ന്യൂദല്‍ഹി : കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത നേടാനുള്ള കഠിന പ്രയത്നം നടത്തി ഇന്ത്യ. ആഗോള തലത്തില്‍ കൊറോണ വൈറസ് വ്യാപകമാകാന്‍ തുടങ്ങിയതോടെ മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ലഭ്യതക്കുറവ് ഇന്ത്യയില്‍ അനുഭവപ്പെടാതിരിക്കാന്‍ മുന്‍ കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ ഉത്പ്പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്. ചൈനയ്ക്ക് തൊട്ടുപിന്നിലായി പിപിഇ കിറ്റ് വിപണിയില്‍ ഇന്ത്യ സ്ഥാനം നേടിക്കഴിഞ്ഞു.
മെഡിക്കല്‍ ഉപകരണങ്ങളില്‍ വിദേശ ആശ്രയത്വം കുറയ്ക്കാനും കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഇതുവഴി രാജ്യത്തിനു കഴിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച കോവിഡ് വിദഗ്ധസംഘത്തിന്റെ ചെയര്മാന് പി.ഡി. വഗേല അറിയിച്ചു. രാജ്യത്തെ
ഓര്‍ഡര്‍ നല്കിയ 2.22 കോടി പിപിഇ കിറ്റുകളില്‍ 1.42 കോടിയും വാങ്ങുന്നത് ആഭ്യന്തര ഉത്പ്പാദകരില്നിന്നാണ്. 2.01 കോടി കിറ്റുകള്‍ ആവശ്യമുള്ളിടത്താണ് 2.22 കോടിക്ക് ഓര്‍ഡര്‍ നല്‍കിയത്.
നേരത്തേ പിപിഇ കിറ്റുകള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യയില്‍ 111 കമ്പനികള്‍ ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനയ്ക്കു തൊട്ടുപിന്നിലായി, 7000 കോടി രൂപയുടെ വ്യവസായമായി പിപിഇ കിറ്റ് ഉത്പാദനം വളര്‍ന്നു. ദിവസം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്തുണ്ടാക്കുന്നത്. 19,938 വെന്റിലേറ്ററുകളാണ് രാജ്യത്തുള്ളത്. 60,884 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്കി. 59,884-ഉം രാജ്യത്തിനകത്തെ കമ്പനികളില്‍നിന്നാണ്.
അതേസമയം ജൂണ്‍വരെ 75,000 വെന്റിലേറ്ററുകള്‍ വേണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തിയിട്ടുള്ളത്. ഇതുവരെ ഓര്‍ഡര്‍ നല്കിയ 2.49 കോടി എന്‍-95, എന്‍-99 മുഖാവരണങ്ങളില്‍ ഒരു കോടി മാത്രമാണ് ഇറക്കുമതി ചെയ്യേണ്ടിവന്നത്. കോവിഡ് രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികയുടെ ഉത്പാദനവും മാസത്തില്‍ 12.23 കോടിയില്‍നിന്ന് 30 കോടിയായി.
നാലുലക്ഷത്തോളം ഓക്സിജന്‍ സിലിന്‍ഡറുകള്‍ രാജ്യത്തു ലഭ്യമാണ്. 35 ലക്ഷത്തോളം ആര്‍ടി-പിസിആര്‍ പരിശോധനാ കിറ്റുകളാണ് ഇപ്പോള്‍ ആവശ്യം. 21 ലക്ഷം കിറ്റുകള്‍ക്ക് ഐസിഎംആര്‍ ഓര്‍ഡര്‍ നല്കി. ഇതില്‍ 14 ലക്ഷം കിട്ടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: