തിരുവല്ല: പഴയ ഫോര്‍ത്ത് ഫാറം (12 ക്ലാസ്), കഴിഞ്ഞയുടന്‍ ഉലകം ചുറ്റിക്കറങ്ങാന്‍ മോഹിച്ച് നാവികസേനയില്‍ ചേര്‍ന്നു. ശാരീരിക ക്ഷമതാ പരീക്ഷകളെ അതിജീവിച്ച് നേരിട്ട് സെലക്ഷന്, സര്‍വീസിന്റെ അത്രയും തന്നെ പെന്ഷന്കാലവും പിന്നിടുന്നുവെന്ന അപൂര്‍വഭാഗ്യത്തിന് ഉടമ. കൊറോണയ്ക്കെതിരെ ലോകം പടപൊരുതുമ്പോള്‍ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച നാവികന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
കെ.ജി. നായര്‍ (100) എന്ന കാളിപ്പിള്ളൈ ഗോപിനാഥന് നായരാണ് ആ നാവികന്. നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോഴും തന്റെ പിറന്നാള്‍ ആഘോഷമല്ല നാടിന്റെ ക്ഷേമവും ആരോഗ്യവുമാണ് പ്രധാനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ മൂന്ന് കപ്പല്‍ ആക്രമണങ്ങളെ അതിജീവിച്ച ചുരുക്കം നാവികരിലൊരാളാണ് കെ.ജി. നായര്‍. ഐഎന്‍എസ് ദല്‍ഹി എന്ന യുദ്ധക്കപ്പല്‍ മുഴുവന്‍ തകര്‍ന്നിട്ടും ഡിസംബര്‍ 24ലെ കൊടുംതണുപ്പുള്ള കടലില്പെടാതെ കരയ്ക്കെത്തിയ നാവികന്. ഓര്‍മ്മകളില്‍ മുങ്ങിത്താഴുമ്പോഴും കണ്ണുകളില്‍ ഈ പ്രായത്തിലും തെല്ലും ഭയമില്ല. രാഷ്ട്രത്തോടുള്ള സ്നേഹവും ധീരതയുമാണ് തെളിയുന്നത്. മൂന്നു തവണ മരണത്തെ മുഖാമുഖംകണ്ട് കൂസാതെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഭാഗ്യശാലികളെ കാണാന്‍ കിങ് ജോര്‍ജ്ജ് അഞ്ചാമന് സതാംപ്ടണ് തുറമുഖത്തെത്തി അനുമോദിച്ചതും നാവികരെ ബക്കിങ്ഹാം പാലസില്‍ വിരുന്നിന് ക്ഷണിച്ചതും ഗ്രൂപ്പ് ഫോട്ടൊയെടുത്ത് അവിടെ ചുവരില്‍ അലങ്കരിച്ചതുമെല്ലാം വളരെ വ്യക്തമായി ഇദ്ദേഹം ഓര്‍ത്തെടുക്കുന്നു.
ഷുഗറോ പ്രഷറോ മറ്റസുഖങ്ങളോ ഇല്ലാതെ ആരോഗ്യം സംരക്ഷിക്കുന്ന കെ.ജി. നായര്‍ തന്റെ ആരോഗ്യ രഹസ്യം ചിട്ടയായ ആഹാരവും വ്യായാമവുമാണെന്ന് വിശ്വസിക്കുന്നു. മദ്യം, പുകവലി തുടങ്ങിയ ശീലങ്ങളുമില്ല. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ്, പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എന്നിവര്‍ക്കൊപ്പം കപ്പല്‍ യാത്ര ചെയ്യാനായത് ഇദ്ദേഹത്തിന് മറക്കാനാകാത്ത അനുഭവമാണ്. വനവാസികള്‍ അധിവസിച്ചിരുന്ന ഇന്തോനേഷ്യയില്‍ നെഹ്റുവിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി സ്ത്രീകളുടെ മാറുമറയ്ക്കാന്‍ തയ്യല്‍ക്കാരുമായി പോയതും ഇദ്ദേഹത്തിന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്.
അമേരിക്കയൊഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും പോയി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവൃത്തികളെ അഭിനന്ദിക്കുകയും രാജ്യം വികസിക്കുന്നതില്‍ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുയെന്നും കെ.ജി. നായര്‍ പറഞ്ഞു. കൊറോണ കാലം ശുഭമായി കഴിഞ്ഞ ശേഷം നൂറാം ജന്മദിനം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. തിരുവല്ലയില്‍ ഇളയമകന് ഡോ.ബി.ജി. ഗോകുലനൊപ്പം വിശ്രമജീവിതം നയിക്കുന്ന കെ.ജി. നായര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: