കണ്ണൂര്‍: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ മാലിന്യം കേന്ദ്രീകൃതമായി സംസ്കരിക്കുന്നതിനുള്ള പ്ലാന്റ് നിര്‍മിക്കാന്‍ കണ്ണൂര്‍ കോര്പറേഷന് ട്രഞ്ചിങ് ഗ്രൗണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ചേലോറയിലുള്ള 9.7 ഏക്കര്‍ ട്രഞ്ചിങ് ഗ്രൗണ്ട് ഏറ്റെടുത്ത് മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മിക്കാനാണ് പദ്ധതി.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് സ്ഥലം കൈമാറിയാണ് പ്ലാന്റ് സ്ഥാപിക്കുക. 200 ടണ്‍ മുതല്‍ 300 ടണ്‍ വരെ മാലിന്യങ്ങള്‍ പ്രതിദിനം സംസ്കരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. ഇതുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തീകരിക്കാന്‍ കോര്പറേഷന് നേരത്തെ നിര്‍ദേശം നല്‍കിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കാത്തതിനാല്‍ നടപടി തത്വരിതപ്പെടുത്തണമെന്ന് കാണിച്ച് സര്‍ക്കാര്‍ വീണ്ടും കോര്പറേഷന് കഴിഞ്ഞ ദിവസം കത്തയച്ചു. കോര്പറേഷന് കൗണ്‍സില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് യോഗ നിര്‍ദേശ പ്രകാരമുള്ള നിബന്ധകള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നാണ് കോര്പറേഷന് അധികൃതര്‍ പറയുന്നത്.
സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് കോര്പറേഷന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്നും ഇത് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും കോര്പറേഷന് അധികൃതര്‍ പറയുന്നു. സ്ഥലം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്പറേഷന് കൈമാറിയാല്‍ പണയം വെക്കാനോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കരുതെന്നാണ് കോര്പറേഷന് മുന്നോട്ടു വച്ച പ്രധാന നിബന്ധന. സാധാരണഗതിയില്‍ ഒരു ടണ്‍ മാലിന്യം സംസ്കരിക്കുമ്പോള്‍ ചാരവും മറ്റുമായി 30 ശതമാനം ബോട്ടം വെയ്സ്റ്റ് ബാക്കി വരും.
ഇത്തരത്തില്‍ വരുന്ന മാലിന്യം എന്തു ചെയ്യുമെന്ന കോര്‍പറേഷന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇതുവരെ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ല. ബോട്ടം വെയ്സ്റ്റ് ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൂടിക്കിടന്നാല്‍ അത് കോര്പറേഷന് ബാധ്യതയായി മാറും. ഇക്കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കണമെന്നു കോര്പറേഷന് സര്‍ക്കാരിനെ അറിയിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട മറുപടിയൊന്നും ലഭിച്ചിട്ടില്ല. കൂടാതെ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലപരിശോധന, മറ്റു നടപടികള്‍ എന്നിവയുടെ സാമ്പത്തിക ബാധ്യത കോര്‍പറേഷന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും കോര്പറേഷന് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: