ന്യൂദല്‍ഹി: ലോക് ഡൗണിനെ തുടര്‍ന്ന് മുന്‍കാല പരമ്പരകള്‍ പുനഃസംപ്രേഷണം ചെയ്ത് ബാര്‍ക് റേറ്റിങ്ങില്‍ ഒന്നാമതെത്തി പ്രതാപം വീണ്ടെടുത്ത് ദൂരദര്ശന്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക് ഇന്ത്യ) പുറത്തുവിട്ട റേറ്റിങ്ങില്‍ പ്രശസ്തമായ പല സ്വകാര്യ വിനോദ ചാനലുകളെയും പിന്തള്ളി ദൂരദര്ശനാണിപ്പോള് ട്രന്റിങ്.
ഇതോടെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ടെലിവിഷന്‍ ഷോ എന്ന ബഹുമതി രാമായണത്തിന് സ്വന്തമായി. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു വരുന്ന രാമാനന്ദ സാഗറിന്റെ രാമായണം ഏപ്രില്‍ 16ലെ കണക്കുകള്‍ അനുസരിച്ച് 7.7കോടി പ്രേക്ഷകരാണ് കണ്ടത്. ഇതുവരെയുള്ള എല്ലാ റെക്കോഡുകളും തകര്‍ത്ത് പുതിയ ലോകറെക്കോഡാണ് രാമായണം കുറിച്ചത്. ഇത് സംബന്ധിച്ച വിവരം ഡിഡി ഇന്ത്യ തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടത്.
1.85 കോടി പേര് കണ്ട ഇംഗ്ലീഷ് പരിപാടി ‘ദ ബിഗ് ബാങ്ങ് തീയറീസിന്റെ’ ഫൈനല്‍, 1.74 കോടി പേര് കണ്ട ‘ഗെയിം ഓഫ് ത്രോണ്‍സ്’ എന്നിവയെയാണ് രാമായണം പിന്തള്ളിയത്.
1987ലാണ് രാമായണം ദൂരദര്ശന് ആദ്യമായി സംപ്രേഷണം ചെയ്തത്. വാല്മീകി രാമായണവും തുളസീദാസിന്റെ രാമചരിത മാനസവും ആസ്പദമാക്കിയാണ് രാമാനന്ദ് സാഗര്‍ പരമ്പര ഒരുക്കിയത്. 1987 ജനുവരി 25 മുതല്‍ 1988 ജൂലൈ 31 വരെ 78 എപ്പിസോഡുകളിലായിരുന്നു സംപ്രേഷണം. ആ കാലയളവില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന റെക്കോഡ് രാമായണം നേടിയിരുന്നു. 2013 ജൂണ്‍ വരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പുരാണ പരമ്പര എന്ന ലിംക ബുക്ക് റെക്കോഡ് രാമായണത്തിന്റെ പേരിലായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ പ്രത്യേക അഭ്യര്‍ഥന പ്രകാരമാണ് 33 വര്‍ഷങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 28 മുതല്‍ ദൂരദര്‍ശനില്‍ രാമായണവും, ബി.ആര്. ചോപ്ര സംവിധാനം ചെയ്ത മഹാഭാരതവും പുന:സംപ്രേഷണം ആരംഭിച്ചത്. ദിവസവും രണ്ടു തവണയാണ് ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. ഇതില്‍ അരുണ്‍ ഗോവില്‍, ദിപിക ചിക്ലിയ, സുനില്‍ ലാഹിരി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
ഇതിന് പുറമേ പ്രേഷകപ്രീതി പിടിച്ചു പറ്റിയ ശക്തിമാന്, ദി ജംഗിള്‍ ബുക്ക്, ആലിഫ് ലൈല, ചാണക്യ, ബുനിയാദ്, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഷാരൂഖ് ഖാന് അഭിനയിച്ച സര്‍ക്കസ് തുടങ്ങി ഒട്ടേറെ പഴയ ക്ലാസിക് പരമ്പരകളും ദൂരദര്ശന് പുന:സംപ്രേഷണം ചെയ്യുന്നു. ദൂരദര്‍ശന്റെ പ്രതാപകാലത്തെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മനസ്സ് കവര്‍ന്ന പരമ്പരകളാണ് ഇവയെല്ലാം. ഇതില്‍ രാമായണത്തിനും മഹാഭാരതത്തിനുമാണ് ഏറെ കാഴ്ചക്കാരുള്ളത്.
ഡിഡി സ്പോര്‍ട്സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 2000 മുതലുള്ള ചില ഗംഭീര മത്സരങ്ങളും ബിസിസിഐയുടെ പിന്തുണയോടെ സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്. അതിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
ദൂരദര്‍ശന്റെ തുടക്കം
ഇന്ത്യയുടെ ദേശീയ ചാനലായ ദൂരദര്ശന് ആദ്യമായി സംപ്രേക്ഷണം തുടങ്ങുന്നത് 1959 സെപ്തംബര്‍ 15നാണ്. ഒരു ചെറിയ ട്രാന്സ്മിറ്ററിലും താല്ക്കാലികമായുണ്ടാക്കിയ സ്റ്റുഡിയോയിലും ആരംഭിച്ച സംപ്രേക്ഷണമാണ് പിന്നീട് ഒരു സുവര്‍ണ്ണകാലഘട്ടം ദൂരദര്ശന് സ്വന്തമാക്കി കൊടുത്തത്. യുനസ്കോയുടെ സഹായമായി ലഭിച്ച 20,000 ഡോളറും സൗജന്യമായി ലഭിച്ച 180 ഫിലിപ്സ് ടെലിവിഷന്‍ സെറ്റുകളും ഉപയോഗിച്ച് 1959 സെപ്തംബര്‍ 15നാണ് ദൂരദര്‍ശന്റെ ആദ്യസിഗ്നലുകള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തില്‍ അലയടിച്ചത്.
ആകാശവാണിയുടെ കെട്ടിടത്തില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ച സ്റ്റുഡിയോയില്‍ നിന്നായിരുന്നു ആദ്യ സംപ്രേക്ഷണം. ട്രാന്‍സ്മിറ്ററിന്റെ ശേഷി കുറവായിരുന്നതിനാല്‍ ദല്ഹിക്കുചുറ്റും 40 കിലോമീറ്റര്‍ പരിധിയില്‍ മാത്രമേ പരിപാടികള്‍ ലഭ്യമായിരുന്നുള്ളു. ആഴ്ചയില്‍ 20 മിനിറ്റ് വീതമായിരുന്നു പ്രവര്‍ത്തനം. ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷം 1965ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങി.
ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്ശന് കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം 1982ല്‍ ആരംഭിച്ചു. രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് പരമ്പരകളും രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എണ്‍പതുകളെ ദൂരദര്ശന് കീഴടക്കി. 1985 ജനുവരിയിലാണ് ആദ്യ മലയാളം കേന്ദ്രം തിരുവനന്തപുരത്ത് തുടങ്ങുന്നത്. ഇപ്പോള്‍ 22 ഭാഷകളിലായി 30 ചാനലുകള്‍ ദൂരദര്‍ശനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: