കൊടുവള്ളി: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കൃഷിനാശം. എളേറ്റില്‍ ആവുപാട് വയലില്‍ ഒരു കിലോ മീറ്റര്‍ ദൂരം വാഴ, കപ്പ എന്നിവ പൂര്‍ണ്ണമായും നശിച്ചു. വാഴകള്‍ ഒടിഞ്ഞ് വീഴുകയും കപ്പ മറിഞ്ഞു വീഴുകയും ചെയ്തു. പന്നൂര് കുറ്റിയാങ്ങുവയലിലും മറി വീട്ടില്‍ താഴത്തും പറക്കുന്ന് വയലിലും വന്‍ കൃഷിനാശമാണ് ഉണ്ടായത്. മഴയോടൊപ്പം ശക്തമായ കാറ്റുവീശി വ്യാപകമായ നഷ്ടങ്ങളാണ് സംഭവിച്ചത്.
കത്തറമ്മല്‍ മൊരട്ടമ്മല്‍ പറമ്പില്‍ പ്ലാവ് എച്ച്ടി ലൈനിന് മുകളില്‍ വീണ് വൈദ്യുതി ബന്ധം തകരാറിലായി. പാറക്കണ്ടി അബൂബക്കര്‍ ഹാജിയുടെ വീടിന് മുകളിലേക്ക് ഒരു പ്ലാവും രണ്ട് കവുങ്ങുകളും പൊട്ടിവീണു വീടിന് കേടുപാടുകള്‍ സംഭവിച്ചു. വട്ടക്കണ്ടത്തല് മുഹമ്മദ് മുസ്ല്യാരുടെ വീടിന് മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്നു. പന്നിത്തടത്തില്‍ ഗോപാലന്റെ കാര്‍ പോര്‍ച്ച് തകരുകയും കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഉറിയങ്ങല് മുഹമ്മദിന്റെ വീട്ടുമുറ്റത്തെ തെങ്ങ് പൊട്ടിവീണത് മുറ്റത്ത് നിര്‍ത്തിയിട്ട കാറിനോടും സിറ്റൗട്ടിനോടും ചേര്‍ന്നാണ്. തണ്ണിക്കുണ്ടില്‍ മറിയക്കുട്ടി, തുവ്വകുന്നുമ്മല്‍ ഹാരീസ് എന്നിവരുടെ വീടിന് മുകളിലും മരങ്ങള്‍ മുറിഞ്ഞ് വീണ് വീടിന് കേടുപാടുകള്‍ സംഭവിച്ചു.
വളയം/നന്മണ്ട: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും കനത്ത നാശം. വളയം പഞ്ചായത്തില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. തലപൊയില്‍ പുരുഷു, ചെറുമോത്ത് പുത്തന്‍പുരയില്‍ ശശി, ജെ.പി ഇസ്മയില്‍ എ ന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വാഴ, കവുങ്ങ് മുതലായ കാര്‍ഷിക വിളകളും വന്‍ തോതില്‍ നശിച്ചു. ബിജെപി വളയം പഞ്ചായത്ത് പ്രസിഡന്റ് ഗോവിന്ദന് സെക്രട്ടറി ആര്.പി. വിനീഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
നന്മണ്ട, കൊളത്തൂര്‍ ചീക്കിലോട് ഭാഗങ്ങളില്‍ ആഞ്ഞടിച്ച കാറ്റില്‍ ഹെക്ടര്‍ കണക്കിന് വിളകള്‍ക്കാണ് നാശം സംഭവിച്ചത്. 76 തൈകള്‍ ഉള്‍പ്പടെ 326 തെങ്ങുകള്‍ കാറ്റില്‍ നിലംപൊത്തി. 4.5 ഹെക്ടര്‍ സ്ഥലത്തെ 11000 എണ്ണം കുലച്ചതും അല്ലാത്തതുമയ വാഴകള്‍ നശിച്ചിട്ടുണ്ട്. 1020 കമുക്, 45 കായ്ഫലമുള്ള ജാതിമരങ്ങള്‍, റബ്ബര്‍, 300 കുരുമുളക്, പലതരം വൃക്ഷ വിളകളും കനത്ത മഴയോടൊപ്പം വന്ന ചുഴലിക്കാറ്റില്‍ നശിച്ചു. കൃഷിഭവന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നാശ നഷ്ടം വിലയിരുത്തി വരികയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.
വിളനാശം സംഭവിച്ച കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയില്‍ കരമടച്ചരശീത്, ബാങ്ക് പാസ്സ്ബുക്ക്, ആധാര്‍ ഇവയുടെ പകര്‍പ്പ് സഹിതം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 0495 285 5808 എന്ന നമ്പറില്‍ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: