കൊച്ചി: കൊറോണയെ തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ചുരുങ്ങിയ സമയംകൊണ്ട് അന്വേഷണം, വിശദമായ ആരോഗ്യ പരിശോധന, പുറത്തേക്കിറങ്ങാന്‍ വ്യക്തിഗത വിവരങ്ങള്‍ നല്കിയാല് മാത്രം ലഭിക്കുന്ന പാസ്, മുന്‍കൂട്ടി അറിയിച്ച വാഹനത്തില്‍ മാത്രം യാത്ര. അതും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സ്ഥലത്തേക്കു മാത്രം. മൂന്ന് വട്ടം ആരോഗ്യ പരിശോധനകള്‍ നടത്തും ഒടുവില്‍ നാലാം ഘട്ടത്തില്‍ പുറത്തേക്ക്. സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
എമിഗ്രേഷനില്‍ എത്തുന്നതിന് മുമ്പ് പ്രവാസികളെത്തുന്നത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ മുറിയിലേക്കാണ്, ഇവിടെയാണ് പരിശോധനയുടെ ആദ്യഘട്ടം. പ്രത്യേകം സുരക്ഷാ വസ്ത്രങ്ങള്‍ അണിഞ്ഞ ഡോക്ടറുടെയും നഴ്സും ഹെല്‍ത്ത് ഇന്‍സ്പെക്ടറുമാണ് ഇവരെ സ്വീകരിക്കുക. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട വിശദമായ ചോദ്യങ്ങളാണ് പിന്നീട്്. പനി, ചുമ, തുടങ്ങി ഏതെങ്കിലും ലക്ഷണം ആരെങ്കിലും അറിയിച്ചാല്‍ ഇവരെ മാറ്റി നിര്‍ത്തും. മറ്റു യാത്രക്കാരുമായോ വിമാനത്താവളത്തിലെ മറ്റിടങ്ങളുമായോ സമ്പര്‍ക്കത്തിലാകാന്‍ ഇവരെ അനുവദിക്കില്ല. ലക്ഷണങ്ങള്‍ ഉള്ളവരെ അവിടെ നിന്നു തന്നെ പ്രത്യേക ആംബുലന്‍സില്‍ കോവിഡ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിക്കും. പ്രത്യേക വാതിലിലൂടെയാണ് ഇവരെ ആംബുലന്സിലേക്കെത്തിക്കുന്നതും.
പിന്നീട് രണ്ടാംഘട്ടം തുടങ്ങും, ലക്ഷണങ്ങള്‍ ഇല്ലാത്തവരാണ് രണ്ടാംഘട്ടത്തില്‍. എയര്‍പോര്‍ട്ട് ഹെല്‍ത് ഓര്ഗനൈസേഷന് ആണ് ഇത് നടപ്പാക്കുന്നത്. ഇവിടെ യാത്രക്കാരുടെ ശരീര താപനില പരിശോധിക്കുന്നു. ഇവിടെയും ഡോക്ടര്‍, നഴ്സ്, ഹെല്‍ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുണ്ടാകും. തെര്‍മല്‍ സ്ക്രീനിങ്ങും നടത്തും.
രണ്ടം ഘട്ട പരിശോധന പൂര്‍ത്തിയായാല്‍ യാത്രക്കാര്‍ മൂന്നാം ഘട്ടത്തിലേക്കെത്തും. ഇവിടെ വ്യക്തിഗത വിവരങ്ങള്‍ കൈമാറണം. പിന്നീട് അസുഖം വന്നാല്‍ മറ്റു നടപടികള്‍ എളുപ്പത്തിലാക്കാന്‍ വേണ്ടി കൂടിയാണിത്. പേര്, അഡ്രസ്, പിന് കോഡ്, ഫ്ലൈറ്റ് നമ്പര്‍, സീറ്റ് നമ്പര്‍ താലൂക്ക്, ജില്ല തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. റവന്യു വകുപ്പ് ഉദ്യോഗസ്ഥരാണ് ഇവിടെ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുക.വിവരങ്ങള്‍ നല്‍കിയതിന് ശേഷം പുറത്തേയ്ക്കുള്ള പാസ് നല്‍കും. ശേഷം, പാസില്‍ രേഖപ്പെടുത്തിയിട്ടുള്ള വാഹനത്തിലേയ്ക്കാണ് യാത്രയാകുക. ഇതിനോടകം നല്കിയ വിവരങ്ങള്‍ അധികൃതര്‍ പുറത്തുള്ള പോലീസിനും ആരോഗ്യ വകുപ്പിനും കൈമാറും. തുടര്‍ന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പാസില്‍ നല്‍കിയിരിക്കുന്ന വാഹനത്തിലേക്ക് യാത്രികരെ അയക്കും.
ഗര്‍ഭിണികള്‍, പത്തു വയസിന് താഴെയുള്ള കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍, 75 വയസിന് മുകളിലുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണം.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേക കൗണ്ടറാണ് ഒരുക്കിയിരിക്കുന്നത്. ഇവരെ ജില്ല തിരിച്ച്, കെഎസ്ആര്‍ടിസി ബസില്‍ യാത്രയാക്കും. ഓരോ ജില്ലകളിലേക്കും ഓരോ ബസുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്വാറന്റൈനില്‍ കഴിയുന്നര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള ലഘു ലേഖകളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ. എം. ഹനീഷ്, ഡോ. അരുണ്‍, ഡോ. ആനന്ദ്, ഡോ. ജിന്റോ, ഡോ. പ്രസ്ലിന്, ഡോ. രജീഷ് എന്നിവരാണ് ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: