തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് പാസ് അനുവദിക്കുന്നത് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഒരുദിവസം ഇങ്ങോട്ട് എത്തിച്ചേരാന്‍ പറ്റുന്ന അത്രയും ആളുകള്‍ക്കാണ് പാസ് നല്‍കുന്നത്. പാസ് വിതരണം നിര്‍ത്തിവെച്ചിട്ടില്ല, ഇപ്പോള്‍ ക്രമവല്‍കരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതിര്‍ത്തി കടക്കുന്നവര്‍ കൃത്യമായ പരിശോധനയില്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങള്‍ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിര്‍ത്തിയില്‍ ശാരീരിക അകലം പാലിക്കാത്ത രീതിയില്‍ തിരക്കുണ്ടാകാന്‍ പാടില്ല.
വരുന്നവരെക്കുറിച്ച് വ്യക്തമായ ധാരണ അവര്‍ എത്തുന്ന ജില്ലകള്‍ക്കും ഉണ്ടാകണം. ഒരാള്‍ വരുന്നത് റെഡ്സോണ്‍ മേഖലയില്‍നിന്നാണ് എന്നതുകൊണ്ടുമാത്രം അവരെ തടയില്ല. എന്നാല്‍, വ്യക്തമായ ഒരു പ്രക്രിയ സജ്ജമായ സാഹചര്യത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ കടത്തിവിടാന്‍ കഴിയില്ല. ചിലര്‍ ഏതോ മാര്‍ഗേന അതിര്‍ത്തികളിലെത്തി നാട്ടിലേക്ക് വരാന്‍ ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് വരേണ്ട സ്ഥലത്തുനിന്നും കേരളത്തില്‍ നിന്നും ഇതിനുള്ള പാസ് ആവശ്യമാണ്.ഗര്‍ഭിണികള്‍ക്കും വയോധികര്‍ക്കും പ്രത്യേക ക്യൂ സിസ്റ്റം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.
റെഡ്സോണ്‍ ജില്ലകളില്‍നിന്ന് വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റൈനില്‍ കഴിയണം. റെഡ്സോണില്‍നിന്ന് യാത്ര തിരിക്കുന്ന 75 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരും രക്ഷിതാക്കളോടൊപ്പം വരുന്ന പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളും 14 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയാകും. ഗര്‍ഭിണികള്‍ക്കും 14 ദിവസം വീടുകളിലാണ് ക്വാറന്റൈന് വേണ്ടത്. റെഡ്സോണില്‍നിന്ന് വരുന്നവരെ ചെക്ക്പോസ്റ്റില്‍ നിന്നുതന്നെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: