ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണല്ലോ കൊറോണാ വൈറസ്. അതിജീവനത്തിന്റേയും പാരസ്പര്യത്തിന്റേയും പുതിയ പാഠങ്ങളാണ് നാം പഠിച്ചുകൊണ്ടിരിക്കുന്നതും. ഈ നിര്‍ണായക ഘട്ടത്തില്‍ രക്ഷകരായി നില്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ പുഷ്പവൃഷ്ടി നടത്തിയും ദീപം തെളിച്ചും ആദരിച്ച ഇന്ത്യന്‍ സൈന്യം നമുക്കെല്ലാം തരുന്നത് കരുത്തുറ്റ പോരാട്ടവീര്യമാണ്.
മഹാമാരിക്കെതിരെ യുദ്ധമുഖത്ത് സധൈര്യം പോരാടുന്നവര്‍ക്ക് ആദരവര്‍പ്പിച്ചത് മൂന്ന് സൈനിക വിഭാഗങ്ങളും ഒരുമിച്ചാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികള്‍ക്ക് മുകളില്‍ പുഷ്പ വര്‍ഷം നടത്തിയുള്ള സൈന്യത്തിന്റെ ആദരവും അസാധാരണ സംഭവങ്ങളില്‍ ഒന്നാണ്. അതിര്‍ത്തി കാക്കുന്ന സൈന്യവും കോവിഡ് പോരാളികളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ലക്ഷ്യത്തോടെ പരസ്പരപൂരകങ്ങളായിട്ടാണ്. ജനങ്ങളുടെ സുരക്ഷയാണ് ഇരുകൂട്ടര്‍ക്കും മുഖ്യം. ഇരുകൂട്ടര്‍ക്കും കൊടുക്കാം ഒരു പ്രണാമം. അവരായിരിക്കട്ടെ നമ്മുടെ ഹീറോകള്‍.
എന്നാല്‍, ഇതിന്റെയൊന്നും മഹത്വം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലരെങ്കിലും ഉണ്ടെന്നത് സമൂഹത്തിന്റെ ശാപമായി അവശേഷിക്കുന്നു. മനുഷ്യത്വത്തിന്റെ ചെറുകണികപോലും ഉള്ളിലില്ലാത്ത ഭീകരരാണ് ഈ വൈറസിനേക്കാള്‍ അപകടകാരികള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ജമ്മു-കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. കേണല്‍, മേജര്‍ റാങ്കിലുള്ളവരെയാണ് ആക്രമണത്തില്‍ ഇന്ത്യക്ക് നഷ്ടമായത്. ഹന്ദ്വാരയിലെ ഒരു വീട്ടില്‍ എത്തിയ ഭീകരരുമായി 21 രാഷ്ട്രീയ റൈഫിള്‍സ് സംഘം ഏറ്റുമുട്ടുകയായിരുന്നു. രാജ്യത്തിന്റെ സുരക്ഷമാത്രം മുഖ്യമായി കരുതുന്ന സൈനികര്‍ക്ക് നേരെ ഉണ്ടായ ആക്രമണം ഒരുതരത്തിലും മാപ്പര്‍ഹിക്കുന്നില്ല. സൈനികരുടെ പ്രാണത്യാഗം മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ഒരു മുന്നറിയിപ്പുതന്നെയാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കുകയും അര്‍ഹിക്കുന്ന ശിക്ഷ നടപ്പാക്കുകയും ചെയ്യും എന്നത് ഇച്ഛാശക്തിയുള്ള കേന്ദ്രസര്‍ക്കാരില്‍ പൗരന്മാര്ക്കുള്ള വിശ്വാസം കൂടിയാണ്.
കൊറോണ വൈറസില്‍ നിന്ന് ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിനാണ് ഇപ്പോള്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. അതേ ജനങ്ങളുടെ ജീവന് ഭീകരര്‍ ഭീഷണിയുയര്‍ത്തുന്നത് എന്ത് വിലകൊടുത്തും ചെറുത്തു തോല്പിക്കേണ്ടതുണ്ട്. അതിനാണ് അതിര്‍ത്തിയില്‍ സദാ ജാഗരൂകരായി സൈന്യം നിലയുറപ്പിച്ചിരിക്കുന്നതും. യഥാര്‍ത്ഥത്തില്‍ കര, വ്യോമ, നാവിക സേനാംഗങ്ങള്‍ നല്കുന്ന ആത്മവിശ്വാസത്തിലാണ് നമ്മുടെയെല്ലാം നിലനില്‍പ്പ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ആശ്രയിക്കാവുന്ന അത്താണിയാണ് സൈനികര്‍.
ഭീകരവാദത്തിന്റെ വിളനിലമായ പാക്കിസ്ഥാന് ഇപ്പോള്‍ കൊറോണ വൈറസിനെതിരെ പോരാടുകയാണ് വേണ്ടത്. പകരം, ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊണ്ട് ഭാരതത്തിന്റെ ക്ഷമ പരീക്ഷിക്കാന്‍ മുതിരരുത്. ലോകം ഏത് അവസ്ഥയിലൂടെ കടന്നുപോയാലും വിനാശം വിതയ്ക്കുക എന്നത് മാത്രമാണ് ഭീകരവാദികളുടെ ലക്ഷ്യം. സിറിയന്‍ നഗരമായ അഫ്രിനില്‍ നാല്പതോളം പേര് കൊല്ലപ്പെടാന്‍ ഇടയായ ബോംബ് സ്ഫോടനവും കൊറോണ കാലത്തെ മറ്റൊരു വേദനയാണ്.
ഹന്ദ്വാരയിലെ ഭീകരാക്രമണത്തില്‍ പ്രാണത്യാഗം ചെയ്ത കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ അശുതോഷ് ശര്‍മ, മേജര്‍ അനൂജ് സൂദ്, റൈഫിള്‍ മാന്‍ എന്‍.കെ. രാജേഷ്, ലാന്‍സ് നായിക് ദിനേശ്, കശ്മീരിലെ പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷക്കീല്‍ ഖസി എന്നിവരും രാഷ്ട്രത്തിന്റെ ആദരവ് അര്‍ഹിക്കുന്നു. രാഷ്ട്രത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് വരും ദിവസങ്ങളില്‍ രാജ്യം ഈ മഹാമാരിയെ നേരിടുന്നത്. ഇവിടുത്തെ നൂറ്റിമുപ്പത് കോടി ജനതയ്ക്ക് വേണ്ടി പോരാടിക്കൊണ്ട് നിങ്ങള്‍ ചെയ്ത ജീവത്യാഗം വെറുതെയാവില്ല. ഏത് യുദ്ധമുഖത്തായാലും ചെറുത്ത് തോല്പിക്കുക എന്നതില്ക്കുറഞ്ഞൊരു വിജയവും ആഗ്രഹിക്കാത്ത ഒരു ജനതയുള്ളപ്പോള്‍ തോല്‍ക്കുവതെങ്ങനെ നാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: