തിരുവനന്തപുരം: രാജഭരണകാലം മുതല്‍ അനന്തപുരിയുടെ മണ്ണില്‍ ആകാശത്തോളം തലയെടുപ്പോടെ ഉയര്‍ന്നിരുന്ന സൗധങ്ങളാണ് ഈ നഗരത്തിന് പ്രൗഡിയുടെ രൂപഭംഗി നല്‍കിയത്. ഇന്ന് നാം കാണുന്ന തലസ്ഥാന ജില്ലയിലെ പൈതൃക കെട്ടിടങ്ങള്‍, അഭിമാനസൗധ്യങ്ങള്‍ അവയ്ക്ക് പിന്നില്‍ ഒരു പൈതൃകപരമ്പരയുടെ കൈയൊപ്പുണ്ട്. പിആര്‍എസ് എന്ന മൂന്നക്ഷരം.
പിആര്‍എസ് എന്നുകേട്ടാല്‍ തലസ്ഥാനത്തെ ആധുനിക തലമുറയ്ക്ക് പിആര്‍എസ് ആശുപത്രിയും പിആര്‍എസ് ബില്‍ഡേഴ്സ് എന്നതുമാവും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ തിരുവിതാംകൂറിന്റെ ചരിത്രത്താളുകളില്‍ ആ മൂന്നക്ഷരം കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്. പി.രത്നസ്വാമി പിള്ളയെന്ന നിര്‍മാണമേഖലയിലെ അതികായന്റെ കരസ്പര്‍ശമേറ്റ തലസ്ഥാനനഗരിയിലെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മിതിയിലൂടെ.
തലസ്ഥാനത്തിന്റെ മുഖമുദ്രകളായ സെക്രട്ടേറിയറ്റിലെ സൗത്ത് ബ്ലോക്ക്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ശ്രീചിത്ര തിരുനാള്‍ മെഡിക്കല്‍ സെന്റര്‍, ആര്‍സിസി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ലാന്‍ഡ് മോട്ട്ഗേജ് ബാങ്ക്, കേസരി മെമ്മോറിയല്‍, കനറാ ബാങ്ക്, കാര്‍ത്തിക തിരുനാള്‍ തീയേറ്റര്‍, എസ്ബിടി ഹെഡ് ഓഫീസ്, സൈനിക സ്കൂള്‍, കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്, ഹോട്ടല്‍ ലൂസിയ, ചെഷയര്‍ ഹോം, ബാങ്ക് എംപ്ലോയീസ് ഹാള്‍, പി.എഫ് ഓഫീസ്, പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ആദ്യ ബ്ലോക്കുകള്‍, ഐഎസ്ആര്‍ഒയിലെ ആദ്യകാല കെട്ടിടങ്ങള്‍, രാജ്ഭവനിലെ എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, പത്മാ നഗര്‍ റസിഡന്‍ഷ്യല്‍ സമുച്ചയം തുടങ്ങിയവയുടെ നിര്‍മാണം പി.രത്നസ്വാമി പിള്ളയെന്ന മനുഷ്യന് ചരിത്രതാളുകളില്‍ സുവര്‍ണ ലിപികളാല്‍ എഴുതിചേര്‍ത്തവയാണ്.
പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഗര്‍കോവിലിലെ ഭീമാനഗരിയില്‍ എസ്. പെരുമാള്‍ പിള്ളയുടെയും ആനന്ദമ്മാളിന്റെയും എട്ടുമക്കളില്‍ രണ്ടാമനായിരുന്നു രത്നസ്വാമി. നാഗര്‍കോവിലില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ പ്രീ യൂണിവേഴ്സിറ്റി പഠനം. നിര്‍മാണ മേഖലയില്‍ കരാര്‍ ജോലി നോക്കിയിരുന്ന പെരുമാള്‍പിള്ള മകന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവനെ എന്‍ജിനീയറിംഗ് പഠനത്തിന് വിട്ടു. പിഎംജിയില്‍ സ്ഥിതിചെയ്തിരുന്ന ട്രിവാന്‍ഡ്രം എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും സിവില്‍ എന്‍ജിനീയറിംഗില്‍ രത്നസ്വാമി ഡിപ്ലോമ നേടി.
അന്നത്തെ കാലത്ത് പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നിര്‍മാണം തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു. സത്യസന്ധതയും വിശ്വാസ്യതയും കഴിവുള്ളവരെയും മാത്രമേ കൊട്ടാരം കരാര്‍ ജോലികള്‍ക്കായി തെരഞ്ഞെടുക്കാറുള്ളൂ. ശ്രീ ചിത്തിര തിരുനാള്‍ മഹാരാജാവിന്റെ വിശ്വാസമാര്‍ജിച്ച പെരുമാള്‍ പിള്ളയ്ക്ക് പേട്ടയിലെ ഒരു സ്കൂളിന്റെ നിര്‍മാണ ചുമതലയാണ് ആദ്യം ലഭിച്ചത്. വിജയകരമായി അത് പൂര്‍ത്തിയാക്കിയതോടെ അക്കാലത്തെ പ്രമുഖ കെട്ടിടങ്ങളുടെ നിര്‍മാണ കരാര്‍ അദ്ദേഹത്തെ തേടിയെത്തി. തലസ്ഥാനത്തിന്റെ പഴയ അസംബ്ലി ഹാള്‍ നിര്‍മാണം 1933-1937 കാലയളവില്‍ പൂര്‍ത്തിയാക്കാനും പെരുമാള്‍ പിള്ളയ്ക്ക് അവസരം ലഭിച്ചു. ഇതോടെ 1940 ല്‍ അദ്ദേഹം കുടുംബസമേതം തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷനിലെ വാടകവീട്ടിലേക്ക് മാറി. എന്‍ജിനീയറിംഗ് ഡിപ്ലോമ കഴിഞ്ഞതോടെ രത്നസ്വാമിയും അച്ഛനോടൊപ്പം നിര്‍മാണ ചുമതലകള്‍ ഏറ്റെടുത്തതോടെയാണ് ചരിത്രം കുറിച്ച കെട്ടിടങ്ങള്‍ ഉദയം ചെയ്തത്.
കേരളത്തിലെ തന്നെ ആദ്യത്തെ ഉയരം കൂടിയ കെട്ടിടങ്ങളില്‍ ഒന്നായ 14 നിലകളുള്ള കോ ബാങ്ക് ടവറിന്റെ നിര്‍മാണം അന്ന് ഏറെ പ്രശംസയാര്‍ജിച്ചതായിരുന്നു. കേരളത്തില്‍ ഫ്ളാറ്റ് നിര്‍മാണരംഗത്തേക്ക് ആദ്യചുവട് വച്ചതും പിആര്‍എസ് തന്നെയായിരുന്നു. 1984 ല്‍ സംഗീത് അപ്പാര്‍ട്ട്മെന്റ് എന്ന പേരില്‍.
ബിസിനസിലുപരി പൊതു പ്രവര്‍ത്തനരംഗത്തും പിആര്‍എസ് സജീവമായിരുന്നു. കിള്ളിപ്പാലത്ത് തിരുവനന്തപുരം തമിഴ് സംഘത്തിന് 12 സെന്റ് ഭൂമി വാങ്ങി സംഭാവനയായി നല്കി ആസ്ഥാനമന്ദിരം നിര്‍മിച്ചുകൊടുത്ത അദ്ദേഹം തമിഴ് ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിച്ച് കേരള സര്‍വകലാശാല സെനറ്റ് അംഗമായി ശൈവപ്രകാശസഭ, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് സൊസൈറ്റി, ചെഷയര്‍ ഹോം, വഞ്ചി പുവര്‍ഹോം, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ്, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്നീ സംഘടനകളിലും സജീവ അംഗമായിരുന്നു. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കേരള ചാപ്റ്ററിന് രൂപം നല്കുവാന് മുന്‍കൈ എടുത്തതും രത്നസ്വാമി പിള്ളയായിരുന്നു.
ഒരു വെള്ള മുണ്ടും വെള്ളഷര്‍ട്ടും മാത്രം ധരിച്ച് സാധാരണക്കാരനെപ്പോലെ കടന്നുപോയ പിആര്‍എസ് തന്റെ ഒപ്പം പണിയെടുത്ത തൊഴിലാളികള്‍ക്ക് എന്നും ആശ്രയമായിരുന്നു. രത്നസ്വാമിപിള്ളയോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാരുടെ പിന്‍തലമുറകളിലുള്ളവര്‍ ഇന്നും പിആര്‍എസ് ഗ്രൂപ്പിനൊപ്പമുള്ളത് പിആര്‍എസിന് കൂടുതല്‍ ശോഭ പകരുന്നു. തലസ്ഥാനത്തിന്റെ രൂപഭംഗി മാറ്റിയെഴുതിയ രത്നസ്വാമി പിള്ളയുടെ അവസാന നിര്‍മിതി തൈക്കാടുള്ള സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് കെട്ടിടമാണ്. 1990 മെയ് 12 ന് ‘പിആര്‍എസ്’ ഈ ലോകത്തോട് വിടപറഞ്ഞു.
രത്നസ്വാമി-കൃഷ്ണമ്മാള്‍ ദമ്പതികള്‍ക്ക് മൂന്നുമക്കളായിരുന്നു. മകന് ആര്.മുരുകന് തെരഞ്ഞെടുത്തതും എന്‍ജിനീയറിംഗ് തന്നെയായിരുന്നു. മുരുകന്റെ ഭാര്യ പ്രേമയും എന്‍ജിനീയറിംഗ് ബിരുദധാരിണിയാണ്. ഇരുവരും പിആര്‍എസ് ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സദാസജീവമാണ്. രത്നസ്വാമിയുടെ മകള്‍ ഡോ. ആനന്ദം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും പീഡിയാട്രിക് ന്യൂേറാളജി വിഭാഗം പ്രൊഫസറായി വിരമിച്ചശേഷം പിആര്‍എസ് ആശുപത്രിയിലെ മുഴുവന്‍ സമയ കണ്‍സള്‍ട്ടന്റായും എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചുവരുന്നു. ഇന്ത്യന്‍ ബാങ്കില്‍ നിന്നും എജിഎം ആയി വിരമിച്ച എം.ജനാര്‍ദനനാണ് ആനന്ദത്തിന്റെ ഭര്‍ത്താവ്. പി. രത്നസ്വാമിയുടെ മറ്റൊരു മകളായ രാജേശ്വരി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കല്യാണ്‍ ഗ്രൂപ്പ് സ്കൂളുകളുടെ ചെയര്‍പേഴ്സണാണ്. രാജേശ്വരിയുടെ ഭര്‍ത്താവും തിരുവനന്തപുരം കല്യാണ്‍ ആശുപത്രി ഉടമയുമായ ഡോ. എം.എസ്. തിരുവാരിയന്‍ പിആര്‍എസ് ആശുപത്രിയുടെ എക്സിക്യൂട്ടീവ് മെഡിക്കല്‍ ഡയറക്ടറും കൂടിയാണ്.
പിആര്‍എസ് സ്വപ്നം കണ്ടതുപോലെ പിആര്‍എസ് ഗ്രൂപ്പ് ഇന്ന് നിര്‍മാണവും ആതുരസേവനവും കൂടാതെ വിദ്യാഭ്യാസം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ സാന്നിധ്യമുറപ്പിച്ച് മുന്നോട്ടുപോകുന്നു. തലസ്ഥാനത്തെ പ്രമുഖ കെട്ടിടനിര്‍മാതാക്കളുടെ ശ്രേണിയില്‍ പിആര്‍എസ് ഇന്നും തിളങ്ങിനില്ക്കുന്നു. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് പിആര്‍എസ് ഗ്രൂപ്പാണ്. നിലവില്‍ പണിനടക്കുന്ന ബിജെപി ആസ്ഥാനമന്ദിരത്തിന്റെ നിര്‍മാണ ചുമതലയും പിആര്‍എസിനാണ്. രത്നസ്വാമിയുടെ കൊച്ചുമകന് ശബരിയാണ് ഇതിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്.
മെയ് 5 ന് പി. രത്നസ്വാമിപിള്ളയുടെ ജന്മശതാബ്ദി കടന്നുപോകുമ്പോള്‍ അദ്ദേഹം പിന്നിട്ട വഴികള്‍ നിര്‍മാണ മേഖലയിലെ നവസംരംഭകര്‍ക്ക് ഒരു പാഠപുസ്തകവും മാതൃകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: