അടുത്ത രണ്ട് ശ്ലോകങ്ങളോടെ
മനോമയകോശ വിവരണം സമാപിക്കും.
ശ്ലോകം 182
മോക്ഷൈകസക്ത്യാ വിഷയേഷു രാഗം
നിര്മ്മൂല്യ സന്ന്യസ്യ ച സര്‍വ്വകര്‍മ്മ
സച്ഛ്രദ്ധയാ യഃ ശ്രവണാദിനിഷ്ഠോ
രജഃ സ്വഭാവം സ ധുനോതി ബുദ്ധേഃ
മോക്ഷം നേടണമെന്ന തീവ്രതയോടെ വിഷയങ്ങളിലെ ആസക്തിയെ ഇല്ലാതാക്കി സര്‍വ്വകര്‍മ്മങ്ങളേയും സന്ന്യസിച്ച് സത് സ്വരൂപമായ ബ്രഹ്മത്തില്‍ ശ്രദ്ധയോടെയിരിക്കണം. ഇങ്ങനെ ശ്രവണമനന നിദിദ്ധ്യാസനങ്ങള്‍ നിരന്തരം പരിശീലിക്കുന്നയാള് ബുദ്ധിയുടെ രജസ്സിന്റെ സ്വഭാവമായ വിക്ഷേപത്തെ മുഴുവന്‍ നശിപ്പിക്കും.
സാധകരായവര്‍ മോക്ഷത്തെ നേടാന്‍ വളരെയേറെ താല്പര്യത്തോടെ തന്നെ യത്നിക്കണം. വിഷയങ്ങളിലുള്ള രാഗം ഇതിന് തടസ്സമാണ് അതിനാല്‍ രാഗത്തെ വേരോടെ പിഴുത് കളയണം. എല്ലാ കര്‍മ്മങ്ങളെയും വെടിയുന്നതിലേക്കായി കര്‍മ്മയോഗത്തെ അനുഷ്ഠിക്കണം.
അന്തഃകരണ ശുദ്ധിക്കുള്ള ഉപായങ്ങളെപ്പറ്റി ഇവിടെ പറയുന്നു. മോക്ഷമാഗ്രഹിക്കുന്നവര്‍ വിഷയങ്ങളില്‍ നല്ല വിരക്തി നേടിയിരിക്കണം. ഞാന്‍ ചെയ്യുന്നു, ഞാന്‍ അനുഭവിക്കുന്നു എന്നതായ കര്‍തൃത്വ ഭോക്തൃത്വ അഭിമാനങ്ങളെ വെടിയുക എന്നതിലേക്കായി കര്‍മ്മയോഗത്തെ അനുഷ്ഠിക്കണം. എല്ലാ കര്‍മ്മങ്ങളും സമര്‍പ്പിക്കേണ്ടത് സത് സ്വരൂപമായ ആ ബ്രഹ്മത്തിലേക്കാണ്. അതില്‍ അതീവ ശ്രദ്ധയെ വെച്ചു പുലര്‍ത്തുകയും വേണം. ശ്രവണം, മനനം മുതലായവയും സ്വാദ്ധ്യായവുമൊക്കെ നിഷ്ഠയോടെ ചെയ്യുന്നത് ഇതിന് സഹായകമാകും. രജസ്സു മൂലമുണ്ടാകുന്ന മാലിന്യങ്ങളെ ഇല്ലാതാക്കാന്‍ നിഷ്ഠയോടെയുടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഉള്ളം ശുദ്ധമായാല്‍ മോക്ഷം നേടുന്നത് വളരെ എളുപ്പമാകും.
ശ്ലോകം 183
മനോമയോനാപി ഭവേത് പരാത്മാ
ഹ്യാദ്യന്തവത്വാത് പരിണാമിഭാവാത്
ദുഃഖാത്മകത്വാത് വിഷയത്വഹേതോഃ
ദ്രഷ്ടാ ഹി ദൃശ്യാത്മതയാ ന ദൃഷ്ടഃ
മനോമയകോശവും പരമാത്മാവല്ല. മനോമയത്തിന് തുടക്കവും ഒടുക്കവും ഉണ്ട്. മാറ്റത്തിന് വിധേയമായിത്തീരുക എന്നത് അതിന്റെ സ്വഭാവമാണ്. മനോമയം ദുഃഖ സ്വരൂപം കൂടിയാണ്. അതിനെ ദൃശ്യവിഷയത്തിലാണ് ഉള്‍പ്പെടുത്തേണ്ടത്. കാണുന്നയാള്‍ ഒരിക്കലും ദൃശ്യമാവുകയില്ല.
കഴിഞ്ഞ 16 ശ്ലോകങ്ങളിലായി മനോമയകോശത്തെപ്പറ്റി വിവരിച്ച് അത് അനാത്മാവാണ് എന്ന് ഉറപ്പിച്ചു.അനാത്മാവായ മനോമയം ആത്മാവാകില്ല എന്ന് ഇവിടെ ഉറപ്പിക്കുന്നു.
മനോമയം ആത്മാവല്ല എന്ന് സ്ഥാപിക്കാന്‍ 5 കാരണങ്ങളാണ് ഇവിടെ നിരത്തുന്നത്.
അതിന് ആദിയും അന്തവുമുണ്ട്, പരിണാമമുണ്ട്, ദുഃഖ രൂപമാണ്, വിഷയമായ ദൃശ്യവസ്തുവാണ് , കാണുന്നവനും കാഴ്ചയും ഒന്നാകില്ല. അതിനാല്‍ അനാത്മാവായ മനോമയം ആത്മാവല്ല. ഉണര്‍ന്നിരിക്കുമ്പോള്‍ പ്രകടമാവുകയും ഉറങ്ങുമ്പോള്‍ ലയിക്കുകയും ചെയ്യുന്നു.ഇത് മനസ്സിന്റെ തുടക്കത്തേയും ഒടുക്കത്തേയും കാണിക്കുന്നു. ആദിയും അന്തവുമുള്ളതിനാല് മനസ്സ് ആത്മാവല്ല.
മനസ്സ് നിലനില്ക്കുമ്പോള് തന്നെ അതിന് മാറ്റങ്ങള്‍ ഉണ്ടാകുന്നു. ചിലപ്പോള്‍ ശാന്തമാകും.മറ്റ് ചിലപ്പോള്‍ അശാന്തമാകും. മാറ്റങ്ങള്‍ ഉണ്ടാകുന്ന മനസ്സിന് മാറ്റങ്ങള്‍ ഒന്നുമില്ലാത്ത ആത്മാവാകാന്‍ കഴിയില്ല.
ദുഃഖം തന്നെയാണ് മനസ്സിന്റെ രൂപം. സുഖത്തിലിരുന്നാലും ഭാവിയെക്കുറിച്ച് ആശങ്കയും മറ്റുമുണ്ടായി സങ്കടപ്പെടും. എന്നുമുള്ള പരമാനന്ദത്തോട് തട്ടിച്ച് നോക്കുമ്പോള്‍ വിഷയാനുഭവങ്ങളിലൂടെ മനസ്സ് നേടുന്ന സുഖം വളരെ തുച്ഛമാണ്. സുഖത്തിന് പുറകെ പോയി ദുഃഖിക്കുകയും ചെയ്യും.മനസ്സ് ദൃശ്യങ്ങളുമായി താദാത്മ്യം പ്രാപിക്കുന്നു. അത് വിഷയ രൂപത്തില്‍ ഈ പ്രപഞ്ചമായി പ്രകടമാകുന്നു. വിഷയ ചിന്തയില്ലാതെ മനസ്സിന് നിലനില്ക്കാനാവില്ല. ദ്രഷ്ടാവായ മനസ്സും ദൃശ്യമായ മനസ്സും ഒന്ന് തന്നെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദ്രഷ്ടാവായ ആത്മാവ് ദൃശ്യമായിത്തീരുന്നില്ല. അതിനാല്‍ അനാത്മാവായ മനസ്സ് ആത്മാവല്ല എന്ന് ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: