ന്യൂദൽഹി: കൊവിഡ് വൈറസ് പ്രതിസന്ധി ഒഴിയും മുന്‍പ് ആസാമില്‍ ആശങ്ക പടര്‍ത്തി ആഫ്രിക്കന്‍ പന്നിപ്പനി (എഎസ്എഫ്). കണക്കുകൾ പ്രകാരം ഇതുവരെ 2,800 പന്നികളാണ് അസുഖം ബാധിച്ച് ചത്തത്. ഇതോടെ എഎസ്എഫിന്റെ പ്രഭവകേന്ദ്രമായി അസം.
അസമിലെ ധേമാജി, വടക്കന്‍ ലഖിംപൂര്‍, ബിശ്വനാഥ്, ദിബ്രുഗഡ്, എന്നിവിടങ്ങളിലും, അരുണാചല്‍ പ്രദേശിലെ ചില ജില്ലകളിലുമാണ് പന്നികള്‍ കൂട്ടത്തോടെ ചത്തത്. നൂറ് ശതമാനവും മരണനിരക്കുള്ള അസുഖമാണ് പന്നികളെ ബാധിക്കുന്ന എഎസ്എഫ്, ഇതാദ്യമായാണ് ഇന്ത്യയിൽ വൈറസ് റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ പോലെ ഇതും ചൈനയിൽ നിന്ന് തന്നെയാണ് വന്നിരിക്കുന്നതെന്നാണ് അസം പറയുന്നത്. ചൈനയിലെ 60 ശതമാനം വളർത്ത് പന്നികളെയാണ് 2018-2020 വർഷങ്ങളിലായി ഈ വൈറസ് ബാധ കൊന്നത്.
പന്നികള്‍ കൂട്ടത്തോടെ ചാകുന്ന സാഹചര്യത്തില്‍ സ്വകാര്യ പന്നി ഫാമുകളില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ പന്നിപ്പനിയില്‍ നിന്ന് സംസ്ഥാനത്തെ പന്നികളെ രക്ഷിക്കാന്‍ നാഷണല്‍ പിഗ് റിസര്‍ച്ച് സെന്റര്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചുമായി ചേര്‍ന്നു പദ്ധതി ആവിഷ്ക്കരിക്കാന്‍ വെറ്ററിനറി, ഫോറസ്റ്റ് വകുപ്പുകളോട് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഥിതി ആശങ്കാജനകമാണെന്ന് സംസ്ഥാന മൃഗസംരക്ഷണ മന്ത്രി അതുല്‍ ബോറ പറഞ്ഞു. പനി ബാധിച്ച എല്ലാ പന്നികളെയും കൊന്നൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 1921ല്‍ കെനിയയിലാണ് ആദ്യമായി എഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് മനുഷ്യരിലേക്കു പടരില്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: