ന്യൂദല്‍ഹി: ദേശീയ സാങ്കേതികവിദ്യ ദിനമായ ഇന്ന് മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയേയും പൊഖ്റാന്‍ അണുശക്തി പരീക്ഷണത്തിന് നേതൃത്വം നല്കിയവരെയും ട്വിറ്ററില്‍ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊഖ്റാനില്‍ ഇന്ത്യ ആണവപരീക്ഷണം നടത്തിയ ദിവസമാണ് ദേശീയ സാങ്കേതികവിദ്യ ദിനമായി(National Technology Day) ആചരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ ആണവപരീക്ഷണമായിരുന്നു ഇത്.
ഈ ദേശീയ സാങ്കേതിക വിദ്യാ ദിനത്തില്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ നല്ലമാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാങ്കേതിക വിദ്യയിലൂടെ പ്രേരണയായവരെ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 1998ല്‍ ഈ ദിനത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധ്യമായ അസാധാരണമായ ആ നേട്ടത്തെ ഓര്‍മ്മിക്കുന്നു. രാജ്യ ചരിത്രത്തില്‍ അതൊരു പ്രധാന നാഴികകല്ലാണ് – രാജസ്ഥാനിലെ പൊഖ്റാനില്‍ ഇന്ത്യ നടത്തിയ അണുശക്തി പരീക്ഷണത്തിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ‘1998ല്‍ പൊഖ്റാനില്‍ നടന്ന പരീക്ഷണങ്ങള്‍ എന്തെല്ലാം മാറ്റങ്ങളെ ശക്തമായൊരു നേതൃത്വത്തിന് കൊണ്ടുവരാനാകും എന്ന് പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയി കാണിച്ചുതന്നു’ – മോദി അനുസ്മരിച്ചു.
പൊഖ്റാനിലെ പരീക്ഷണത്തോടെ ഇന്ത്യയെ ആണവ ശക്തിയായി വാജ്പേയി പ്രഖ്യാപിക്കുകയും ചെയ്തു. തന്ത്രപ്രധാനമായ പല തീരുമാനങ്ങളും അതിലൂടെ ഇന്ത്യക്ക് തുടര്‍ന്ന് സ്വീകരിക്കാനായി. 1998 മേയ്11 ന് ഒന്നും മേയ് 13ന് രണ്ടും പരീക്ഷണങ്ങള്‍ ഇന്ത്യ പൊഖ്റാനില്‍ നടത്തി. ഇതോടെ ഇന്ത്യക്ക് സാമ്പത്തികവും പ്രതിരോധപരവും നയപരവുമായ നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു.
അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന ജസ്വന്ത് സിങും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സ്ട്രോബ് തല്ബോട്ടും തമ്മില്‍ നിരവധി ചര്‍ച്ചകള്‍ നടത്തി. അമേരിക്കയുമായും അന്താരാഷ്ട്ര തലത്തിലുമുള്ള പ്രതിരോധങ്ങളെ നേരിടേണ്ടി വന്നു. ഇവയെല്ലാം മറികടന്ന് ആണവശക്തിയില്‍ മുഖ്യസ്ഥാനത്തെത്താന് രാജ്യത്തിന് കഴിഞ്ഞു.
ഇപ്പോള്‍ ലോകം നേരിടുന്ന കോവിഡ്-19 നെ നിര്‍മാര്‍ജനം ചെയ്യാന്‍ അഹോരാത്രം പരിശ്രമിക്കുന്ന സാങ്കേതികവിദഗ്ധര്‍ക്കും പ്രധാനമന്ത്രി അഭിവാദനം അറിയിച്ചു. ഗവേഷണങ്ങളിലൂടെയും പുതിയ കണ്ടുപിടിത്തങ്ങളിലൂടെയും ലോകത്തെ കോവിഡ് മുക്തമാക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും ആശംസ അറിയിച്ചതിനൊപ്പം ലോകത്തെ കൂടുതല്‍ സ്വാസ്ഥ്യമുള്ളതും മെച്ചപ്പെട്ടതുമായി മാറ്റാന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ സാധിക്കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: