കൂത്താട്ടുകുളം: സ്വദേശത്തേക്ക് മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതിഷേധിച്ചു. രാവിലെ ഏഴുമണിയോടെ സ്വകാര്യബസ് സ്റ്റാന്റിന് സമീപ മുള്ള മാര്‍ക്കറ്റ് റോഡില്‍ ചെറുസംഘങ്ങളായെത്തി തടിച്ചുകൂടിയ അഞ്ഞൂറോളം തൊഴിലാളികളാണ് പ്രതിഷേധിച്ചത്.
ടൗണിലെ ക്യാമ്പുകളിലും സമീപ വാര്‍ഡുകളിലെ കെട്ടിടങ്ങളിലും താമസക്കാരായ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് പോകാന്‍ സൗകര്യം ഒരുക്കിയെന്നും കൂത്താട്ടുകുളത്ത് ആര്‍ക്കും ഇതുവരെ പോകാന്‍ അവസരം കിട്ടിയില്ലെന്നും ഇവര്‍ പറഞ്ഞു. ഇക്കാര്യം ഉന്നത അധികൃതരുടെ ശ്രദ്ധയില്‍ പെടുത്താമെന്ന് സിഐ കെ. മോഹന്‍ദാസ്, നഗരസഭ ആരോഗ്യകാര്യ അധ്യക്ഷന്‍ സണ്ണി കുര്യാക്കോസ് എന്നിവര്‍ തൊഴിലാളികളെ അറിയിച്ചു. പ്രതിഷേധം തുടര്‍ന്നതോടെ പോലീസ് തൊഴിലാളികളെ വിരട്ടി ഓടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ പ്രതിഷേധം കണ്ട്, തിരുമാറാടി പഞ്ചായത്തിലെ ചില കവലകളില്‍ കൂട്ടംകൂടിയ ഇതരസംസ്ഥാന തൊഴിലാളികളേയും പോലീസ് എത്തി ക്യാമ്പുകളിലേക്ക് മടക്കി അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: