മാഡ്രിഡ്: മുന്നേറ്റനിര താരം ലൂക്ക ജോവിച്ചിന് പരിക്കേറ്റതായി ലാ ലീഗ ടീമായ റയല്‍ മാഡ്രിഡ് അറിയിച്ചു. വീട്ടില്‍ പരിശീലനത്തിനിടെ ജോവിക്കിന്റെ വലതുകാലിന്റെ ഉപ്പൂറ്റിക്കാണ് പരിക്കേറ്റത്. റയല്‍ മാഡ്രിഡ് ക്ലബ്ബിന്റെ മെഡിക്കല്‍ സെന്ററില്‍ നടത്തിയ പരിശോധനയില്‍ എല്ല് പൊട്ടിയതായി തെളിഞ്ഞു. എന്നാല്‍ എത്രകാലം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരുമെന്ന് ക്ലബ്ബ് വ്യക്തമാക്കിയില്ല.
സെര്‍ബിയന്‍ താരമായ ലൂക്ക ജോവിച്ച് ഈ ആഴ്ചയാണ് നാട്ടില്‍ നിന്ന് സ്പെയിനില്‍ തിരിച്ചെത്തിയത്. വീട്ടില്‍ പരിശീലനത്തിനിടെയാണ് ജോവിച്ചിന് പരിക്കേറ്റതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ചില്‍ വിവാദമുണ്ടാക്കിയ കളിക്കാരനാണ് ജോവിച്ച്. റയല്‍ മാഡ്രിഡ് കളിക്കാര്‍ ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ജോവിച്ച് സെര്‍ബിയയിലേക്ക് പോയി. റയലിന്റെ രണ്ട് ബാസ്ക്കറ്റ്ബോള്‍ താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനെ തുടര്‍ന്നാണ് ക്ലബ്ബിന്റെ ഫുട്ബോള്‍ താരങ്ങള്‍ അടക്കമുള്ള കളിക്കാര്‍ ക്വാറന്റൈ നിലായത്.
തനിക്ക് കൊറോണ വൈറസ് ബാധിക്കാത്തതിനാലാണ് നാട്ടിലേക്ക് മടങ്ങിയതെന്ന് ജോവിച്ച് പിന്നീട് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ജോവിച്ച് എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് അറുപത് മില്യന്‍ യൂറോയ്ക്ക് റയലിലേക്ക് ചേക്കേറിയത്. കൊറോണയെ തുടര്‍ന്ന് ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ജോവിച്ച് റയലിനായ 22 മത്സരങ്ങള്‍ കളിച്ചു. രണ്ട് ഗോളും നേടി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലാ ലിഗ മത്സരങ്ങള്‍ ജൂണില്‍ പുനരാരംഭിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: