പത്തനംതിട്ട: വെളുത്ത കുപ്പായം എടുത്തണിഞ്ഞിട്ട് മുപ്പത്തൊന്നു വര്‍ഷമായി. ശോഭന മണി ഇത്രയും ആശങ്കപ്പെട്ട കാലമില്ല, രോഗികളെ ഇത്രയും കരുതലോടെ പരിചരിച്ച കാലമില്ല.
പത്തനംതിട്ട കേരളത്തിന്റെ കൊറോണ ഹോട്ട്സ്പോട്ടായി മാറിയ ദിവസങ്ങളില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ രാപകല്‍ നിതാന്ത ജാഗ്രതയോടെ രോഗികള്‍ക്കു താങ്ങും തണലുമായി നിന്ന പതിമൂന്നംഗ മെഡിക്കല്‍ ടീമിന് നേതൃത്വം നല്‍കിയത് ഹെഡ് നഴ്സ് ശോഭന മണി. നാളെ ലോക നഴ്സസ് ഡേ ആണെന്ന് ഓര്മിപ്പിച്ചപ്പോള് ശോഭന മണി ചിരിച്ചു. ഞങ്ങളുടെ ഓരോ ദിനവും കരുതലിന്റേയും പരിചരണത്തിന്റേയുമാണെന്ന അര്‍ഥത്തില്‍.
ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെട്ടതും ഏറ്റവും കൂടുതല്‍ കരുതല്‍ നല്കിയതും ഈ കൊറോണ കാലത്താണ്. മറ്റു രാജ്യങ്ങളില്‍ കൊറോണാ വ്യാപിക്കുന്നത് മാധ്യമങ്ങളിലൂടെയും മറ്റും ശ്രദ്ധിച്ചിരുന്നു. മുന്‍കരുതലുകളും ഒരുക്കി. അപ്പോഴും കേരളത്തിന് വൈറസ് ബാധയേല്‍ക്കില്ല എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇറ്റലിയില്‍ നിന്ന് വന്ന രോഗികള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയപ്പോള്‍ ആദ്യം ഭയമാണ് തോന്നിയത്, ശോഭന മണി പറഞ്ഞു. ഒരാഴ്ചയോളം ഈ ഭയം മനസ്സില്‍ നിന്നു. കര്‍ത്തവ്യ ബോധം ആ ഭയത്തെ പരാജയപ്പെടുത്തി.
പന്തളം മെഡിക്കല്‍ മിഷനിലെ എട്ടു വര്‍ഷത്തെ സേവനത്തിനു ശേഷം 1997 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ജോലിയില്‍ പ്രവേശിച്ചതു മുതലാണ് ശോഭന മണി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഭാഗമായത്. പിന്നീട് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍. മെയ് 31ന് സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ചുരുങ്ങിയ കാലത്തെ കൊറോണ അനുഭവങ്ങള്‍ തന്നെയാവും മനസില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നില്ക്കുക.
ഒപ്പം നിന്ന ചില ജൂനിയര്‍ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ആശങ്കയും ചെറുതല്ലായിരുന്നു. ചിലര്‍ക്ക് കൊച്ചു കുട്ടികള്‍ ഉണ്ട് എന്നതും ഭയപ്പെടുത്തി. എല്ലാം മറികടന്ന് ജനറല്‍ ആശുപത്രിയിലെ എല്ലാ വിഭാഗത്തിലെ ജീവനക്കാരും ഒറ്റ മനസ്സോടെ പ്രവര്‍ത്തിച്ചു. ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര് പുറത്ത് സജീവമായിരുന്നു. നിരവധി സന്നദ്ധ സംഘടനകളും ജനങ്ങളും പിന്തുണച്ചു.
കൈപിടിച്ച് ഒപ്പം നിന്നു കുടുംബവും. ആശുപത്രിയില്‍ നിന്ന് വീട്ടില്‍ വരുമ്പോഴും തിരിച്ച് കൊറോണ വാര്‍ഡിലേക്ക് പോകുമ്പോഴും കരുത്തു പകര്‍ന്നു ഭര്‍ത്താവ് പിഡബ്ല്യുഡി കോണ്ട്രാക്ടര് ഗോപാലകൃഷ്ണ പിള്ളയും മക്കള്‍ അനുഷ് കൃഷ്ണയും അമല്‍ കൃഷ്ണനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: