ന്യൂദല്‍ഹി : കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് 1276.91 കോടി കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം അനുവദിച്ചു. കേരളമടക്കം 14 സംസ്ഥാനങ്ങള്‍ക്കായി ഈ മാസത്തെ ഗഡുവായി 6195.08 കോടി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് അറിയിച്ചു.
കേന്ദ്ര ധനകാര്യ കമ്മിഷന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. 15-ാം ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് 2020-21 സമ്പത്തിക വര്‍ഷത്തെ വരുമാന കമ്മി പരിഹരിക്കാനുള്ള ഇടക്കാല സാമ്പത്തിക പാക്കേജ് അനുവദിച്ചത്.
പുതുതായി നല്‍കിയിരിക്കുന്ന സാമ്പത്തിക സഹായം കൊറോണ പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കാമെന്ന് ധനകാര്യവകുപ്പറിയിച്ചു. ഇതില്‍ മെയ് മാസത്തെ കമ്മി പരിഹരിക്കാന്‍ ആന്ധ്ര, അസം, ഹിമാചല്‍ പ്രദേശ്, കേരളം, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഘണ്ഡ്, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം നല്‍കിയത്. തുല്യമാസ തവണകളായി പാക്കേജ് സംസ്ഥാനങ്ങളുടെ അക്കൗണ്ടിലേക്ക് വരുമെന്നും നിര്‍മ്മല സീതാരാമന് അറിയിച്ചു.
അതേസമയം ലോക്ഡൗണ്‍ സംബന്ധിച്ച നിയന്ത്രണങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സാധിച്ചേക്കും. പ്രധാനമന്ത്രി തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. 15 നകം രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കാന് വീഡിയോ കോണ്‍ഫറന്‍സിനിടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: