കണ്ണൂര്‍: ലോക് ഡൗണില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 1140 ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി സ്വദേശമായ ഉത്തര്‍പ്രദേശിലേക്ക് മടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ വൈകിട്ട് ആറ് മണിക്ക് പുറപ്പെട്ട ട്രെയിനിലാണ് തൊഴിലാളികള്‍ മടങ്ങിയത്.
ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 38 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു തൊഴിലാളികളെ എത്തിച്ചത്. 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര. നാട്ടിലേക്ക് യാത്ര തിരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്.
പരിശോധന നടത്തി രോഗലക്ഷണങ്ങളില്ലെന്ന് ഉറപ്പുവരുത്തിയാണ് നാട്ടിലേക്ക് തിരിക്കുന്നതിനുള്ള അനുമതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിന്‍ ലഖ്നൗ റെയില്‍വേ സ്റ്റേഷനില്‍ എത്തും.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 ഇതര സംസ്ഥാന തൊഴിലാളികള്‍ വീതം കഴിഞ്ഞ ഞായറാഴ്ച ബീഹാറിലേക്കും വ്യാഴാഴ്ച ഉത്തര്‍പ്രദേശിലേക്കും മടങ്ങിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് നിന്നും മധ്യപ്രദേശിലേക്ക് പുറപ്പെട്ട ട്രെയിനില്‍ ജില്ലയില്‍ നിന്നുള്ള 450 തൊഴിലാളികളും നാട്ടിലേക്ക് തിരിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ആകെ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം 3870 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: