ന്യൂദല്‍ഹി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇനി വീട്ടിലെത്താം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനാളുകളെ നാട്ടിലെത്തിക്കുന്നതിന് ബൃഹദ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു.
വെള്ളിയാഴ്ച തെലങ്കാനയിലെ ലംഗമ്പള്ളയില് നിന്ന് ഝാര്‍ഖണ്ഡിലേക്കാണ് ആദ്യ ട്രെയിന്‍ സര്‍വീസ് നടത്തിയത്. രാത്രി പത്തിന് കേരളത്തില്‍നിന്നുള്ള ആദ്യ ട്രെയിന്‍ ആലുവയില്‍നിന്ന് ഭുവനേശ്വറിലേക്കും പുറപ്പെട്ടു. മഹാരാഷ്ട്രയില്‍നിന്നും തൊഴിലാളികളെ വഹിച്ച് യുപിയിലേക്കും നോണ്‍സ്റ്റോപ്പ് ട്രെയിന്‍ കുതിച്ചു.
ഇന്നലെ കേരളത്തില്‍നിന്ന് അഞ്ചു ശ്രമിക് ട്രെയിനുകള്‍ യാത്ര തിരിച്ചു-കോഴിക്കോട്- ധന്‍ബാദ്, തിരൂര്‍- പാട്ന, ആലുവ- ഖുര്‍ദ (ഒഡീഷ), എറണാകുളം നോര്‍ത്ത്- പാട്ന, തിരുവനന്തപുരം-ഹടിയ (ഝാര്‍ഖണ്ഡ്). നാസിക്കില്‍ നിന്ന് രണ്ട്, ജയ്പൂരില്‍ നിന്നും കോട്ടയില്‍ നിന്നും ഓരോന്നു വീതവുമാണ് ഇന്നലെ സര്‍വീസ് നടത്തിയ പ്രത്യേക ട്രെയിനുകള്‍.
ആയിരത്തിഇരുനൂറോളം പേരാണ് ഓരോ ട്രെയിനിലും യാത്ര ചെയ്യുന്നത്. ഒരു കോച്ചില്‍ 54 പേര്. ജില്ലാ ഭരണകൂടമാണ് തൊഴിലാളികളെ തെരഞ്ഞെടുത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കേണ്ടത്. ഇവര്‍ക്ക് പരിശോധനയും നടത്തണം. നാട്ടിലെത്തുന്നവര്‍ 15 ദിവസം ക്വാറന്റൈനില്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: