകോള്‍ പ്രകാരം സാമൂഹികാകലം പാലിച്ചുള്ള പുനരധിവാസം സര്‍ക്കാരിന് വെല്ലുവിളി. കഴിഞ്ഞ രണ്ട് വര്‍ഷവും തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ വലിയ ദുരിതവും അതിലേറെ നഷ്ടവുമാണ് സംസ്ഥാനത്തിനുണ്ടാക്കിയത്. ഈ സാഹചര്യത്തില്‍ ഇനിയൊരു പ്രകൃതിക്ഷോഭം മുന്നില്‍ക്കണ്ട് ഇപ്പോഴേ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
2018ലെ പ്രളയത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ദുരിതാശ്വാസ കേന്ദ്രത്തില്‍ അഭയം തേടേണ്ടി വന്നു. 2019ലും പലയിടത്തും പ്രളയമുണ്ടായി. ഈ വര്‍ഷം ഇത്തരത്തിലുള്ള സാഹചര്യമുണ്ടായാല്‍ കൊറോണ പ്രൊട്ടോകോള്‍ നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കും, വിദഗ്ധര്‍ പറയുന്നു.
പ്രകൃതി ദുരന്ത മേഖലയില്‍ വീടുകള്‍ ഉള്‍പ്പെടെ ക്വാറന്റൈന് കേന്ദ്രങ്ങളില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി. രവി പറഞ്ഞു. പ്രായമായവര്‍, കുട്ടികള്‍, ആരോഗ്യപ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കണം. പ്രളയം പോലുള്ളവ ഉണ്ടാകുന്നതിന് മുമ്പ് തന്നെ പരമാവധി ആളുകളെ മാറ്റണം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ വെള്ളം കയറിയ വീടുകളിലെ താമസക്കാരെ ഇത്തരത്തില്‍ നേരത്തെ തന്നെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താത്കാലിക പുനരധിവാസ കേന്ദ്രങ്ങളില്‍ പ്രോട്ടോകോള്‍ പ്രകാരം എല്ലാ സൗകര്യവുമൊരുക്കണം. എത്ര പേരെ പാര്പ്പിക്കാനാകുമെന്ന വിവരങ്ങളും വേണം. വരാന്‍ പോകുന്ന മഴക്കാലം മുന്നില്‍ക്കണ്ട് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് മുന്‍കരുതലെടുക്കണം. ഇതിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കണമെന്നും എസ്.പി. രവി പറഞ്ഞു. കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ മാസങ്ങളെടുക്കും. തണുപ്പ് കാലാവസ്ഥ കൊറോണ വൈറസ് വേഗത്തില്‍ പടരുന്നതിന് ആക്കം കൂട്ടുമെന്നും ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: