പ്യാര് ഹുവാ ഇക്രാര് ഹുവാ… അച്ഛന് രാജ് കപൂര്‍ തകര്‍ത്തഭിനയിച്ച ഈ ഗാനത്തില്‍ മഴക്കോട്ടുമണിഞ്ഞ് രണ്ട് കുട്ടികളുടെ കൈപിടിച്ച് കൊണ്ടാണ് മൂന്ന് വയസ്സുകാരന് ഋഷി കപൂര്‍ സിനിമാ ലോകത്തേക്ക് പിച്ചവച്ചു കയറിയത്. മൂന്നാം വയസ്സു മുതല്‍ സിനിമ ജീവിതവും ജീവിതം സിനിമയുമായ മനുഷ്യന്. സിരകളില്‍ സിനിമ മാത്രം ഒഴുകിയ കപൂര്‍ സാമ്രാജ്യത്തിലെ കണ്ണി. ബോളിവുഡിന്റെ പ്രണയ രാജകുമാരന് അന്നും ഇന്നും എന്നും ഋഷി കപൂര്‍ എന്ന ഋഷി രാജ് കപൂര്‍ തന്നെ.
1970ലെ മേരാ നാം ജോക്കര്‍ എന്ന ചിത്രത്തില്‍ രാജ് കപൂറിന്റെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ട് വീണ്ടും അഭ്രപാളിയിലേക്ക്. ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയ, ഒരു രാജ് കപൂര്‍ മാഗ്നം ഒപസ്. പക്ഷെ, സാമ്പത്തികമായി വലിയ തോല്‍വി. ഒരിക്കല്‍ ഋഷി പറഞ്ഞു, എന്നെ നായകനാക്കാനാണ് അച്ഛന് ബോബി എന്ന ചിത്രമൊരുക്കിയതെന്ന് പലരും പറയാറുണ്ട്. എന്നാല്‍, സത്യം മറ്റൊന്നാണ്. മേരാ നാം ജോക്കര്‍ വരുത്തി വച്ച കടങ്ങള്‍ വീട്ടാനാണ് അച്ഛന് ബോബി എന്ന ചിത്രം നിര്‍മിച്ചത്.
അതെ അങ്ങനെ മേരാ നാം ജോക്കറിന്റെ ബോക്സ് ഓഫീസ് പരാജയം ഋഷി കപൂര്‍ എന്ന മഹാനടന്റെ ഉദയത്തിന് കാരണമായി. ഋഷി കപൂര്‍ ഡിംപിള്‍ കപാഡിയ കൗമാര ജോഡിയുടെ പ്രണയം സിനിമാ ടാക്കീസുകളെ പുളകം കൊള്ളിച്ചു. രാജ് കപൂറിന് വമ്പന്‍ ഹിറ്റും സമ്മാനിച്ചു. മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം വെറും പതിനെട്ടാം വയസ്സില്‍ ബോബിയിലെ പ്രകടനത്തിലൂടെ ഋഷി സ്വന്തമാക്കി.
ബോബിയിലെ ഹം തും ഏക് കമ്രേ മേ ബന്ധ് ഹോ… എന്ന ഗാനം യുവാക്കളുടെ ചുണ്ടുകളില്‍ ഇന്നുമുണ്ട്. പിന്നീട് താരജോഡികളെ തേടി നിരവധി ചിത്രങ്ങളെത്തിയെങ്കിലും രാജേഷ് ഖന്നയുമായുള്ള ഡിംപിളിന്റെ വിവാഹം അതിന് തടസ്സമായി. ബോബിയുടെ വിജയം താരമൂല്യമുള്ള നായകനായി ഋഷിയെ വളര്‍ത്തി. ഋഷിയുടെ ചോക്ളേറ്റ് ബോയ് ഇമേജ് പരമാവധി ഉപയോഗിക്കാന്‍ നിര്‍മാതാക്കള്‍ വരി നിന്നു. ഖേല്‍ ഖേല്‍ മേം(1975), റഫൂ ചക്കര്‍(1975), ഹം കിസി സേ കം നഹി(1977) തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നു.
വിനോദ് ഖന്ന, ഋഷി കപൂര്‍, അമിതാഭ് ബച്ചന് ത്രയത്തിന്റെ അമര്‍ അക്ബര്‍ ആന്റണി 1977ലെ ഏറ്റവും വലിയ ബോക്സ്ഓഫീസ് ഹിറ്റായിരുന്നു. പര്‍ദാ ഹേ പര്‍ദാ എന്ന ഹിറ്റ് ഗാനം പാടിയെത്തിയ ഋഷിയുടെ അക്ബര്‍ ഇന്നും സിനിമാ ആരാധകര്‍ക്ക് ഹരമാണ്. പ്രണയങ്ങളുടെ രാജകുമാരന് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അതേ പരിവേഷമായിരുന്നു. ഷോമ ആനന്ദ്, രണ്‍ജീത, നീതു സിങ് തുടങ്ങിയ നായികമാരുമായി ഓണ്‍സ്്ക്രീനിലും ഓഫ് സ്ക്രീനിലും ആ യുവാവ് പ്രണയം പങ്കുവച്ചു. ഖേല്‍ ഖേല്‍ മേം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നീതു സിങ്ങുമായി കൂടുതല്‍ അടുത്തു. 1980ല്‍ ഇരുവരും വിവാഹിതരായി. അതുവരെയുള്ള ഋഷിയായിരുന്നില്ല നീതു ജീവിതത്തിലേക്ക് കടന്നു വന്ന ശേഷം. ബോളിവുഡിലെ മികച്ച ദമ്പതികളായാണ് ഇരുവരും ഇക്കാലമത്രയും അറിയപ്പെട്ടത്. മക്കളായ റണ്‍ബീറും, റിദ്ദിമയും ജീവിതം കൂടുതല്‍ സുന്ദരമാക്കി.
എണ്‍പതുകളില്‍ ചോക്ക്ളേറ്റ് പരിവേഷത്തില്‍ നിന്ന് പുറത്തു വരാന്‍ ഋഷി കപൂര്‍ എന്ന നടന് ചില ശ്രമങ്ങള്‍ നടത്തി. സുഭാഷ് ഗായ്യുടെ 1980ല്‍ പുറത്തിറങ്ങിയ കര്‍സ്, 1986ല്‍ ഹേമ മാലിനി നായികയായി പുറത്തിറങ്ങിയ ഏക് ചാദര്‍ മൈലി സി എന്നീ ചിത്രങ്ങള്‍ അത്തരം ചില ശ്രമങ്ങളായിരുന്നു. എന്നാല്‍, രണ്ടായിരത്തില്‍ പുറത്തിറങ്ങിയ കാരോബാര്‍ എന്ന ചിത്രം വരെ തന്റെ ചോക്ക്ളേറ്റ് ബോയ് ഇമേജ് അദ്ദേഹത്തെ വിടാതെ തുടര്‍ന്നു. എന്നാല്‍ നിത്യ ഹരിത റൊമാന്റിക് ഹീറോ ഋഷി കപൂറിനെയല്ലാതെ 1989ല്‍ ശ്രീദേവി നായികയായി പുറത്തിറങ്ങിയ ചാന്ദിനിയില്‍ നമുക്ക് മറ്റാരെ സങ്കല്‍പ്പിക്കാനാകും. 1999ല്‍ ആ അബ് ലോട്ട് ചലെ എന്ന ചിത്രത്തിലൂടെ ആദ്യമായി സംവിധാന രംഗത്തേക്കും ഋഷി എത്തി. ഐശ്വര്യ റായിയും അക്ഷയ് ഖന്നയും നായികാ നായകന്മാരായ ചിത്രം പക്ഷെ ബോക്സ് ഓഫീസ് ഹിറ്റായില്ല.
രണ്ടായിരത്തോടെ സ്വഭാവ നടനിലേക്കുള്ള ഋഷിയുടെ ചേക്കേറലായിരുന്നു. ഹം തും, ഫനാ, ദില്ലി 6, തുടങ്ങി നിരവധി ചിത്രങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ദോ ദൂനി ചാര് എന്ന ചിത്രത്തില്‍ ഭാര്യ നീതു സിങ്ങിനൊപ്പം വീണ്ടും ബിഗ്സ്ക്രീന്‍ പങ്കിട്ടു. 2012ലെത്തിയ അഗ്നീപതിലെ റൗഫ് ലാല എന്ന വില്ലന്‍ വേഷത്തിലൂടെ വീണ്ടും പ്രേക്ഷകനെ ഞെട്ടിച്ചു. സ്റ്റുഡന്റ് ഓഫ് ദി ഇയറിലെ സ്വവര്‍ഗാനുരാഗിയായ പ്രഫസറുടെ റോളെടുത്ത് അണിയാനും മഹാ നടന് ഒട്ടും മടിച്ചില്ല.
യൗവനത്തില്‍ എഴുത്തുകാര്‍ തനിക്ക് തരാന്‍ മടിച്ച പല വ്യത്യസ്ത കഥാപാത്രങ്ങളും വാര്‍ധക്യത്തില്‍ അദ്ദേഹം മികവുറ്റതാക്കി. ഡി-ഡേയിലെ ദാവൂദ് ഇബ്രാഹിമും മുല്‍കിലെ മുസ്ലിം അഭിഭാഷകനും, കപൂര്‍ ആന്‍ഡ് സണ്‍സിലെ കുസൃതിക്കാരന്‍ മുത്തച്ഛനുമെല്ലാം ഉദാഹരണം. 2018ല്‍ 102 നോട്ട് ഔട്ട് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം വീണ്ടും ഒന്നിച്ചഭിനയിച്ചു. ബച്ചന്റെ 72കാരനായ മകനായി 102 നോട്ടൗട്ടില്‍ ഋഷി എത്തിയപ്പോള്‍ 20 വര്‍ഷത്തിന് ശേഷം വീണ്ടും ആസ്വാദകര്‍ ആ കെമിസ്ട്രി ആസ്വദിച്ചു.
സമൂഹമാധ്യമങ്ങളില്‍ എന്നും സജീവമായിരുന്ന അദ്ദേഹം, വിവാദങ്ങള്‍ക്ക് വഴിവച്ച പല പരാമര്‍ശങ്ങളും തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ നടത്തി. സഹതാരമായ വിനോദ്് ഖന്നയുടെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാതിരുന്ന യുവ തലമുറയെ ഒന്നടങ്കം പ്രത്യക്ഷമായി ശകാരിച്ചു. തന്റെ രാഷ്ട്രത്തെയോ ജീവിത ശൈലിയെയോ കളിയാക്കുന്നവരെ ഹാന്‍ഡിലില്‍ നിന്ന് ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഒടുവില്‍ ഏപ്രില്‍ രണ്ടിന് കൊറോണ പോരാട്ടത്തിന് ഏവരും ഒരുമിച്ച് നില്‍ക്കണമെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ തന്നെ പിന്തുടരുന്നവരോട്് അവസാനമായി ആവശ്യപ്പെട്ടു.
അച്ഛന് രാജ് കപൂറിന്റെയും മുത്തച്ഛന് പൃഥ്വിരാജ് കപൂറിന്റെയും പാത പിന്തുടര്ന്ന്, മകന് റണ്‍ബീര്‍ കപൂറിന് ബാറ്റണ്‍ കൈമാറിയാണ് അദ്ദേഹം വിടവാങ്ങുന്നത്. ബച്ച്നാ ഏ ഹസീനോ എന്ന് പാടി പ്രേക്ഷക മനസ്സുകളില്‍ ചേക്കേറിയ നായകന് കാലയവനികയില്‍ മറഞ്ഞെങ്കിലും എന്നും നമുക്കൊപ്പമുണ്ടാകും, പ്രണയത്തിന്റെ രാജകുമാരനായി. ഒരിക്കലും മായാതെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: