ന്യൂദൽഹി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ സർക്കാർ പാവപ്പെട്ട സ്ത്രീകൾക്കായി പ്രഖ്യാപിച്ച പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരം എല്ലാ വനിത ജൻധൻ അക്കൗണ്ട് ഉടമകൾക്കും മൂന്ന് മാസം 500 രൂപ വീതം ലഭിക്കും. പദ്ധതിയുടെ ആദ്യ ഗഡു ഏപ്രിൽ ആദ്യ വാരം തന്നെ വിതരണം ചെയ്തിരുന്നു. രണ്ടാം ഗഡു വിതരണം ഈ ആഴ്‌ച്ച ആരംഭിക്കും. എല്ലാ വനിതാ ഗുണഭോക്താക്കൾക്കും മൂന്ന് ഗഡുക്കളായി 500 രൂപ വീതമാണ് നൽകുക.
രണ്ടാമത്തെ ഗഡുവിലേയ്‌ക്കുള്ള പണം ബാങ്കുകൾക്ക് നൽകി കഴിഞ്ഞു. തുക ഈ ആഴ്‌ച്ച തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. കഴിഞ്ഞ മാസം 20 കോടി വനിതാ ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു ലഭിച്ചിരുന്നു. പണം ലഭിക്കുന്നതിനായി ഗുണഭോക്താക്കൾക്ക് ബാങ്കിൽ എത്തേണ്ട തീയതിയും സർക്കാർ അറിയിച്ചു. കഴിഞ്ഞ മാസത്തേത് പോലെ തന്നെ ഈ തീയതികളിൽ സാമൂഹിക അകലം പാലിച്ച് വേണ്ടത്ര മുൻകരുതൽ ഉറപ്പാക്കി മാത്രമേ തുക പിൻവലിക്കാൻ ബാങ്കുകളിൽ ഉപഭോക്താക്കൾ എത്താവൂ.
പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകളുള്ള ഗുണഭോക്താക്കൾ മെയ് നാലിനാണ് ബാങ്ക് ശാഖയിൽ എത്തേണ്ടത്. രണ്ടിലും മൂന്നിലും അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകളുള്ളവർ മെയ് 5 ന് ബാങ്കുകൾ സന്ദർശിക്കണം. 4, 5 നമ്പറുകളിൽ അവസാനിക്കുന്ന ജൻ ധൻ അക്കൗണ്ട് ഗുണഭോക്താക്കൾ മെയ് 6 ന് ബാങ്കുകൾ സന്ദർശിക്കണം. മെയ് 8 ന് 6 ഉം 7 ഉം അക്കങ്ങളിൽ അവസാനിക്കുന്ന അക്കൗണ്ട് നമ്പറുകാർക്ക് ബാങ്കിലെത്തി തുക കൈപ്പറ്റാം. 8, 9 നമ്പറുകളിൽ അവസാനിക്കുന്ന അക്കൗണ്ടുകാർക്ക് മെയ് 11ന് തുക പിൻവലിക്കാൻ ബാങ്കിൽ എത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: