കൊല്‍ക്കത്ത: രാജ്യം വൈറസ് ബാധയില്‍ നൂറ് ദിനങ്ങള്‍ പിന്നിടുമ്പോള്‍ അസാധാരണ അതിജീവനവുമായി 52 വയസുകാരന്. വൈറസ് ബാധിച്ച് 38 ദിവസം വെന്റിലേറ്ററിലായിരുന്ന നിതയ്ദാസ് മുഖര്‍ജിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
‘അത്ഭുതകര’മെന്നാണ് ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഇതേക്കുറിച്ച് പറയുന്നത്. ഇത്രയധികം ദിവസം വൈറസ് ബാധിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന ആള് രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഇത്രയും ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞ് കൊറോണയെ തോല്‍പ്പിച്ച രാജ്യത്തെ ആദ്യ വ്യക്തിയാണ് നിതയ്ദാസ്.
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ നിതയ്ദാസിനെ കാത്തിരുന്നത് കുടുംബാംഗങ്ങളുടെയും അയല്‍ക്കാരുടെയും ഉജ്ജ്വല സ്വീകരണം. യുദ്ധം ജയിച്ചു വന്ന യോദ്ധാവിനെ വരവേല്‍ക്കും പോലെ അവര്‍ ഇദ്ദേഹത്തെ ആനയിച്ചു. തനിക്ക് ജീവന് തിരിച്ചു നല്കിയ ഡോക്ടര്‍മാര്‍ക്കും മറ്റും അകമഴിഞ്ഞ് നന്ദി പറയുകയാണ് നിതയ്ദാസ്. ഇത് രണ്ടാം ജന്മമാണ്. അവരില്ലായിരുന്നുവെങ്കില്‍ മരിച്ചുപോയേനെ. അവരാണ് യഥാര്‍ഥ നായകര്‍, നിതയ്ദാസ് പറഞ്ഞു.
മാര്‍ച്ച് പകുതിയോടെയാണ് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് നിതയ്ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എങ്ങനെയാണ് വൈറസ് ബാധിച്ചതെന്ന് ഇപ്പോഴും അറിയില്ലെന്ന് നിയത്ദാസിന്റെ ഭാര്യ അപരാജിത മുഖര്‍ജി അറിയിച്ചു. വൈറസ് ബാധിതരുമായി സമ്പര്ക്കമൊന്നുമില്ലായിരുന്നു. ബാധിത പ്രദേശങ്ങളിലും പോയിട്ടില്ല.
എന്നാലും ചുമയും പനിയും വന്നതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്ന് രാത്രിയോടെ വെന്റിലേറ്ററിലും പ്രവേശിപ്പിച്ചു. അടുത്ത ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്, അപരാജിത കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു. എങ്കിലും ഡോക്ടര്‍മാര്‍ പ്രതീക്ഷ കൈവിട്ടില്ല. ജീവനോടെ കാണാന്‍ പറ്റുമെന്ന് ഉറപ്പൊന്നുമില്ലായിരുന്നു. അദ്ദേഹം സാമൂഹിക പ്രവര്‍ത്തകനാണ്. മുന്‍കാലങ്ങളില്‍ സഹായം ചെയ്തുകൊടുത്തവരുടെ പ്രാര്‍ഥനയുടെ ഫലമായാണ് ജീവന് തിരിച്ചുകിട്ടിയതെന്ന് വിശ്വസിക്കുന്നു, അപരാജിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: