സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍വീസ് സംഘടനകളെ സംബന്ധിച്ച് ഇത് നിര്‍ണായക കാലമാണ്. സര്‍ക്കാരിനെ സംബന്ധിച്ച് ആസന്നമരണകാലമാണെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. രാഷ്‌ട്രീയ കൊറോണ ബാധിച്ച പിണറായി സര്‍ക്കാര്‍ അന്താരാഷ്‌ട്ര പ്രശസ്തിക്കുള്ള പരിശ്രമങ്ങളില്‍ സ്വയംപ്രതിരോധം മാത്രമല്ല, സ്വന്തം സംഘടനയുടെ ആശയാടിത്തറ പോലും തല്ലിത്തകര്‍ക്കുകയാണ്.
കൊറോണ വൈറസ് ലോകത്തെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ മരണത്തോത് കൂടിക്കൊണ്ടുതന്നെ. ഇറ്റലിയുടെയും ഇറാന്റെയും ചൈനയുടെയും ഒക്കെ യഥാര്‍ഥ അവസ്ഥ പുറത്തുവരാന്‍ കാത്തിരിക്കണം. കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കൊറോണബാധ കുറവാണെന്നും സാമ്രാജ്യത്വ-മുതലാളിത്ത വിരുദ്ധ യുദ്ധമായി കൊറോണയെ വ്യാഖ്യാനിക്കണമെന്നുമൊക്കെ ചിലര്‍ ‘രണ്ടാം ലെനിനായി’ സ്വയം അവതരിച്ച് പാര്‍ട്ടി ക്ലാസെടുക്കുന്നു. ‘രണ്ടാം മുണ്ടശേരി’യായി വിദ്യാഭ്യാസ പരിഷ്‌കരണത്തിനിറങ്ങി മൂക്കുകുത്തി വീണ എം.എ. ബേബി, കാള്‍ മാര്‍ക്സിന്റെ മൂലധനത്തിന് പുതിയ വ്യാഖ്യാനം നല്‍കി പരിഹാസ്യനാകുന്ന ഡോ. തോമസ് ഐസക്, ഗോര്‍ബച്ചേവിനേക്കാള്‍ മികച്ച കമ്യൂണിസ്റ്റ് പരിഷ്‌കാരകനാകാന്‍ ഇറങ്ങി, മോദിയാകാന്‍ പരിശ്രമിച്ച്, കേജ്രിവാളിന്റെ ഡ്യൂപ്പായി പതിച്ച പിണറായി വിജയന്‍ എന്നിങ്ങനെ വിവിധ വേഷത്തില്‍ കേരളത്തില്‍ നേതാക്കള്‍ കൊറോണയെ ചിരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാന ജനതയെ കരയിപ്പിച്ചും.
അതിനിടെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിത്തം. കോടതി സ്റ്റേ ചെയ്തു. ഓര്‍ഡിനന്‍സ്വഴി പിടിക്കുമെന്ന് ധനമന്ത്രി. പ്രളയകാലത്ത് തോറ്റു തുന്നം പാടിയതാണ്. പിന്നെയും തോല്‍ക്കാന്‍ ചന്തുവായത് വിചിത്രം. ശമ്പളം പിടിക്കലിന് തീരുമാനിച്ചു. അതെങ്ങനെ വേണമെന്നു പോലും നിശ്ചയിക്കാത്ത ധൃതിപിടിച്ച തീരുമാനം എന്തിനായിരുന്നു. എന്താണ് ആവശ്യം എന്ന് ബോധ്യപ്പെടുത്തിയിട്ടില്ലെന്നാണ് കോടതി പറഞ്ഞത്. അതിലും വിചിത്രം, ഒരു ധനമന്ത്രിക്കും സംസ്ഥാന മന്ത്രിസഭയ്‌ക്കും, ഏതു സമയവും നടപ്പാക്കാവുന്ന കാര്യമാണ് ഈ പിടിക്കല്‍. അതിനപ്പുറം പുതിയ ധന ശേഖരണ മാര്‍ഗം കണ്ടെത്തുന്നതാണ് തലയും തന്ത്രവും ഉപയോഗിച്ചുള്ള പ്രവര്‍ത്തനം.
സമവായ മാര്‍ഗത്തില്‍, സര്‍വരുമായി ചര്‍ച്ചകള്‍ നടത്തി, മറ്റെല്ലാ മാര്‍ഗത്തിലും കിട്ടിയ പണം വിനിയോഗിച്ച് പോരാതെ വരുമ്പോള്‍ ശമ്പളം പിടിത്തം അതിനൊരു അന്തസുണ്ടായിരുന്നു. വിവാദമില്ലാതെ നടപ്പാക്കാമായിരുന്നു. ദുരിത നിവാരണത്തിന് ശമ്പളം കൊടുക്കാനൊന്നും അത്രയ്‌ക്ക് ഗതിമുട്ടില്ലെങ്കില്‍ ആരും വിയോജിക്കില്ല. ഇതിപ്പോള്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയത്തെ, സിപിഎം രാഷ്‌ട്രീയത്തെ പോഷിപ്പിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നവര്‍ പോലും എതിര്‍ക്കുന്നു. ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ ഈ സര്‍ക്കാരിന്റെ ഉച്ചിക്കുവെച്ച കൈകൊണ്ട് ഉദകക്രിയയും ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. കാരണം ആത്മാവ് നശിച്ച ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ വാദിക്കാനും വിശദീകരിക്കാനുമാകാതെ, നിലനില്‍പ്പില്ലാത്ത ചതുപ്പില്‍ താഴുകയാണ്.
ഇടതുപക്ഷ സര്‍വീസ് സംഘടനകളെ കടമകളെക്കുറിച്ച് പഠിപ്പിക്കാതെ അവകാശ സമരങ്ങള്‍ പഠിപ്പിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. അവരില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പങ്ക് വലുതാണ്. എന്‍ജിഒ യൂണിയന്‍ എന്ന സംഘടനാ പ്രസ്ഥാന സംവിധാനം സര്‍വീസ് മേഖലയില്‍ ഉണ്ടാക്കിയ കെടുതികളും ചേതങ്ങളും ചെറുതല്ല. പക്ഷേ, അതെല്ലാം അവരെത്തന്നെ ആഞ്ഞുകൊത്തുകയാണിപ്പോള്‍. കുറച്ച് പിന്നിലേക്കു പോകാം. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു-സിപിഐ (എം) എന്ന എണ്ണത്തില്‍ ന്യൂനപക്ഷമായ പാര്‍ട്ടിയംഗങ്ങള്‍ ചേര്‍ന്നുണ്ടാക്കിയ സംഘടനയെ കിഴുക്കിയിരുത്തി സിപിഐയുടെ സര്‍ക്കാര്‍ സംസ്ഥാനത്ത് വന്നു. അതിന്റെ രാഷ്‌ട്രീയ വഴികളും വഴിത്തിരിവും എല്ലാവര്‍ക്കും അറിയാം. ഇഎംഎസിന്റെ സര്‍ക്കാര്‍ വീണപ്പോള്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായി. രണ്ടു ഘട്ടത്തിലായി ഒമ്പതുവര്‍ഷം ഭരിച്ചു. മാര്‍ക്സിസ്റ്റുകള്‍ക്ക് അച്യുതമേനോന്‍ സര്‍ക്കാര്‍ കമ്യൂണിസ്റ്റ് ഭരണമല്ലായിരുന്നു, വലതരുടെ ഭരണമായിരുന്നുവല്ലോ.
ഇനി ശമ്പളം പിടിക്കല്‍ നയമാക്കിയ പിണറായി സര്‍ക്കാരിന്റെ, മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രത്തിന്റെ, കാപട്യവും മലക്കം മറിയലും, ആത്മനാശത്തിലേക്കുള്ള കുതിപ്പും സംബന്ധിച്ച് പറയാം. സര്‍വീസ് സംഘടനകള്‍ക്ക് അച്യുതമേനോന്‍ സര്‍ക്കാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില പ്രവര്‍ത്തന ചട്ടങ്ങള്‍ കൊണ്ടുവന്നു. കടുത്ത എതിര്‍പ്പുമായി മാര്‍ക്സിസ്റ്റ് സര്‍വീസ് സംഘടനകള്‍ വന്നു. അവര്‍ പെന്‍ഡൗണ്‍ സ്ട്രൈക്ക് പ്രഖ്യാപിച്ചു. ഹാജര്‍ ഒപ്പിടും, ഫയല്‍ വെച്ചുവൈകിക്കും, ജോലി ചെയ്യില്ല. അങ്ങനെ നിസ്സഹകരണ സമരത്തിന് ആഹ്വാനം ചെയ്തത് അച്യുതമേനോനോട് കൊതിക്കെറുവു മൂത്ത ഇഎംഎസ് ആയിരുന്നു. ഇതേത്തുടര്‍ന്ന് അച്യുതമേനോന്‍ ഡയസ്നോണ്‍ നടപ്പാക്കി. പണിയെടുത്തില്ലെങ്കില്‍ ശമ്പളമില്ല. ലെനിന്‍ 1917ല്‍ അധികാരത്തില്‍ വന്നപ്പോള്‍, സ്വന്തം തത്ത്വശാസ്ത്രങ്ങള്‍ പ്രയോഗത്തില്‍ പരാജയപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ക്ക് നടപ്പാക്കിയ നിയമമായിരുന്നു ഡയസ്നോണ്‍. പണിയെടുത്തില്ലെങ്കില്‍ ശമ്പളമില്ല. എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശമ്പളം നിഷേധിക്കുന്ന സര്‍ക്കാരിനെതിരേ 56 ദിവസം സമരം നടത്തി. അതുള്‍പ്പെടെ ഒമ്പതുവര്‍ഷത്തില്‍ അച്യുതമേനോന്റെ ‘വലത്’ സര്‍ക്കാരിതിരേ 96 ബന്ദുകളാണ് മാര്‍ക്സിസ്റ്റുകള്‍ നടത്തിയത്. പില്‍ക്കാലത്ത് നായനാര്‍ സര്‍ക്കാര്‍ രണ്ടാം തവണ അധികാരത്തിലേറിയപ്പോഴാണ് ‘ഡയസ്നോണ്‍’ നിയമം പിന്‍വലിച്ചത്.
ഇപ്പോള്‍, ജീവനക്കാരുടെ ‘അവകാശങ്ങള്‍’ ചോദിച്ച്, അനുമതിയോടെ വാങ്ങാമെന്നിരിക്കെ പിടിച്ചെടുക്കുകയും ഓര്‍ഡിനന്‍സിലൂടെ കൈക്കലാക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണ്. സ്വന്തം തത്ത്വശാസ്ത്രത്തിന്റെ ഉടുതുണി അഴിക്കുകയാണ്. സര്‍വീസ് സംഘടനകള്‍ ഭരണകക്ഷിയുടെ ചട്ടുകങ്ങളും ചാവേറുകളും ആയി മാറുമ്പോള്‍ അണികള്‍ക്ക് മുന്നില്‍ നിവര്‍ന്നു നില്‍ക്കാന്‍ നേതാക്കള്‍ക്കാവാതെ വരും. അവര്‍ ചതുപ്പിലേക്ക് താണുതാണു പോകും. വരട്ടു തത്ത്വമായാലും വാദിച്ചു നില്‍ക്കാനറിയാമായിരുന്ന ഒരാളുണ്ടായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്. അദ്ദേഹത്തെക്കുറിച്ച് സിപിഐ നേതാവായ എന്‍.ഇ. ബലറാം നടത്തിയ പ്രവചനം ഏറെക്കുറേ ശരിയാകുന്നു. ”നമ്പൂതിരിപ്പാടിനെപ്പോലൊരു ജാലവിദ്യക്കാരന്റെ കാലം കഴിഞ്ഞ് പത്തുപന്ത്രണ്ട് വര്‍ഷം കഴിയുന്നതോടെ ഈ സംഘടനയ്‌ക്ക് സ്വാഭാവിക അന്ത്യം സംഭവിച്ചിരിക്കും” എന്നാണ് സിപിഐ സ്റ്റഡി ക്ലാസുകളില്‍ ബലറാം പറഞ്ഞിരുന്നത്. ഇഎംഎസ് മരിച്ച് 22 വര്‍ഷമാകുന്നു. കാര്യങ്ങള്‍ നേതാക്കള്‍ക്കറിയാം, അണികള്‍ കണ്ടേ അറിയൂ എന്ന ശാഠ്യക്കാരാണ്, അനുഭാവികള്‍ കളം മാറ്റിച്ചവിട്ടാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: