കണ്ണൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1140 ഇതര സംസ്ഥാന തൊഴിലാളികളുമായി കണ്ണൂരില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ ബീഹാറിലേക്ക് പുറപ്പെട്ടു. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വൈകിട്ട് ഏഴ് മണിക്കായിരുന്നു ആദ്യ സംഘം യാത്രയായത്. ജില്ലാ കലക്ടര്‍ ടി.വി. സുഭാഷ് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്തു.
ഇന്ന് ഒരു ട്രെയിന്‍ കൂടി ബീഹാറിലേക്ക് പുറപ്പെടും. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളെ 40 കെഎസ്ആര്‍ടിസി ബസ്സുകളിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സില്‍ 30 പേരുമായിട്ടായിരുന്നു യാത്ര.
കണ്ണൂര്‍ കോര്‍പ്പറേഷനു പുറമെ അഴീക്കോട്, ചെമ്പിലോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം, കൊളച്ചേരി, ധര്‍മ്മടം, കൂടാളി പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. നാളെ രാവിലെയാണ് ട്രെയിന്‍ ബീഹാറിലെ സഹര്‍സ റെയില്‍വേ സ്റ്റേഷനില്‍ എത്തുക. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു ട്രെയിനിലും ഇരിപ്പിടങ്ങള്‍ നല്‍കിയത്. 930 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. തൊഴിലാളി ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ ബസ്സുകളില്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചത്.
തൊഴിലാളികള്‍ക്ക് യാത്രയ്ക്കിടെ കഴിക്കാനുള്ള ഭക്ഷണം ജില്ലാഭരണകൂടം ഏര്‍പ്പാടാക്കിയിരുന്നു. ചപ്പാത്തി, പഴം, ബിസ്ക്കറ്റ്, വെള്ളം എന്നിവ ഉള്‍പ്പെട്ട കിറ്റാണ് അവര്‍ക്ക് നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ്. ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, തഹസില്‍ദാര്‍ എം.വി. സജീവന്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ബിജെപി കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് കെ. രതീഷ് തുടങ്ങിയവര്‍ തൊഴിലാളികളെ യാത്രയാക്കാന്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: