തിരുവനന്തപുരം: ലോക്ക് ഡൗണില്‍ മദ്യശാലകള്‍ അടഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്പിരിറ്റ് ലോബികള്‍ വന്‍തോതില്‍ സ്പിരിറ്റ് എത്തിച്ച് സംഭരിച്ചതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചു. കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളിലെ രഹസ്യകേന്ദ്രങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളത്.
മദ്ധ്യകേരളത്തിലെയും ദക്ഷിണകേരളത്തിലെയും കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരുടെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ നിന്നും ഗോവയില്‍ നിന്നുമാണ് കന്നാസുകളില്‍ നിറച്ച ലക്ഷകണക്കിന് ലിറ്റര്‍ സ്പിരിറ്റ് രഹസ്യ ഗോഡൗണുകളില്‍ സംഭരിച്ചിരിക്കുന്നത്.
ലോക്ക് ഡൗണ്‍ കാലത്ത് വാഹന പരിശോധന ശക്തമായിരുന്നെങ്കിലും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറിലോറികളിലും മറ്റ് ചരക്ക് ലോറികളിലും ഒളിപ്പിച്ചും സാനിറ്റൈസര്‍ നിര്‍മ്മാണത്തിന്റെ മറവില്‍ വ്യാജ പെര്‍മ്മിറ്റുകളുപയോഗിച്ചും ലോക്ക് ഡൗണ്‍ കാലത്ത് വ്യാജമദ്യലോബികള്‍ സ്പിരിറ്റ് സംഭരിച്ചതായാണ് ഇന്റലിജന്‍സ് കണ്ടെത്തല്‍.
പരമ്പരാഗത ശൈലിയിലുള്ള കള്ള് ഉല്‍പ്പാദനം സംസ്ഥാനത്ത് വിരളമായ സാഹചര്യത്തില്‍ പാലക്കാട് നിന്നെത്തിക്കുന്ന പെര്‍മിറ്റ് കള്ളിനൊപ്പം സ്പിരിറ്റും കൂടി ചേര്‍ത്ത് വീര്യം കൂട്ടി കള്ള് ഷാപ്പ് വഴി വില്‍പ്പന നടത്താന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് വിഭാഗം എക്സൈസിനും സര്‍ക്കാരിനും നല്‍കിക്കഴിഞ്ഞു.സംസ്ഥാനത്തെ പലഗ്രാമ പ്രദേശങ്ങളിലും ലിറ്ററിന് 1500 രൂപ നിരക്കില്‍ സ്പിരിറ്റ് നേര്‍പ്പിച്ച് വിറ്റഴിച്ചിട്ടുളള വിവരവും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
കൊല്ലം ജില്ലയിലെ ചില മലയോരമേഖലയുള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങള്‍, ആലപ്പുഴജില്ലയുടെ അതിര്‍ത്തിയായ കായംകുളം, ഓച്ചിറ, കരീലകുളങ്ങര, ഹരിപ്പാട്, എറണാകുളം, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങള്‍ പത്തനംതിട്ട ജില്ലയിലെ കടമ്പനാട്, അടൂര്‍ ,തെങ്ങമം പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് സ്പിരിറ്റ് സംഭരണമുള്ളതായി വിവരമുള്ളത്.
ഇവിടങ്ങളിലെ സ്ഥിരം സ്പിരിറ്റ് കടത്തുകാരുള്‍പ്പെടെ വില്‍പ്പനക്കാരും ഇടനിലക്കാരുമടക്കം വലിയൊരു സംഘത്തെ നിരീക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: