പാലക്കാട്: കേരളത്തിലുണ്ടായിരുന്ന ഇതരസംസ്ഥാനത്തൊളിലാളികള് സ്വന്തം വീടുകളിലെത്തിയപ്പോള്‍ പിണറായി സര്‍ക്കാരിന്റെ പിടിവാശിമൂലം നൂറുകണക്കിന് മലയാളികള്‍ വാളയാര്‍ ചെക്പോസ്റ്റില്‍ ദുരിതത്തിലായി. പാസില്ലാതെ എത്തിയവരും, പാസിലെ സാങ്കേതിക പ്രശ്നം മൂലവും അതിര്ത്തികടക്കാനാവാതെ മണിക്കൂറുകളോളമാണ് പൊരിവെയിലില്‍ കാത്തുനിന്നത്. വെള്ളവും ഭക്ഷണവും നല്കാന് പോലും ഭരണകൂടം തയാറായില്ല.
ഇതരസംസ്ഥാനങ്ങള്‍ നല്കിയ പാസില്‍ പറഞ്ഞ ദിവസങ്ങളിലാണ് മലയാളികള്‍ വാളയാറിലെത്തിയത്. എന്നാല്‍ കേരള പാസ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നാട്ടിലേക്ക് കടക്കാനും കഴിയുന്നില്ല. തിരിച്ചുപോകാനും പറ്റാത്ത അവസ്ഥയാണ്. പ്രശ്നത്തില്‍ ഹൈക്കോടതി ഇടപെടുകയും ഇന്നലെ വരെ വന്നവരെ കടത്തിവിടാന്‍ ആവശ്യപ്പെട്ടതും യാത്രക്കാര്‍ക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം വന്ന് കുടങ്ങിക്കിടന്നവരെ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ രാത്രിയോടെ കടത്തി വിട്ടു തുടങ്ങി. തമിഴ്നാട്ടില്‍ നിന്നും, കര്‍ണാടകയില്‍ നിന്നുമാണ് കൂടുതല്‍പേരും എത്തിയത്. തമിഴ്നാട് നല്കിയ പാസിന്റെ കാലാവധി ഇന്നലെ അവസാനിക്കുമെന്നതിനാലാണ് വാളയാറിലെത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു.
ഹരിയാനയിലെ കര്‍ണൂര്‍ നവോദയ വിദ്യാലയത്തിലെ 22 വിദ്യാര്‍ഥികളും രക്ഷിതാക്കളും, അധ്യാപകരുമടക്കം 33 പേരെ ഇ- പാസ് ഇല്ലെന്ന സാങ്കേതികത്വം പറഞ്ഞ് അഞ്ച് മണിക്കൂറാണ് വാളയാറില്‍ തടഞ്ഞുവച്ചത്. കര്‍ണൂര്‍ ജില്ലാ കളക്ടറുടെയും തിരുവനന്തപുരം ജില്ലാ കളക്ടറുടെയും പാസുമായി ആറിന് പുറപ്പെട്ട വിദ്യാര്‍ഥികളെയാണ് തടഞ്ഞുവച്ചത്. അഞ്ചുമണിക്കൂറിന് ശേഷമാണ് ഇവരെ അതിര്‍ത്തികടക്കാന്‍ അനുവദിച്ചത്.
പാസുമായി വന്നവരെ അതിര്‍ത്തി വഴി കടത്തിവിടുന്നുണ്ട്. റെഡ് സോണില്‍ നിന്നും വന്നവരെ കൊറോണ കെയര്‍ സെന്ററിലേക്കും മാറ്റുന്നുണ്ട്. ശനിയാഴ്ച്ച പാസില്ലാതെയെത്തി വാളയാറില്‍ കുടുങ്ങിയ നൂറിലധികം വരുന്ന മലയാളികളെ രാത്രിയോടെയാണ് കോയമ്പത്തൂരിലെ കേന്ദ്രത്തിലേക്ക് മാറ്റിയത്. അവിടെ നിന്നും കേരളത്തിന്റെ പാസിന് അപേക്ഷിച്ച് കാത്തിരിക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
സിജ. പി.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: