സുബിമല്‍ ചുനി ഗോസ്വാമി കാലത്തെയും കാല്പന്തുകളിയെയും ത്രസിപ്പിക്കുന്ന കഥയായി മാറിയിരിക്കുന്നു. ഫുട്ബോള്‍ പ്രാണവായുവായിരുന്ന കിഷന്‍ഗഞ്ചിലെ ചെറിയ മൈതാനങ്ങളില്‍ കാലുറപ്പിച്ച് നടക്കും മുമ്പ് കാല്പന്തുകളിയെ പ്രണയിച്ചവനാണ് മറയുന്നത്. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ഇങ്ങനെയൊരാള്‍ വേറെയുണ്ടാവില്ല. രാജ്യത്തെ കോടാനുകോടി കായികപ്രേമികളെ ആവേശത്തിലാഴ്ത്തിയ കളിമൈതാനങ്ങളില്‍ ഇരട്ടവേഷത്തില്‍ അവതരിച്ച ഒരാള്‍. ഫുട്ബോളിലും പിന്നെ ക്രിക്കറ്റിലും ഒരുപോലെ നക്ഷത്രമായി മിന്നിയവന്‍.
അക്കാലം ഏഷ്യന്‍ ഫുട്ബോള്‍ വംഗനാടിന്റെ മൈതാനങ്ങളില്‍ വിരിയുന്ന വസന്തമായിരുന്നു. ഗീത പഠിക്കാന്‍ ഫുട്ബോള്‍ കളിക്കുന്നതാവും നല്ലതെന്ന് ആരോഗ്യവും ക്ഷാത്രവീര്യവുമുള്ള മനസ്സിനെ പാകപ്പെടുത്താന്‍ ആഹ്വാനം ചെയ്ത സ്വാമിവിവേകാനന്ദന്റെ മണ്ണ്. മോഹന്ബഗാന് ലോകമാകെ പ്രശസ്തമായ കളിക്കൂട്ടമായിരുന്നു അന്ന്. കുട്ടികളുടെ ബഗാന്, കൗമാരക്കാരുടെ ബഗാന്, യുവാക്കളുടെ ബഗാന് എന്നിങ്ങനെ പല പല കളിയരങ്ങുകള്‍. കിഷന്‍ഗഞ്ചിലെ എട്ടുവയസ്സുകാരന് സുബിമല്‍ അന്നേ നടന്നു കയറിയതാണ് ബഗാന്റെ തട്ടകത്തില്‍. ഒരിക്കലും പിരിയാതെ ഒറ്റ ക്ലബിന് വേണ്ടി മാത്രം ബൂട്ടണിയുമെന്ന പ്രതിജ്ഞയുമായി.
1946ലാണ് ഗുരു സിബ്ദാസ് ബാനര്‍ജിയുടെ കരം പിടിച്ച് ബഗാന്റെ മൈതാനത്ത് സുബിമല്‍ പന്ത് തട്ടി തുടങ്ങിയത്. 1954ല്‍ സീനിയര്‍ ബഗാന് വേണ്ടി കുപ്പായമണിയുമ്പോള്‍ സുബിമലിനെ കാത്തുനിന്നത് കാല്പന്തുകളിയിലെ സൂപ്പര്‍ താര പദവിയായിരുന്നു. മുന്‍നിരയിലും മധ്യനിരയിലും കയറിയുമിറങ്ങിയും പ്ലേമേക്കറായി സുബിമല്‍. 1958ല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി. ചൈനീസ് ഒളിമ്പിക് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ച പ്രദര്‍ശന മത്സരം, പിന്നെ ബര്‍മയ്ക്കെതിരെ അരങ്ങേറ്റം. രണ്ടിനെതിരെ മൂന്ന് ഗോളിന് ബര്‍മയെ തുരത്തുേമ്പോള്‍ അതിലൊരു ഗോള്‍ സുബിമലിന്റെ ബൂട്ടില്‍ നിന്ന് പിറന്നതായിരുന്നു. ബഗാന്റെ കോട്ടയിലെ കുന്തമുനയെ റാഞ്ചാന്‍ ലോകത്തെ വമ്പന്‍ ക്ലബുകള്‍ വട്ടമിട്ടു പറന്ന കാലമായിരുന്നു അത്. ഇംഗ്ലീഷ് ഫുട്ബോളിലെ വമ്പന്മാരായ ടോട്ടന്‍ഹാം പല കുറി സുബിമലിന്റെ വാതിലില്‍ മുട്ടി. എന്നാല്‍ എട്ടാംവയസ്സില്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച് തന്നെ വലുതാക്കിയ ബഗാന്റെ മൈതാനം വിട്ടുപോകാന്‍ അവന് തയ്യാറായില്ല.
സുബിമല്‍ ചുനി ഗോസ്വാമി അമരം നിയന്ത്രിച്ച കാലം ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലമായിരുന്നു. ലോകകായികഭൂപടത്തില് ഇന്ത്യന്‍ ഫുട്ബോളിന് താരശോഭ ഉണ്ടായിരുന്ന കാലം. ചുനിഗോസ്വാമി, പി.കെ.ബാനര്‍ജി, തുളസിദാസ്ബല്‍റാം ത്രയം മൈതാനങ്ങളില്‍ വിസ്മയം തീര്‍ത്ത കാലം. 1962ല്‍ ജക്കാര്‍ത്ത ഏഷ്യന്‍ഗെയിംസ് ഫുട്ബോളിന്റെ ഫൈനലില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തറപറ്റിച്ച് സ്വര്‍ണമെഡല്‍ കഴുത്തിലണിയുമ്പോള്‍ ചുനിഗോസ്വാമി രാജ്യത്തിന്റെ സ്വപ്നങ്ങള്‍ക്ക് സുവര്‍ണശോഭ പകരുകയായിരുന്നു. ഗെയിംസില്‍ പിറന്ന ഗോളുകള്‍ക്ക് പിന്നിലെ സൂത്രധാരനെ ലോകം തിരിച്ചറിഞ്ഞു. 62ല്‍ ഏഷ്യയിലെ ഏറ്റവും മികച്ച സ്ട്രൈക്കറായി ചുനി ഗോസ്വാമി. 1964ലെ ഏഷ്യാകപ്പില്‍ റണ്ണര്‍അപ്പായിരുന്നു ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഇന്ത്യ.
ഇന്ത്യന്‍ കായികലോകം സുബിമലിനായി, അവന്റെ വിജയവഴികള്‍ക്കായി ആര്‍പ്പുവിളികളോടെ കാത്തുനിന്ന കാലമായിരുന്നു. എട്ടാം വയസ്സില്‍ കെട്ടിയ ബൂട്ട് സുബിമല്‍ പക്ഷേ വെറും ഇരുപത്തേഴ് വയസ്സുള്ളപ്പോള്‍ അഴിച്ചു. ബഗാന്റെ മൈതാനത്തോട് അപ്രതീക്ഷിതമായി വിട പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോള്‍ യശസ്സിന്റെ കൊടുമുടിയില്‍ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു.
ചുനിഗോസ്വാമിയുടെ കളം മാറി. ഡ്രിബ്ലിങിലൂടെയും കൃത്യതയാര്‍ന്ന പാസുകളിലൂടെയും കരുത്തുള്ള കിക്കുകളിലൂടെയും ഗാലറികളെ ഇളക്കിമറിച്ച ചുനി ഗോസ്വാമി ബംഗാളിന്റെ ക്രിക്കറ്റ് മൈതാനങ്ങള്‍ക്ക് തീപിടിപ്പിക്കുകയായിരുന്നു പിന്നീട്. 1973 വരെ ബംഗാള്‍ ക്രിക്കറ്റിന്റെ ഭാഗമായി കളം നിറഞ്ഞു. 1966ല്‍ സാക്ഷാല്‍ ഗാരി സോബേഴ്സിന്റെ വെസ്റ്റിന്‍ഡീസിനെ പിടിച്ചുകെട്ടിയത് സുബിമലിന്റെ സ്പെല്ലുകളായിരുന്നു. വെസ്റ്റിന്‍ഡ്യന്‍ കരുത്തിന്റെ എട്ടുവിക്കറ്റുകളാണ് സുബിമല്‍ അന്ന് പിഴുതെറിഞ്ഞത്. 1971-72 കാലത്ത് ബംഗ്ലാ രഞ്ജിടീമിന്റെ നായകനായിരുന്നു ചുനി ഗോസ്വാമി. കളിക്കളത്തിലെ കരിയറിന് ഇങ്ങനെയൊരു അവസാനം ലോകത്ത് തന്നെ മറ്റാര്‍ക്കെങ്കിലും ഉണ്ടാകാനിടയില്ല. എട്ടാം വയസ്സില്‍ മോഹന്‍ബഗാന്റെ മൈതാനത്ത് പന്ത് തട്ടി തുടങ്ങിയ ചുനി ഗോസ്വാമി ബ്രാബണ്‍ സ്റ്റേഡിയത്തില്‍ പാഡഴിച്ചു. രഞ്ജി ഫൈനലില്‍ കരുത്തരായ ബോംബെയോടായിരുന്നു തോല്‍വി.
1977ലാണ് ഒരു പ്രദര്‍ശനമത്സരത്തിന് ശേഷം സാക്ഷാല്‍ പെലെയുമായി സുബിമല്‍ രണ്ടര മണിക്കൂര്‍ നേരം സംസാരിച്ചു. ആദരവായിരുന്നു പെലെയ്ക്ക് സുബിമലിനോട്. സുബിമലിനാകട്ടെ ആരാധനയും. വര്‍ഷം 38 കഴിഞ്ഞു. 2015ല്‍ കൊല്‍ക്കത്തയിലെത്തിയ പെലെ ചുനി ഗോസ്വാമിയെ പഴയ ആദരവോടെ കെട്ടിപ്പുണര്‍ന്നു. മറക്കുന്നതെങ്ങനെ എന്ന് ചോദിച്ചു.
ഒരു കാലം മറയുകയാണ്. ലോകഫുട്ബോള്‍ ഭൂപടത്തില്‍ എന്തെങ്കിലും ആയിത്തീരാന്‍ ഇന്ത്യന്‍ യുവത്വം കിതയ്ക്കുന്ന ഈ കാലത്തുനിന്നാണ് സുബിമല്‍ ചുനി ഗോസ്വാമിയെന്ന കിഷന്‍ഗഞ്ചുകാരന്‍ ചരിത്രമായി മാറുന്നത്. പഠിക്കാന്‍ ഏറെയുള്ള ചരിത്രം. ഒരുപാട് കഥകള്‍ ബാക്കീവെച്ച് സുബിമല്‍ മറയുന്നു. ഇന്ത്യന്‍ കാല്പന്തുകളിയുടെ ചരിത്രരേഖകളില്‍ ചുനിഗോസ്വാമിയുടെ ഇടം പെലെ ചൂണ്ടിക്കാട്ടിയതാണ്. മറക്കുന്നതെങ്ങനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: