അടിമാലി: ലോക്ക് ഡൗണ്‍ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയത് കരുതലിന്റെ പാഠമാണ്. ഹൈറേഞ്ച് മേഖലയിലാകമാനം കൃഷിയിറക്കുന്നത് കപ്പയും, ചേമ്പുമാണ്. ദൈനംദിന ഭക്ഷണത്തിനാവശ്യമായ കിഴങ്ങുവിളകള്‍ വ്യാപകമായി കൃഷി ചെയ്യാനുള്ള തിരക്കിലാണ് എല്ലാവരും.
ഒരു തുണ്ടു ഭൂമിയെങ്കിലും സ്വന്തമായുള്ളവര്‍ തുടങ്ങി ഹെക്ടര്‍ കണക്കിന് ഭൂമിയുള്ളവര്‍ വരെ കൃഷിയില്‍ ശ്രദ്ധിയ്ക്കുന്നു. ഇതൊന്നുമില്ലാത്തവര്‍ പാട്ടത്തിനെടുത്തും തങ്ങളാലാവുന്നത് ചെയ്യുന്നു. ഒരു കാലത്ത് കപ്പയും, ചേമ്പും, കാച്ചിലും, ചേനയുമെല്ലാം കര്‍ഷക കുടുബങ്ങളിലെ ഭക്ഷ്യ വിഭവങ്ങളായിരുന്നു. പാവങ്ങളുടെ വിഭവങ്ങളായിരുന്നു ഇവയൊക്കെ എങ്കില്‍ സമീപകാലത്ത് ഈ വിളകള്‍ക്കെല്ലാം വിഐപി പരിവേഷം കിട്ടിയതോടെ സ്റ്റാര്‍ ഹോട്ടലുകളിലടക്കം അര്‍ഹമായ പരിഗണന കിട്ടിത്തുടങ്ങി.
കപ്പയും, ഇറച്ചിയും,എല്ലും ഇട്ട് പുഴുങ്ങി എടുക്കുന്ന വിഭവത്തിന് ലോകോത്തരമായ പേര് തന്നെ കിട്ടി , ഏഷ്യാഡ്. തട്ടുകടകളിലടക്കം ഏഷ്യാഡ് ജനപ്രിയ വിഭവമാണ്. മൂന്നാറിലേക്കെത്തുന്ന വിദേശികള്‍ കൗതുകത്തോടെ ഏഷ്യാഡ് വാങ്ങിക്കഴിയ്ക്കുക്കുക വഴി കേരളത്തിന്റെ സ്വന്തം ഏഷ്യാഡിന്റെ പ്രശസ്തി കടല്‍ കടന്നു.
ഹൈറേഞ്ച് മേഖലയില്‍ മൂന്ന് പതിറ്റാണ്ട് മുമ്പുവരെ കൃഷിയിടങ്ങളില്‍ വ്യാപകമായിരുന്ന കപ്പ കൃഷി, റബ്ബറിനും, നേന്ത്രവാഴയ്ക്കുമൊക്കെ വഴി മാറിയതോടെയാണ് കപ്പ കൃഷിയുടെ പടിയിറക്കമാരംഭിക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും എറണാകുളം മേഖലയില്‍ നിന്നുമാണ് ഇവിടെയ്ക്ക് കപ്പ വന്നിരുന്നത്. ഇതോടെ വിലയും ഘട്ടം ഘട്ടമായി ഉയര്‍ന്ന് കിലോയ്ക്ക് 40-45 രൂപ വരെയെത്തിയിരുന്നു. ഇപ്പോഴത്തെ ശരാശരി വില 30-35 വരെയാണ്.
ലോക്ക് ഡൗണിനോടനുബന്ധിച്ച് കാര്‍ഷിക മേഖലയ്ക്കുണ്ടായ തകര്‍ച്ചയും, സാമ്പത്തിക പ്രതിസന്ധികളും ഭക്ഷ്യോ ത്പന്നങ്ങള്ക്ക് അനിയന്ത്രിതമായി വില ഉയരാനുള്ള സാധ്യതയും, ക്ഷാമവുമെല്ലാം മുന്‍കരുതലായി കണ്ടാണ് കൃഷി വ്യാപകമാകാന്‍ കാരണമായത്. തരിശായി കിടന്ന സ്ഥലങ്ങളെല്ലാം വെട്ടിത്തെളിച്ച് കൃഷിയിറക്കിക്കഴിഞ്ഞു. ലോക്കായവരെല്ലാം നേരമ്പോക്കിനായി തൂമ്പയെടുത്തത് കാര്‍ഷിക വിപ്ലവം തന്നെയായി. പച്ചക്കറി കൃഷിയും വ്യാപകമായിട്ടുണ്ട്. ലോക്ക് ഡൗണ്‍ നമ്മളെ പഠിപ്പിച്ചത് എങ്ങനെ സ്വയംപര്യാപ്തമാകാമെന്ന പാഠം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: