തിരുവനന്തപുരം: സ്വപ്നങ്ങള്‍ക്ക് അവധി നല്കി അവര്‍ നാട്ടിലേക്ക് മടങ്ങി. സ്വപ്നങ്ങളെല്ലാം പൊതിഞ്ഞുകെട്ടിയ ഭാണ്ഡക്കെട്ടുമായി ഒരാള്‍ കൂടെ ഒന്നര വയസുള്ള കുഞ്ഞിനെ മാറോടണച്ച അമ്മയും മടക്കയാത്രയ്ക്കുവേണ്ടി തീവണ്ടിപിടിക്കാന്‍ പോവുകയാണ്. കുഞ്ഞിനെ മാറോടണച്ച് നടന്നുവരുന്ന അമ്മയുടെ മുഖത്ത് നിറയെ ആശങ്കയായിരുന്നു. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളോടെയുമായിരുന്നു അവരുടെ വരവ്. സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുകയാണ് അവര്‍ ജനിച്ച നാട്ടിലേക്ക്, തങ്ങളുടെ ഉറ്റവരുടെ അടുത്തേക്ക്. ഇനി തിരിച്ച് ഈ നാട്ടിലേക്ക് വരുമോയെന്ന് അറിയില്ല. എങ്കിലും അവര്‍ക്ക് പോയേ മതിയാകു.
രണ്ടുമാസം മുമ്പാണ് ഝാര്‍ഖണ്ഢിലെ കോട്ട സ്വദേശിയായ സുബോധ്കുമാര്‍ തിരുവനന്തപുരത്ത് എത്തുന്നത്. ഒറ്റയ്ക്കായിരുന്നില്ല തന്റെ ഭാര്യ ലക്ഷമിദേവിയും ഒന്നരവയസ്സുകാരന് റോഷന്കുമാറും ഒപ്പമുണ്ടായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെയായിരുന്നു വരവ്. പക്ഷെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി കൊറോണയുടെ വ്യാപനം ലോകമെങ്ങും ഉണ്ടായപ്പോള്‍ സുബോധിന്റെ സ്വപ്നങ്ങള്‍ക്കും താഴുവീഴുകയായിരുന്നു. നെല്ലിമൂടിന് സമീപം ബാര്‍ബര്‍ ഷോപ്പിലായിരുന്നു സുബോധിന് ജോലി. ലോക്ഡൗണ്‍ ആരംഭിച്ചനാള്‍ മുതല്‍ ജോലിയില്ലാതായി. ഇവിടെ നിന്നിട്ട് ഇനി കാര്യമില്ല എത്രയും വേഗം നാട്ടിലെത്തണം.
ഇനി അടുത്തകാലത്തൊന്നും ജോലിചെയ്യാന്‍ കഴിയുമെന്ന വിശ്വാസം സുബോധിനില്ല. നാട്ടില്‍ പ്രീയപ്പെട്ടവരുടെ അടുത്ത് എത്രയും വേഗം എത്തണം അതിനാണ് ഈ മടക്കയാത്ര. തീവണ്ടിയില്‍ കയറാനുള്ള ധൃതിയില്‍ അവര്‍ നടന്നുനീങ്ങുമ്പോള്‍ കൊറോണയും മഹാമാരിയും എന്തെന്നറിയാതെ ആ ഒന്നരവയസ്സുകാരന് അമ്മയുടെ മാറില്‍ വെറുതെ കിടക്കുകയായിരുന്നു. അവര്‍ക്കായി നമുക്ക് ശുഭയാത്രനേരാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: